• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | പന്തല്‍ പണിക്കാരനായി വീടുകളിലെത്തി മോഷണം; സ്റ്റേഷനില്‍ പരിപാടിക്ക് വിളിച്ച് പണികൊടുത്ത് പോലീസ്

Arrest | പന്തല്‍ പണിക്കാരനായി വീടുകളിലെത്തി മോഷണം; സ്റ്റേഷനില്‍ പരിപാടിക്ക് വിളിച്ച് പണികൊടുത്ത് പോലീസ്

ഇരുപതോളം വീടുകളിൽ നിന്നും മണ്ഡപങ്ങളിൽ നിന്നുമായി നൂറിലേറെ പാത്രങ്ങളും വസ്തുക്കളും ഇയാൾ മോഷ്ടിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

  • Share this:
വിവാഹ വീടുകളിൽ നിന്നും കല്യാണ മണ്ഡപങ്ങളിൽ നിന്നും പന്തൽ പണിക്കാരന്‍റെ വേഷത്തിലെത്തി പാത്രങ്ങളും വിലകൂടിയ വസ്തുക്കളും കവർച്ച ചെയ്തു മറിച്ചു വിൽക്കുന്ന മോഷ്ടാവ് അറസ്റ്റിൽ. പാലക്കാട് കല്ലേക്കാട്‌ മേപ്പറമ്പ്‌ വാരിയംപറമ്പ്‌ സ്വദേശി രമേഷിനെയാണു വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്.

തട്ടിപ്പിന് ഇരയായവരെ കാണാതെ മുങ്ങി നടക്കലാണു രമേഷിന്‍റെ പതിവ്. സ്റ്റേഷനിൽ നടക്കുന്ന ഒരു പരിപാടിയിലേക്കു പാത്രങ്ങൾ ആവശ്യമുണ്ടെന്ന വ്യാജേന രമേഷിനെ പാലക്കാട് നഗരത്തിലേക്കു തന്ത്രപരമായി വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. തനിക്കെതിരെ പരാതികൾ ഉണ്ടെന്ന വിവരം മോഷ്ടാവിന് അറിവുണ്ടായിരുന്നില്ല.

ഇരുപതോളം വീടുകളിൽ നിന്നും മണ്ഡപങ്ങളിൽ നിന്നുമായി നൂറിലേറെ പാത്രങ്ങളും വസ്തുക്കളും ഇയാൾ മോഷ്ടിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കസേരകളും പാത്രങ്ങളും വാടകയ്ക്കു നൽകുന്ന സ്ഥലങ്ങളിലും ഇയാൾ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

ഇവിടെ പാചകക്കാരനാണെന്ന വ്യാജേനയാണു തട്ടിപ്പ്. പാലക്കാട്‌ സൗത്ത്‌, നോർത്ത്‌, കസബ, അഗളി, വാളയാർ സ്റ്റേഷനുകളിൽ പതിനഞ്ചോളം കേസുകൾ നിലവിലുണ്ട്‌. വാളയാർ എസ്‌ഐ ആർ.രാജേഷിന്റെ നേതൃത്വത്തിൽ എഎസ്‌ഐ കെ.ജയകുമാർ,  സിവിൽ പൊലീസ്‌ ഓഫിസർ എം.ഷൈനി,    കെ.പ്രവീൺ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്‌. ഇയാളിൽ നിന്നു തൊണ്ടി മുതലും കണ്ടെടുത്തിട്ടുണ്ട്‌. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

പോലീസ് പിടിക്കാതിരിക്കാന്‍ മതം മാറി മുഹമ്മദാലിയായി; എന്നിട്ടും രക്ഷയില്ല വധശ്രമകേസ് പ്രതി പിടിയില്‍


കഞ്ചാവ് മാഫിയയ്‌ക്കെതിരെ പ്രവര്‍ത്തിച്ചയാളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ മതം മാറി മലപ്പുറത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. മേല്‍തോന്നക്കല്‍ കണ്ണങ്കരക്കോണം കൈതറ വീട്ടില്‍ ദീപുവിനെയാണ് കസ്റ്റഡിയിലെടുത്തത്. 2018-ല്‍ കഞ്ചാവ് മാഫിയക്കെതിരെ ജാഗ്രത സമിതി രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയ തെറ്റിച്ചിറ, ലാല്‍ഭാഗ് മനോജ് ഭവനില്‍ മുകേഷിനെ ഇയാള്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

നിരവധി മോഷണ, പിടിച്ചുപറി കേസുകളിലെ പ്രതിയായ ദീപു കഴിഞ്ഞ നാലുവര്‍ഷത്തോളമായി പോലീസിനെ കബളിപ്പിച്ച് ഗുജറാത്തിലും കര്‍ണാടകയിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലുമായി ഒളിവില്‍ കഴിയുകയായിരുന്നു.

രണ്ട് വര്‍ഷം മുമ്പാണ് ഇയാള്‍ മലപ്പുറത്തുള്ള സുഹൃത്ത് മുഖേന പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തിന് സമീപം വഴിപ്പാറയില്‍ എത്തി മുസ്ലീം മതം സ്വീകരിച്ച് ദീപു എന്ന പേര് മാറ്റി മുഹമ്മദാലി ആയത്. പോലീസിനെ കബളിപ്പിക്കാനായിരുന്നു ഈ നീക്കം. മലപ്പുറത്തുനിന്ന് വിവാഹവും കഴിച്ചു. പോലീസ് പിടിയിലാവാതിരിക്കാന്‍ ഇയാള്‍ ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ഫോണില്‍ ബന്ധപ്പെട്ടിരുന്നില്ല.

തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ദിവ്യാ ഗോപിനാഥിന്റെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടികൂടാന്‍ കഴിഞ്ഞത്. അന്വേഷണത്തില്‍ ഇയാള്‍ മതംമാറി മലപ്പുറത്ത് താമസിച്ചുവരുന്നതായി രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആഴ്ചകളോളം നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
Published by:Arun krishna
First published: