കൊല്ലം: അഞ്ചലില്‍ കഴിഞ്ഞ മാസം പോലീസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ പ്രധാനി അറസ്റ്റില്‍. പാലക്കാട് മലമ്പുഴ കടുക്കംകുന്നം തനിക്കല്‍ ഹൗസില്‍ നിക്ക് ആകാശ് (24) ആണ് പിടിയിലായത്. കുഴിമന്തി പാചകവിദഗ്ദനായ നിക്ക് ആകാശിനെ തിരുവനന്തപുരത്തെ ബേക്കറിയിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം ഒന്‍പതാംതീയതി അഞ്ചല്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപമുള്ള മത്തായി ലോഡ്ജില്‍ നിന്നും പോലീസ് എംഡിഎംഎയും കഞ്ചാവുമടക്കം മയക്കുമരുന്ന് പിടികൂടിയിരുന്നു. കേസില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ അടക്കം മൂന്നംഗ സംഘത്തെയും പോലീസ് അന്ന് അറസ്റ്റ് ചെയ്തിരുന്നു. അന്ന് പ്രതികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടിയിലായവര്‍ക്ക് ബംഗല്ലൂരില്‍ നിന്നും മയക്കുമരുന്ന് എത്തിച്ചു നല്കുന്ന പ്രധാനി നിക്ക് ആകാശ് ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ച പോലീസ് കഴിഞ്ഞ ദിവസം തിരുവനന്തപുരം കുമാരപുരത്തുള്ള ബേക്കറിയില്‍ നിന്നും പിടികൂടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ആറുമാസത്തോളം ഇയാള്‍ അഞ്ചലില്‍ കുഴിമന്തി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. മികച്ച പാചകക്കാരന് കൂടിയായ ഇയാള്‍ പ്രതിദിനം ആയിരത്തിഅഞ്ഞൂറ് രൂപയില്‍ അധികം ശമ്പളം വാങ്ങുന്ന ഒരാളാണ്. ഇടയ്ക്കിടെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും മുങ്ങുകയും മയക്കുമരുന്ന് കടത്തുകയുമാണ് ഇയാളുടെ പതിവ്. അന്തര്‍സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണ് നിക്ക് ആകാശ്.
കിളിമാനൂര്‍ എക്സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസര്‍ കോട്ടുക്കല്‍ ഉതിയന്‍കോട്ട് വീട്ടില്‍ അഖില്‍ (28), അഞ്ചല്‍ തഴമേല്‍ ഹനീഫ മന്‍സിലില്‍ ഫൈസല്‍ ബെന്ന്യാന്‍ (26), ഏരൂര്‍ കരിമ്പിന്‍കോണം വിളയില്‍ വീട്ടില്‍ അല്‍ സാബിത്ത് (26) എന്നിവരാണ് കഴിഞ്ഞ മാസം മയക്കുമരുന്നുമായി പിടിയിലായത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ തെളിവെടുപ്പുകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. അഞ്ചല്‍ എസ്എച്ച്ഒ, കെ.ജെ ഗോപകുമാര്‍, എസ്ഐ പ്രജീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് കുമാര്‍, സവില്‍ പോലീസ് ഓഫീസര്‍മാരായ ദീപു, പ്രിന്‍സ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kollam, MDMA