ബൈക്കില്‍ മൂന്നുപേരുമായി യാത്ര ചെയ്തതിന് യുവാവിനെ പോലീസ് മര്‍ദ്ദിച്ചെന്ന് പരാതി. മലപ്പുറം ഒഴൂരിനടുത്ത് തയ്യാല സ്വദേശി ഞാറക്കാടന്‍ അബ്ദുല്‍സലാമിൻ്റെ മകൻ മുഹമ്മദ് തന്‍വീറാണ് പോലീസ് മര്‍ദ്ദിച്ചെന്ന് പരാതിയുമായി രംഗത്തെത്തിയത് . താനൂർ പോലീസ് പെറ്റി കേസെടുത്ത് സ്റ്റേഷനിലെത്തിച്ചു ക്രൂരമായി മര്‍ദ്ദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തെന്നാണ് പരാതി.ശനിയാഴ്ച ആയിരുന്നു സംഭവം.
ബൈക്കില്‍ മൂന്നുപേരുമായി യാത്ര ചെയ്ത തന്‍വീറിനെ പോലീസ് തടഞ്ഞു നിർത്തി. പിഴ ഒടുക്കാൻ തയ്യാറായെങ്കിലും പോലീസ് തന്നോട് മോശമായി സംസാരിച്ചെന്നും ഒടുവിൽ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയും സ്റ്റേഷനില്‍ എത്തിയപ്പോള്‍ മുതല്‍ മര്‍ദ്ദിക്കുകയായിരുന്നു എന്നുമാണ് പരാതി. ലാത്തികൊണ്ട് അടിക്കുകയും കൈകൊണ്ട് മുഖത്ത് ആഞ്ഞടിക്കുകയും ചെയ്തെന്ന് തന്‍വീര്‍ പറഞ്ഞു. പിന്നീട് ബൂട്ടിട്ട് നെഞ്ചിലും മറ്റും ചവിട്ടുകയും കുരുമുളക് സ്പ്രേ ചെയ്യുകയും ചെയ്തു.
' ഞാൻ പിഴ കൊടുക്കാം എന്ന് പറഞ്ഞപ്പോഴും അവർ തെറി പറഞ്ഞു കൊണ്ടേയിരുന്നു.മരിച്ചു പോയ എൻ്റെ ഉമ്മയെ പറഞ്ഞപ്പോൾ ഇങ്ങനെ പറയരുത് എന്ന് ഞാൻ പറഞ്ഞു. പോലീസിന് ഇങ്ങനെ തെറി പറയാൻ അധികാരം ഇല്ലെന്ന് പറഞ്ഞപ്പോൾ എന്നെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. അവിടെ ചെന്ന് ഇൻവെസ്റ്റിഗേഷൻ റൂമിൽ വെച്ച് എന്നെ മർദിച്ചു. പലരും മുഖത്തടിച്ചു. എൻ്റെ ജീവിതം നശിപ്പിക്കും...കള്ളക്കേസിൽ കുടുക്കും എന്നൊക്കെ പറഞ്ഞു..എൻ്റെ പാൻ്റ്സ് അഴിച്ചു സ്വകാര്യ ഭാഗത്ത് കുരുമുളക് സ്പ്രേ അടിച്ചു...വളരെ മോശമായി ആണ് എന്നോട് അവിടെ നിന്ന് പെരുമാറിയത് '- തന്‍വീര്‍ പറഞ്ഞു.
വീട്ടുകാരെയും മരിച്ചു പോയ ഉമ്മയെ കുറിച്ചും അസഭ്യം പറയുകയും വിദേശത്തു പോകാന്‍ ഒരുങ്ങുന്ന തന്നെ പാസ്പോര്‍ട്ട് പിടിച്ചുവച്ച് യാത്ര മുടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് തന്‍വീര്‍ പറഞ്ഞു. മര്‍ദ്ദനശേഷം വീട്ടിലേക്ക് പോയെങ്കിലും ചോര ഛര്‍ദ്ദിക്കുകയും മറ്റു ശാരീരിക അസ്വസ്ഥതകള്‍ കാണുകയും ചെയ്തതോടെ ആശുപത്രിയില്‍ ചികിത്സതേടി.
പരാതി നല്‍കരുതെന്ന പൊലീസിന്റെ ഭീഷണിയില്‍ ആദ്യം ഡോക്ടറോട് പറയാന്‍ മടിച്ചെങ്കിലും പിന്നീട് കാര്യങ്ങള്‍ തുറന്നു പറയുകയായിരുന്നു. ' എനിക്ക് ഒന്നൊന്നര മാസത്തിനുള്ളിൽ ഗൾഫിൽ പോകാൻ ഉള്ളതാണ്..അത് കൊണ്ട് ഞാൻ ആരോടും ഒന്നും പറഞ്ഞില്ല ..കുറെ മണിക്കൂറുകൾ കഴിഞ്ഞാണ് രാത്രി വീട്ടിലേക്ക് പോയത്...പിറ്റേന്ന് രാവിലെ മുതൽ വീണ്ടും സ്റ്റേഷനിൽ പോയി..വൈകുന്നേരം വരെ അവിടെ നിന്നു..പിന്നെ ചെറിയ കേസ് മാത്രമേ എടുത്തിട്ടുളളൂ എന്നെല്ലാം പറഞ്ഞ് എന്നെ വിട്ടയച്ചു... അന്ന് രാത്രി വീട്ടിൽ എത്തിയ ഞാൻ ചോര ഛർദ്ദിച്ചു..പിന്നെ സുഹൃത്തിനെയും കൂട്ടി ആശുപത്രിയിൽ പോകുക ആയിരുന്നു...ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പോയി'.
ഈവര്‍ഷം ഡിഗ്രി പഠനം പൂര്‍ത്തിയായ തന്‍വീര്‍ അടുത്തമാസം വിദേശത്തേക്ക് പോകാനിരിക്കുകയാണ്. എന്നാല്‍ തൻവീറിനെതിരെ പോലീസിൻറെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കേസെടുത്തിട്ടുണ്ടെന്നും ജാമ്യത്തിൽ വിട്ടതാണെന്നും താനൂർ പോലീസ് വ്യക്തമാക്കി.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.