• HOME
  • »
  • NEWS
  • »
  • crime
  • »
  • ഓണ്‍ലൈനിലൂടെ കുറഞ്ഞ പലിശയ്ക്ക് ലോണ്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍

ഓണ്‍ലൈനിലൂടെ കുറഞ്ഞ പലിശയ്ക്ക് ലോണ്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍

ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ മലയാളികളാണ് തട്ടിപ്പിനു പിന്നില്‍

loans

loans

  • Share this:
ഓണ്‍ലൈനിലൂടെ കുറഞ്ഞ പലിശയ്ക്ക് ലോണ്‍ സംഘടിപ്പിച്ചു നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തെ തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ മലയാളികളാണ് തട്ടിപ്പിനു പിന്നില്‍.

ഡല്‍ഹി കേന്ദ്രീകരിച്ചാണ് തട്ടിപ്പു സംഘം പ്രവര്‍ത്തിച്ചിരുന്നത്. ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കി, ഡോക്കുമെന്റേഷനോ, മറ്റ് നൂലാമാലകളോ ഒന്നുമില്ലാതെ കുറഞ്ഞ പലിശക്ക് ലോണ്‍ സംഘടിപ്പിച്ചു നല്‍കാം എന്ന എസ്.എം.എസ് സന്ദേശം പൊതുജനങ്ങള്‍ക്ക് അയക്കുകയാണ് തട്ടിപ്പുകാര്‍ ആദ്യം ചെയ്യുന്നത്. ആവശ്യക്കാര്‍ക്ക് ബന്ധപ്പെടുന്നതിനായി ഒരു ഫോണ്‍ നമ്പറും നല്‍കും.

പ്രസിദ്ധമായ ധനകാര്യ സ്ഥാപനങ്ങളോട് സാമ്യമുള്ള പേരിനൊപ്പം നല്‍കുന്ന ഈ ഫോണിലേക്ക് തിരികെ വിളിക്കുന്നവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി, ഇവരോട് നയത്തില്‍ സംസാരിക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുക. അതിനുശേഷം ലോണ്‍ പ്രോസസിങ്ങ് ഫീസ്, നികുതി, ഡിമാന്റ് ഡ്രാഫ്റ്റ് ഫീസ്, പണം അക്കൗണ്ടിലേക്ക് അടക്കുന്നതിനുള്ള ചെറിയ ഫീസ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ പറഞ്ഞുകൊണ്ട് ചെറിയ ചെറിയ തുകകളായി തട്ടിപ്പുകാര്‍ പറയുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിക്കും. വിശ്വാസ്യത വരുത്തുന്നതിനായി ലോണ്‍ പാസ്സാക്കി നല്‍കിയ രസീതുകളും, രേഖകളും, പണം ഇടപാടുകാരന്റെ ബാങ്ക് എക്കൌണ്ടില്‍ നിക്ഷേപിച്ചതിന്റെ രസീതും ഇടപാടുകാര്‍ക്ക് വാട്‌സ് ആപ്പ് വഴി അയച്ചു കൊടുക്കുകയും ചെയ്യും. ഇതെല്ലാം വിശ്വസിച്ച് ചെറിയ ചെറിയ തുകകളായി ഇടപാടുകാരന്‍ ഓരോ തവണയും തട്ടിപ്പുകാര്‍ക്ക് പണം കൈമാറിക്കൊണ്ടിരിക്കും.

ലോക്ക്‌ഡൌണ്‍ കാലത്ത് ബിസിനസ് കുറഞ്ഞവരും, ജോലികള്‍ നഷ്ടപ്പെട്ട് വരുമാനം നിലച്ച അത്യാവശ്യക്കുമരാണ് ഇത്തരത്തില്‍ തട്ടിപ്പുകാരുടെ വലയില്‍ വീണത്.

ഇടപാടുകാരെ ബന്ധപ്പെടുന്നതിനും സന്ദേശങ്ങളും, രേഖകളും കൈമാറി ചതിയില്‍ കുടുക്കുന്നതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളുടെ പേരും വിലാസവും ഉപയോഗിച്ചാണ് സിം കാര്‍ഡുകള്‍ പ്രതികള്‍ സംഘടിപ്പിച്ചിരുന്നത്. ഇത്തരത്തില്‍ സിം കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന് ഡല്‍ഹി കേന്ദ്രീകരിച്ച് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

ഇടപാടുകാരോട് പണം നിക്ഷേപിക്കുന്നതിനായി ആവശ്യപ്പെട്ടിരുന്ന ബാങ്ക് അക്കൗണ്ടുകളും വ്യാജമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാധാരണക്കാരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളാണ് പ്രതികള്‍ ഉപയോഗിച്ചു വന്നിരുന്നത്. ഇടപാടുകാര്‍ നിക്ഷേപിക്കുന്ന പണം തട്ടിപ്പുകാര്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിക്കുകയാണ് പതിവ്. ബാങ്ക് അക്കൗണ്ട് ഉടമയേയും, മൊബൈല്‍ഫോണ്‍ ഉടമയേയും അന്വേഷിച്ച് പോലീസുദ്യോഗസ്ഥര്‍ എത്തുമ്പോള്‍ പിടിക്കപ്പെടാതിരിക്കുന്നതിനുവേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്.

ഓരോ ഇടപാടുകാരനോട് സംസാരിക്കുകയും പരമാവധി പണം തട്ടിയെടുക്കുകയും ചെയ്തു കഴിയുന്നതോടെ സിം കാര്‍ഡുകള്‍ നശിപ്പിച്ചുകളയുകയും, അക്കൗണ്ടില്‍ നിന്നും പണം മുഴുവനായി പിന്‍വലിക്കുകയും ചെയ്യുന്നതിനാല്‍ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ് ഇടപാടുകാരന്‍ പിന്നീട് ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പരാജയപ്പെടും.

ഡോക്കുമെന്റേഷനും, നടപടിക്രമങ്ങളുമില്ലാതെ കുറഞ്ഞ പലിശക്ക് 10 ലക്ഷം രൂപ ലോണ്‍ നല്‍കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഈ തട്ടിപ്പു സംഘം തൃശൂര്‍ സ്വദേശിയായ യുവതിയില്‍ നിന്നും തവണകളായി തട്ടിയെടുത്തത് 5 ലക്ഷം രൂപ. ഈ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ സിറ്റി പോലീസ് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാവുന്നത്.

വെസ്റ്റ് ഡല്‍ഹി രഘുബീര്‍ നഗറില്‍ താമസിക്കുന്ന വിനയപ്രസാദ് (23), ഇയാളുടെ സഹോദരന്‍ വിവേക് പ്രസാദ് (23), ചേര്‍ത്തല പട്ടണക്കാട് വെട്ടക്കല്‍ പുറത്താംകുഴി വീട്ടില്‍ ഗോകുല്‍ (25), വെസ്റ്റ് ഡല്‍ഹി രജ്ദീര്‍ നഗറില്‍ താമസിക്കുന്ന ജിനേഷ് (25), ചെങ്ങന്നൂര്‍ പെരിങ്ങാല വൃന്ദാവനം വീട്ടില്‍ ആദിത്യ (21), കോഴിക്കോട് നെല്ലിക്കോട് സ്വദേശി അഭയ് വാസുദേവ് (21) എന്നിവരെയാണ് തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റു ചെയ്തത്.

തൃശ്ശൂര്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ എ അഷറഫ്, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ സി.എ സുനില്‍കുമാര്‍, എം. ഓ. നൈറ്റ്, കെ.എസ് സന്തോഷ്, അസി. സബ് ഇന്‍സ്‌പെക്ടര്‍ ഫൈസല്‍ ആര്‍. എന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനു കുര്യാക്കോസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ് ശങ്കര്‍, കെ.കെ. ശ്രീകുമാര്‍, വി.ബി. അനൂപ്, എം.പി. ശരത്ത് , വിഷ്ണു കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Published by:Karthika M
First published: