ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയെന്ന പുതിയ കേസിൽ പൊലീസ് പിടിയിലായത് പതിനാറുകാരൻ. തിങ്കളാഴ്ച്ച രാത്രിയാണ് ഫോണിലൂടെ താരത്തിനു നേരെ വധഭീഷണിയുണ്ടായത്. ഏപ്രിൽ 30 ന് സൽമാൻ ഖാനെ കൊല്ലുമെന്നായിരുന്നു ഭീഷണി. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നും ‘റോക്കി ഭായ്’ എന്ന പേരിലായിരുന്നു ഭീഷണി സന്ദേശം.
സംഭവത്തിനു പിന്നിൽ 16 വയസ്സുള്ള കൗമാരക്കാരനാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മഹാരാഷ്ട്രയിലെ ഷഹപൂരിൽ നിന്നും കുട്ടിയെ പൊലീസ് പിടികൂടി. കൂടുതൽ ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് കൊണ്ടുവരും.
പൊലീസ് കൺട്രോൾ റൂമിൽ ഇന്നലെ രാത്രിയാണ് ഭീഷണി കോൾ വന്നത്. റോക്കി ഭായ് എന്നാണ് പേരെന്നും ജോധ്പൂരിൽ നിന്നാണ് വിളിക്കുന്നതെന്നുമായിരുന്നു സ്വയം പരിചയപ്പെടുത്തിയത്. ഏപ്രിൽ 30 ന് സൽമാൻ ഖാനെ കൊല്ലുമെന്നായിരുന്നു ഭീഷണി. ഇതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പതിനാറുകാരൻ പിടിയിലായത്.
സൽമാൻ ഖാനെതിരെ നിലവിൽ വധഭീഷണി നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രതിയിലാണ് പൊലീസ്. താരത്തിന്റെ സുരക്ഷയും കർശനമാക്കിയിട്ടുണ്ട്. ആഴ്ച്ചകൾക്കു മുമ്പാണ് ഇ-മെയിൽ വഴി വധഭീഷണി വന്നത്. ഗായകൻ സിദ്ദു മൂസെ വാലയുടെ കൊലപാതകത്തിൽ പങ്കാളിയായ ഗുണ്ടാനേതാവിൽ നിന്നാണ് സൽമാനും ഭീഷണിയുണ്ടായത്.
സംഭവത്തിൽ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയ്, ഗോൾഡി ബ്രാർ എന്നിവർക്കെതിരെ മുംബൈ പൊലീസ് എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വധഭീഷണി ഉയർന്നതോടെ സൽമാൻ രണ്ട് കോടിയുടെ ബുള്ളറ്റ് പ്രൂഫ് കാർ ഇറക്കുമതി ചെയ്തതും കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. നിസാൻ പട്രോൾ എസ്.യു.വിയാണ് താരം വാങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bollywood, Salman Khan