തിരുവനന്തപുരം: നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ അച്ഛനെ മകളുടെ മുന്നിൽവെച്ച് പൊലീസ് അധിക്ഷേപിച്ച സംഭവം വിവാദമായി. കളളിക്കാട് സ്വദേശി സുദേവനെയാണ് പൊലീസ് സ്റ്റേഷനിൽവെച്ച് അധിക്ഷേപിച്ചത്. സുദേവനെ അധിക്ഷേപിച്ച് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പരാതിക്കാരനോട് മോശമായി പെരുമാറിയ എ.എസ്.ഐയെ ഡിജിപി ഇടപെട്ട് സ്ഥലംമാറ്റി.
കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയ സുദേവനോടാണ് നെയ്യാർ ഡാം പൊലീസ് മോശമായി പെരുമാറിയത്. ആദ്യം നൽകിയ പരാതിയിൽ തുടർ നടപടിയുണ്ടാകാതായതോടെയാണ് സുദേവൻ വീണ്ടും സ്റ്റേഷനിലെത്തിയത്. ഈ സമയത്താണ് മകളുടെ സാനിധ്യത്തിൽ അധിക്ഷേപത്തിന് ഇരയായത്.
ഞായറാഴ്ചയാണ് സുദേവൻ ആദ്യം പരാതി നൽകിയത്. അന്ന് പൊലീസ് വിവരങ്ങൾ തേടി. എന്നാൽ കേസിൽ തുടർനടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് വീണ്ടും സുദേവൻ സ്റ്റേഷനിലെത്തിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനിടെ ഗ്രേഡ് എസ്എഐ ഗോപകുമാർ സുദേവനോട് തട്ടിക്കയറി.
മദ്യപിച്ചുവെന്ന് ആരോപിച്ചാണ് പൊലീസ് തന്നെ അധിക്ഷേപിച്ചതെന്നു സുദേവൻ പറയുന്നു. ദൃശ്യങ്ങൾ സമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് മേധാവി തന്നെ ഇടപെട്ടത്. സുദേവനെ അധിക്ഷേപിച്ച ഗ്രേഡ് എഎസ്ഐ ഗോപകുമാറിനെ അടിയന്തിരമായി സ്ഥലമാറ്റി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ ഡിഐജിയെ ചുമതലപ്പെടുത്തി. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.