• HOME
  • »
  • NEWS
  • »
  • crime
  • »
  • സ്വർണമിശ്രിതം പാൻ്റിനുള്ളിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ചു; പോലീസ് സ്വർണം പിടിച്ചത് പാൻ്റ് കീറി മുറിച്ച്

സ്വർണമിശ്രിതം പാൻ്റിനുള്ളിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ചു; പോലീസ് സ്വർണം പിടിച്ചത് പാൻ്റ് കീറി മുറിച്ച്

ഇയാൾ ധരിച്ചിരുന്ന പാന്റ്സിന് കട്ടി കൂടുതലുള്ളതായി ശ്രദ്ധയിൽ പെട്ടപ്പോൾ അഴിച്ച് പരിശോധിക്കുകയായിരുന്നു

  • Last Updated :
  • Share this:
മലപ്പുറം: പാൻ്റ്‌സിനുള്ളിൽ തേച്ചു പിടിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ മിശ്രിതം കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടി. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ഇസ്സുദ്ദീൻ (43) ആണ് സ്വർണം അതിവിദഗ്ധമായി കടത്താൻ ശ്രമിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

കസ്റ്റംസ് പരിശോധന കഴിഞ്ഞാണ് അബുദാബിയിൽ നിന്ന് വന്ന ഇസ്സുദ്ദീൻ വിമാനത്താവളത്തിന് പുറത്തിറങ്ങിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ കസ്റ്റഡിയിൽ എടുത്ത പോലീസ് വിശദമായി പരിശോധിച്ചു എങ്കിലും സ്വർണം കണ്ടെത്താൻ സാധിച്ചില്ല. ചോദ്യം ചെയ്യൽ എല്ലാം ആത്മ വിശ്വാസത്തോടെ നേരിട്ട ഇയാള് സ്വർണം ഇല്ലെന്ന നിലപാടിൽ ഉറച്ചു നിന്നു. ഇസ്സുദ്ദീന്റെ കൈവശമുണ്ടായിരുന്ന ബാഗും ശരീരവും വിശദമായ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സ്വർണം കണ്ടെത്താൻ സാധിച്ചിരുന്നില്ല.

തുടർന്ന് ഇയാൾ ധരിച്ചിരുന്ന പാന്റ്സിന് കട്ടി കൂടുതലുള്ളതായി ശ്രദ്ധയിൽ പെട്ടപ്പോൾ അഴിച്ച് പരിശോധിക്കുകയായിരുന്നു. പാന്റ് മുറിച്ച് നോക്കിയപ്പോഴാണ് തയ്ച്ചിരിക്കുന്നത് രണ്ട് പാളി തുണികളുപയോഗിച്ചാണെന്നും, ഉൾവശത്തായി സ്വർണമിശ്രിതം തേച്ച് പിടിപ്പിച്ചിരിക്കയാണെന്നും മനസ്സിലായത്.പാന്റ്സിലും അടിവസ്ത്രത്തിലുമായി തേച്ച് പിടിപ്പിച്ച നിലയിലുള്ള സ്വർണ മിശ്രിതത്തിന് 1.518 കിലോ തൂക്കം ഉണ്ട്.

കരിപ്പൂരിൽ സ്വർണ കടത്തിന് കൂട്ട് നിന്ന കസ്റ്റംസ് സൂപ്രണ്ടിനെ അടക്കം പിടികൂടിയ പോലീസ് ഇത് വരെ 54 കേസുകൾ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ വർഷം ജനുവരി അവസാനം മുതൽ പ്രവർത്തനം തുടങ്ങിയ പോലീസ് എയ്ഡ് പോസ്റ്റിൽ 24 കോടി രൂപയോളം മൂല്യം വരുന്ന സ്വർണം പിടികൂടിയിട്ടുണ്ട്.

Also Read- അടിവസ്ത്രത്തിലും പാന്റിലും തേച്ചുപിടിപ്പിച്ച് ഒന്നരക്കിലോ സ്വർണം; കരിപ്പൂരിൽ 43കാരൻ പിടിയിൽ

സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏർപ്പെടുത്തിയ സംവിധാനമാണ് കരിപ്പൂർ വിമാനത്താവളത്തിലെ പോലീസ് എയ്ഡ് പോസ്റ്റ്. കസ്റ്റംസിൻ്റെ പരിശോധന പൂർത്തിയാക്കി, സ്വർണം അവരിൽ നിന്നും വെട്ടിച്ച് വരുന്നവരിൽ നിന്ന് ആണ് പോലീസ് സ്വർണം പിടികൂടുന്നത് എന്നത് ആണ് ഏറ്റവും ശ്രദ്ധേയം.
വിമാനത്താവളത്തിന് പുറത്തെ പോസ്റ്റ് വഴിയുള്ള പോലീസിൻറെ ഈ സ്വർണവേട്ട കസ്റ്റംസിനെ സംബന്ധിച്ച് തലവേദന ആണ്. പോലീസ് പിടികൂടിയ സ്വർണത്തിന് തുടരന്വേഷണം നടപടികളാണ് കസ്റ്റംസിന് ബുദ്ധിമുട്ടുണ്ടാക്കുന്നത്. സ്വർണ്ണം പോലീസ് പിടികൂടിയാലും തുടരന്വേഷണം കസ്റ്റംസിൻ്റെ ഉത്തരവാദിത്വമാണ്. പ്രതികളെയും തൊണ്ടി വാഹനങ്ങളും റിപ്പോർട്ട് സഹിതം പോലീസ് കസ്റ്റംസിന് കൈമാറും. പക്ഷേ സ്വർണം കോടതിയിലാണ് ഹാജരാക്കുക. കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകി സ്വർണ്ണം വാങ്ങിയ ശേഷമേ അന്വേഷണം തുടങ്ങൂ.

കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറക്കുന്ന സ്വർണമാണ് പോലീസ് പിടികൂടുന്നത്. ഇത് കസ്റ്റംസിനെ സംബന്ധിച്ച് ക്ഷീണമാണ്. പിടികൂടിയ സ്വർണം എല്ലാം യാത്രക്കാർ ക്യാപ്സൂൾ രൂപത്തിൽ ശരീരത്തിന് അകത്ത് ഒളിപ്പിച്ചുകൊണ്ട് വരുന്നവയാണ്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഏറെയും സ്വർണം പിടിക്കുന്നത് എങ്കിൽ വിമാനത്താവള പരിസരത്ത് നിരീക്ഷണത്തിലൂടെയും സംശയമുള്ളവരെ പിന്തുടർന്ന് ചോദ്യം ചെയ്താണ് പോലീസ് സ്വർണം പിടികൂടുന്നത്. കസ്റ്റംസ് അന്വേഷണം സ്വർണ്ണ കടത്തുകാരിൽ ഒതുങ്ങുമ്പോൾ സ്വീകരിക്കാനെത്തിയവരും വാഹനങ്ങളും എല്ലാം പൊലീസിന്‍റെ അന്വേഷണത്തിൽ പിടിയിലാകുന്നു. ജനുവരി 21ന് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചശേഷം കസ്റ്റംസ് പിടികൂടിയതിനേക്കാളും സ്വർണം പൊലീസ് കരിപ്പൂരിൽനിന്ന് പിടികൂടിയിട്ടുണ്ട് എന്നാണ് കണക്കുകൾ.
Published by:Anuraj GR
First published: