മലദ്വാരത്തിൽ ഒളിപ്പിച്ചുള്ള സ്വർണക്കടത്ത് പിടികൂടുന്നത് പതിവായതോടെ മറ്റ് മാർഗങ്ങൾ പരീക്ഷിക്കുകയാണ് കള്ളക്കടത്ത് സംഘങ്ങൾ. കരിപ്പൂർ വിമാനത്താവളം വഴി 16 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താനുള്ള ശ്രമമാണ് പോലീസ് പൊളിച്ചത്. സംഭവത്തില്‍ ഒരു യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റംഷാദ് (24) എന്നയാളാണ് പിടിയിലായത്.
കാലില്‍ ധരിച്ച സോക്സുകള്‍ക്കകത്തും പാൻ്റ്‌സിൻ്റെ സിബ്ബിൻ്റെ സ്റ്റിച്ചിനകത്തുമായി 300 ഗ്രാം സ്വര്‍ണ്ണം മിശ്രിതം മൂന്ന് പാക്കറ്റുകളിലാക്കി ഒളിപ്പിച്ച് കടത്താനാണ് റംഷാദ് ശ്രമിച്ചത്.വെള്ളിയാഴ്ച രാവിലെ 8.30 ന് ദുബായില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് (6E 89) റംഷാദ് കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 9.30 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ റംഷാദിനെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പോലീസുണ്ടായിരുന്നു.
പുറത്തെത്തിയ റംഷാദ് തന്നെ കൊണ്ട് പോവാന്‍ വന്ന ബന്ധുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴി സീറോ പോയിന്‍റില്‍ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ റംഷാദ് വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പാൻ്റിൻ്റെ സിബ്ബിൻെറ ഭാഗത്ത് സ്വര്‍ണ്ണ മിശ്രിതമടങ്ങിയ പാക്കറ്റ് കണ്ടെത്തിയത്. പ്രത്യേക അറയുണ്ടാക്കി സ്റിച്ച് ചെയ്തതിൻ്റെ ഉള്ളിൽ ആയിരുന്നു സ്വർണം. തുടർന്ന് നടത്തിയ വിശമായ പരിശോധനയില്‍ ഇയാള്‍ ധരിച്ച സോക്സുകളില്‍ തുന്നിപ്പിടിപ്പിച്ച രീതിയില്‍ രണ്ട് പാക്കറ്റുകള്‍ കൂടി കണ്ടെത്തുകയായിരുന്നു.
സ്വര്‍ണ്ണം സ്വീകരിക്കാന്‍ വീട്ടില്‍ ആളുകള്‍ വരുമെന്നായിരുന്നു റംഷാദിനെ ദുബായില്‍ നിന്നും സ്വര്‍ണ്ണം കൊടുത്തുവിട്ടവര്‍ അറിയിച്ചിരുന്നത്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ആഭ്യന്തര വിപണിയില്‍ 16 ലക്ഷത്തിലധികം രൂപ വില വരും . മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റംഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കരിപ്പൂരിൽ പോലീസ് പിടികൂടുന്ന 78 -ാമത്തെ കേസാണിത്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും.
അതേ സമയം കരിപ്പൂർ മോഡൽ പോലീസ് നിരീക്ഷണം കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിൽ കൂടി നടപ്പിലാക്കാൻ ആലോചിക്കുന്നതായി ഡിജിപി അനില്‍കാന്ത് വ്യക്തമാക്കി.ഈ വർഷം ജനുവരി അവസാനം മുതൽ ആണ് കരിപ്പൂർ വിമാനത്താവള പരിസരത്ത് പോലീസ് നിരീക്ഷണ സംവിധാനം ആരംഭിച്ചത്. സ്വർണ കടത്ത് തടയുക എന്നതിനപ്പുറം സുരക്ഷ ഉറപ്പ് വരുത്തുക കൂടി ആയിരുന്നു ഉദ്ദേശം. ഇത് വരെ 78 സ്വർണ കടത്ത് കേസുകൾ പോലീസ് പിടികൂടി കഴിഞ്ഞു.
33 കോടിയിലേറെ രൂപ മൂല്യം കണക്കാക്കുന്ന 64 കിലോയിലധികം സ്വർണമാണ് ഇത് വരെ പിടിച്ചെടുത്തിട്ടുള്ളത്. കസ്റ്റംസിൻ്റെ കണ്ണ് വെട്ടിച്ച് കടത്തുന്ന സ്വർണം പതിവായി പിടികൂടുന്ന പോലീസ് കള്ളക്കടത്തിന് കൂട്ടു നിന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ പിടികൂടി. മലപ്പുറം എസ് പിയെ അഭിനന്ദിച്ച ഡിജിപി ഈ സംവിധാനം മറ്റ് വിമാനത്താവളങ്ങളുടെ പരിസര പ്രദേശങ്ങളിലും സജ്ജമാക്കാൻ ആലോചിക്കുന്നു എന്നും വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.