മുംബൈ: വാതിലിനോട് ചേർന്ന് ചെരുപ്പ് വെച്ചതിന് അയൽക്കാരനെ ദമ്പതികൾ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. നിസാരപ്രശ്നത്തിൽ തുടങ്ങിയ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. താനെ നയാ നഗറിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. ഇവരുടെ ഭർത്താവ് ഒളിവിലാണ്.
വാതിലിനു സമീപം ചെരിപ്പ് വെച്ചതിനെ എതിർത്തതിനെ തുടർന്നാണ് ദമ്പതികൾ അയൽവാസിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ദമ്പതികളും കൊല്ലപ്പെട്ടയാളും വാതിലിന് സമീപം ചെരിപ്പുകൾ വയ്ക്കുന്നതിനെച്ചൊല്ലി വഴക്ക് പതിവായിരുന്നു. ഒരു അപാർട്ട്മെന്‍റിൽ എതിർവശത്തായാണ് ഇരുവരുടെയും ഫ്ലാറ്റുകൾ. ഇരുവരും പരസ്പരം ചെരുപ്പ് അഴിച്ച് മറ്റേയാളുടെ വാതിലിന് സമീപം വെക്കുന്നതാണ് വഴക്കിന് കാരണം. ഇതേച്ചൊല്ലിയുള്ള തർക്കമാണ് ശനിയാഴ്ച രാത്രി കൊലപാതകത്തിൽ കലാശിച്ചതന്ന് നയാ നഗർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജിലാനി സെയ്ദ് ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
അഫ്‌സർ ഖത്രി എന്നയാളാണ് പരസ്പരമുള്ള ഏറ്റുമുട്ടലിനിടെ പരിക്കേറ്റ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്ത് എത്തിയത്. തൊട്ടുപിന്നാലെ ഭർത്താവിനൊപ്പം കൊലപാതകം നടത്തി യുവതിയെ പൊലീസ് പിടികൂടി.
എന്നാൽ പൊലീസ് വരുന്നതിന് മുമ്പ് തന്നെ ഇവരുടെ ഭർത്താവ് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപെടുകയായിരുന്നു. കൊലപാതക കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.