ഇന്‍ഡോര്‍: ഇരുചക്രവാഹനങ്ങളുടെ ഷോറൂം നടത്തിയിരുന്ന യുവാവ് വാഹനമോഷണക്കേസില്‍ (theft case) അറസ്റ്റില്‍ (arrest). മധ്യപ്രദേശിലെ ഹിര നഗര്‍ സ്വദേശി അജയിനെയാണ് ഇന്‍ഡോര്‍ പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. നേരത്തെ ഇരുചക്രവാഹന ഷോറൂമിന്റെ ഉടമയായിരുന്ന ഇയാള്‍ സാമ്പത്തിക ബാധ്യതകള്‍ കാരണമാണ് മോഷണത്തിനിറങ്ങിയതെന്ന് പോലീസ് പറയുന്നു.
ഹോണ്ട ആക്ടീവ സ്കൂട്ടറുകള് മാത്രമാണ് ഇയാള്‍ മോഷ്ടിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. അജയ് നേരത്തെ ഒരു വര്‍ക്ക് ഷോപ്പില്‍ ജോലിചെയ്തിരുന്നു. 2013ലാണ് ഹോണ്ട ബൈക്കുകളുടെ ഷോറൂം തുടങ്ങിയത്. വലിയ തുകയ്ക്ക് വായ്പ എടുത്താണ് സ്ഥാപനം തുടങ്ങിയത്. അതിനിടെ സീറോ ഡൗണ്‍ പേയ്മെന്റ് സ്കീമുമായി തന്നെ സമീപിച്ച ധനകാര്യ സ്ഥാപനം വഞ്ചിച്ചതായി അജയ് പോലീസിന് മൊഴി നല്കി.
ഈ കമ്പനിയെ വിശ്വസിച്ച് 50 ബൈക്കുകള്‍ വിറ്റഴിച്ചു. എന്നാല്‍ വാഹനങ്ങളുടെ പണം നല്‍കാതെ ധനകാര്യ സ്ഥാപനത്തിന്റെ ഉടമകള്‍ മുങ്ങിയതായി അജയ് പറയുന്നു. തുടര്‍ന്ന് വലിയ തോതിലുള്ള കടക്കെണിയില്‍ അകപ്പെട്ട താന്‍ കുടുംബത്തെ നോക്കാന്‍ വേണ്ടിയാണ് മോഷണത്തിലേക്ക് കടന്നതെന്നും അജയ് മൊഴി നല്‍കിയതായി പോലീസ് പറയുന്നു.
കടം പെരുകിയതോടെ ഷോറൂം അടച്ചുപൂട്ടി. സംഭവത്തില്‍ 2017ല്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. കാന്‍സര്‍രോഗിയായ പിതാവും രണ്ടുപെണ്‍മക്കളും അടങ്ങുന്നതാണ് പ്രതിയുടെ കുടുംബം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ മോഷണത്തിനിറങ്ങുകയായിരുന്നു.
നേരത്തെ മെക്കാനിക്കായി ജോലിചെയ്തിരുന്നതിനാല്‍ ആക്ടീവ സ്കൂട്ടറിന്റെ മാസ്റ്റര്‍ കീ ഉണ്ടാക്കുന്നതടക്കം പഠിച്ചിരുന്നു. ഇതിനാലാണ് പ്രതി ആക്ടീവ സ്കൂട്ടറുകള് മാത്രം ലക്ഷ്യമിട്ടിരുന്നതെന്നും ആക്ടീവയുടെ പഴയ മോഡല്‍ സ്കൂട്ടറുകളാണ് പതിവായി മോഷ്ടിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. ഇത്തരത്തില്‍ മോഷ്ടിക്കുന്ന സ്കൂട്ടറുകള് 15000-20000 രൂപയ്ക്കാണ് വിറ്റിരുന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
Online Fraud | അധ്യാപികയ്ക്ക് ഒരുലക്ഷം രൂപ നഷ്ടമായി; തട്ടിപ്പ് KSEB ബിൽ ഉപയോഗിച്ച്
തിരുവനന്തപുരം: കെഎസ്ഇബി ബില്ലിന്റെപേരിലും ഓൺലൈൻ തട്ടിപ്പ്. ഇരയായത് കോട്ടയത്തെ അധ്യാപിക. തട്ടിപ്പ് സംഘത്തിന്റെ കെണിയിൽപെട്ട് ഇവർക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപയാണ്. എന്നിട്ടും വിടാതെ പിന്തുടർന്ന സംഘം അക്കൗണ്ടിലെ വലിയ തുക ലക്ഷ്യമിട്ട് നേരിട്ട് വീട്ടിലുമെത്തി. ഓൺലൈൻ തട്ടിപ്പ് സംഘം സംസാരിച്ചത് ഇംഗ്ലീഷും ഹിന്ദിയുമെങ്കിൽ വീട്ടിലെത്തിയ ആൾ മലയാളത്തിലാണ് സംസാരിച്ചത്.
കഴിഞ്ഞ മാസത്തെ വൈദ്യുതി ബിൽ അപ്ഡേറ്റ് ആയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അധ്യാപികയുടെ ഭർത്താവിന്റെ മൊബൈലിലേക്ക് എസ്എംഎസ് വന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ഈ സന്ദേശത്തിൽ കണ്ട നമ്പറിലേക്ക് അധ്യാപിക വിളിച്ചപ്പോൾ എനിഡെസ്ക് എന്ന മൊബൈൽ സ്ക്രീൻ ഷെയർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. കെഎസ്ഇബി കൺസ്യൂമർ നമ്പറും പറഞ്ഞ് കൊടുത്ത് അപരൻ വിശ്വാസ്യത നേടി.
ബില്ലിലെ പ്രശ്നം തീർക്കാൻ വെറും പത്ത് രൂപ അടയ്ക്കാനായിരുന്നു നിർദേശം. ബാങ്ക് എസ്എംഎസ് വന്നില്ലെന്ന പേരിൽ രണ്ട് എടിഎം കാർഡുകളിൽ നിന്ന് പത്ത് രൂപ അടപ്പിച്ചു. ഈ സമയം കൊണ്ട് രണ്ട് കാർഡിന്റെ വിവരങ്ങൾ എനി ഡെസ്ക് ആപ്പ് വഴി സ്വന്തമാക്കിയ ഓൺലൈൻ കള്ളൻ പണം തട്ടിയെടുത്തു. കാർഡുവഴിയുള്ള പണം പിൻവലിക്കൽ പരിധി 50,000 രൂപയായത് കൊണ്ട് കൂടുതൽ പണം പോയില്ല. പക്ഷേ ഒരു അക്കൗണ്ടിൽ ഉണ്ടായിരുന്ന വലിയ തുക ലക്ഷ്യമിട്ട സംഘാംഗം അധ്യാപികയുടെ വീട്ടിലെത്തി. ഇയാൾ സംസാരിച്ചത് മലയാളത്തിലാണെന്ന് അധ്യാപിക പറയുന്നു.
കെഎസ്ഇബിക്കും ഉപഭോക്താവിനും മാത്രമറിയാവുന്ന കൺസ്യൂമർ നമ്പർ, ഈ തട്ടിപ്പ് സംഘത്തിന് എങ്ങനെ കിട്ടിയെന്നാണ് വ്യക്തമല്ലാത്തത്. പണം അക്കൗണ്ടിൽ നിന്ന് നഷ്ടമായിട്ടും ബാങ്കിൽ നിന്ന് എന്തുകൊണ്ട് എസ്എംഎസ് വന്നിട്ടുമില്ല എന്നതാണ് എല്ലാവരെയും കുഴക്കുന്നത്. ഓൺലൈൻ തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന സംശയം ഉയരുമ്പോഴും വീട്ടിലെത്തിയ മലയാളി ആരെന്ന ചോദ്യവും ബാക്കിയാകുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.