• HOME
  • »
  • NEWS
  • »
  • crime
  • »
  • POLICE ARRESTED BUSINESSMAN FOR ALLEGEDLY BUYING A SEVEN YEAR OLD CHILD PARENTS ALSO NABBED

ഏഴുവയസുകാരിയെ പത്തുലക്ഷം രൂപയ്ക്ക് വിറ്റെന്ന് പരാതി; മാതാപിതാക്കളും 'വാങ്ങിയ' വ്യവസായിയും അറസ്റ്റിൽ

കുട്ടിയുടെ അമ്മുമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

news18

news18

  • Share this:
    സേലം: മാതാപിതാക്കളിൽ നിന്നും ഏഴുവയസുകാരിയെ 'വാങ്ങിയ' വ്യവസായി അറസ്റ്റിൽ. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളും അറസ്റ്റിലായിട്ടുണ്ട്. വ്യവസായി ആയ കൃഷ്ണൻ എന്നയാളെയും പെൺകുട്ടിയുടെ മാതാപിതാക്കളെയും സേലം സിറ്റി പൊലീസാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മുമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തന്‍റെ ചെറുമകളെ മകൾ പത്തുലക്ഷം രൂപയ്ക്ക് വിറ്റു എന്നാരോപിച്ചാണ് മുത്തശ്ശി പൊലീസിനെ സമീപിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ഇടപെട്ട് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. നിലവിൽ ശിശുസംരക്ഷണ സമിതിയുടെ ചുമതലയിലാണ് കുട്ടിയുള്ളത്.

    സേലം സിറ്റി പൊലീസ് കമ്മീഷണർ സന്തോഷ് കുമാർ പറയുന്നതനുസരിച്ച് കൃഷ്ണന്‍റെ വീട്ടിലെ ജോലിക്കാരിയായിരുന്നു പെൺകുട്ടിയുടെ അമ്മ. കഴിഞ്ഞ രണ്ട് വർഷമായി ഇവർ ഇവിടെ ജോലി നോക്കുന്നുണ്ട്. സമ്പന്നനായ ഒരു വ്യവസായി ആണ് 53കാരനായ കൃഷ്ണൻ. നഗരത്തിലെ അറിയപ്പെടുന്ന ഒരു ക്ലബിലെ അംഗം കൂടിയായ ഇയാൾ കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഭാര്യയുമായി പിരിഞ്ഞിരുന്നു.

    Also Read-ലോക്ക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട യുവാവ് ലൈംഗിക തൊഴിലാളിയായി; വിവാഹമോചനം തേടി ഭാര്യ

    ഏഴുവയസുകാരിയുടെ പിതാവ് മദ്യത്തിന് അടിമയാണ്. ഇയാൾക്ക് സ്ഥിരവരുമാനം ഇല്ലാത്തതിനാൽ വീട്ടുകാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്നത് കുട്ടിയുടെ അമ്മയായിരുന്നു. 'വിറ്റ' മകളെ കൂടാതെ പത്ത് വയസുകാരിയായ ഒരു മകളും ആറുവയസുള്ള മകനും ഇവർക്കുണ്ട്.

    ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് പൊലീസിന് പെൺകുട്ടിയുടെ മുത്തശ്ശിയുടെ കോൾ ലഭിക്കുന്നത്. തന്‍റെ മകൾ അവളുടെ ഏഴുവയസുകാരിയായ മകളെ കൃഷ്ണൻ എന്നയാൾക്ക് പത്ത് ലക്ഷം രൂപയ്ക്ക് വിറ്റു എന്നായിരുന്നു ഇവർ ആരോപിച്ചത്. 'ഞങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി ആരോപണത്തെക്കുറിച്ച് അന്വേഷിച്ചു. പെൺകുട്ടി കഴിഞ്ഞ ആറേഴ് മാസമായി കൃഷ്ണനൊപ്പമാണ് കഴിഞ്ഞ് വന്നിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ കുട്ടിയെ പണം വാങ്ങി കൈമാറിയതാണെന്നതിന് തെളിവുകളൊന്നുമില്ല. കുട്ടിക്ക് മികച്ച വിദ്യാഭ്യാസം നൽകാമെന്ന് കൃഷ്ണൻ പറഞ്ഞിരുന്നു എന്നാണ് അമ്മ പറയുന്നത്. ഞങ്ങൾ കുട്ടിയെ രക്ഷപ്പെടുത്തി ശിശുസംക്ഷണ സമിതിക്ക് കൈമാറി' എന്നാണ് കമ്മീഷണർ അറിയിച്ചത്.



    സംഭവത്തിൽ പണമിടപാട് നടന്നിട്ടുണ്ട് എന്നതിന് നിലവിൽ തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ അമ്മയുടെ സഹോദരി കൃഷ്ണനിൽ നിന്നും ഒന്നരലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ ഇതിന് മാസം പലിശ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ തുക വായ്പ വാങ്ങിയതാണെന്നാണ് കരുതുന്നത്. അല്ലാതെ മറ്റ് തരത്തിലുള്ള സാമ്പത്തിക ഇടപാടുകളൊന്നും കണ്ടെത്താനായില്ല എന്നും കമ്മീഷണർ വ്യക്തമാക്കി.

    ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടോ എന്നതടക്കം ഒരു കാര്യവും കുട്ടി ഇതുവരെ പറഞ്ഞിട്ടില്ല. വളരെ ചെറിയ കുട്ടിയായതു കൊണ്ട് തന്നെ ചൈൽഡ് സൈക്കോളജിസ്റ്റുകളുടെയും ഈ മേഖലയിൽ പരിചയ സമ്പത്തുള്ള എൻജിഒകളുടെയും സഹായത്തോടെ കാര്യങ്ങൾ മനസിലാക്കിയെടുക്കാനാണ് ശ്രമിക്കുന്നത്. കുട്ടിയിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള വെളിപ്പെടുത്തലുകൾ ഉണ്ടായാൽ അതനുസരിച്ച് മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. പ്രതിക്കെതിരെ പോക്സോ അടക്കം കേസുകൾ ചുമത്തുകയും ചെയ്യുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
    Published by:Asha Sulfiker
    First published:
    )}