• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ആൺസുഹൃത്തുക്കളുമായുള്ള ബന്ധത്തെക്കുറിച്ച് സൗമ്യയുടെ ഡയറികുറിപ്പുകൾ

News18 Malayalam
Updated: August 30, 2018, 10:18 PM IST
ആൺസുഹൃത്തുക്കളുമായുള്ള ബന്ധത്തെക്കുറിച്ച് സൗമ്യയുടെ ഡയറികുറിപ്പുകൾ
News18 Malayalam
Updated: August 30, 2018, 10:18 PM IST
കണ്ണൂർ: പിണറായി കൂട്ടക്കൊലകേസിൽ ആത്മഹത്യചെയ്ത മുഖ്യപ്രതി സൗമ്യ ആറ് ഡയറികൾ എഴുതിയിരുന്നതായി പൊലീസ്. സൗമ്യയുടെ ആൺസുഹൃത്തുക്കളെക്കുറിച്ച് വ്യക്തമായ ചിത്രങ്ങളാണ് ഡയറിക്കുറിപ്പിലുള്ളതെന്നാണ് സൂചന. അതേസമയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യങ്ങളിൽ‌ വിശദമായ അന്വേഷണം തുടങ്ങുമെന്നാണ് വിവരം.

സൗമ്യ എഴുതിയതതെന്ന് കരുതുന്ന ആറു ഡയറികളാണു പോലീസ് കണ്ടെത്തിയത്. ഡയറി കുറിപ്പിലും ആത്മഹത്യാ കുറിപ്പിലുമെല്ലാം സൗമ്യ എഴുതിയിട്ടുള്ള ശ്രീ എന്നയാള്‍ ആരാണെന്ന് തിരിച്ചറിയാനുള്ള നെട്ടോട്ടത്തിലാണ് പോലീസെന്നാണ് വിവരം. അതേസമയം കുറിപ്പിലുള്ള ആണ്‍ സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചതായും സൂചനയുണ്ട്. സൗമ്യ തന്റെ ആണ്‍ സൗഹൃദങ്ങളെ കുറിച്ചാണ് കുറിപ്പുകളിൽ വാചാലയായിരിക്കുന്നത്. ഓരോരുത്തരുമായുള്ള ബന്ധവും അവരുടെ സ്വഭാവ രീതികളും പറയുന്നുണ്ട്. നേരത്തേ കൊലപാതകത്തില്‍ സൗമ്യയ്‌ക്കൊപ്പം മറ്റൊരാള്‍ക്കും കൂടി പങ്കുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങളെ ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും സൂചനയുണ്ട്. താന്‍ നിരപരാധിയാണെന്നും കൊലപാതകം നടത്തിയത് മറ്റൊരാളാണെന്നും വ്യക്തമാക്കുന്ന ഡയറികുറിപ്പുകള്‍ സൗമ്യയുടെ മരണത്തിനു ശേഷമാണ് പുറത്തുവന്നത്.ആരേയും കൊന്നിട്ടില്ലെന്ന് തനിക്ക് തെളിയിക്കാന്‍ കഴിയുമെന്ന് സൗമ്യ കുറിപ്പുകളില്‍ ആവര്‍ത്തിക്കുന്നുണ്ടെന്ന് കുറിപ്പ് വായിച്ചവർ പറയുന്നു. അഞ്ച് നോട്ട് ബുക്കുകളിലും പേപ്പറിലുകളിലുമായുള്ള കുറിപ്പുകളില്‍ താനുമായി ബന്ധമുണ്ടായിരുന്നവരെ കുറിച്ചുള്ള വിവരങ്ങളും സൗമ്യ വ്യക്തമാക്കിയിരുന്നു.

മകളെ അഭിസംബോധന ചെയ്ത് എഴുതിയ കുറിപ്പുകളില്‍ താന്‍ നിരപരാധിയാണെന്നും അമ്മ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണെന്നുമാണ് സൗമ്യ കുറിച്ചിരിക്കുന്നത്. പുറത്ത് വന്ന ശേഷം വീട്ടുകാരെ ഇല്ലാതാക്കിയവനെ തീര്‍ത്ത് യഥാര്‍ത്ഥ കുറ്റവാളിയായി ജയിലിലേക്ക് വരുമെന്ന് സൗമ്യ എഴുതിയിട്ടുണ്ട്. മൂത്ത മകള്‍ ഐശ്വര്യയോട് പറയുന്ന രീതിയിലാണു ജയിലില്‍ വച്ചെഴുതിയ കുറിപ്പ് തുടങ്ങുന്നത്. ''അമ്മ അവനെ കൊല്ലും. എന്നിട്ട് ശരിക്കും കൊലയാളിയായി ജയിലിലേക്ക് തിരിച്ചു വരും. കുടുംബം ബാധ്യതയല്ലായിരുന്നുവെന്ന് എനിക്ക് ബോധ്യപ്പെടുത്തണം. കൊലപാതകത്തില്‍ പങ്കില്ലെന്നു തെളിയും വരെ ജീവിക്കണം. ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും ദൈവം നടത്തിത്തരും''- ഈ പരാമര്‍ശമാണ് ആശയക്കുഴപ്പമുണ്ടാക്കുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. ജയില്‍ അധികൃതര്‍ അനുവദിച്ചതിന് പുറമേ സൗമ്യ തന്നെ പണം കൊടുത്ത് നോട്ട് ബുക്കുകള്‍ വാങ്ങിയിരുന്നു. സൗമ്യ എഴുതിയെന്ന് പറയുന്ന കുറിപ്പുകള്‍ എല്ലാം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചെറിയ കൈയക്ഷരത്തിലുള്ള കുറിപ്പുകള്‍ പരിശോധിച്ച് വരികയാണെന്ന് അന്വേഷണ സംഘത്തിലെ ചിലർ പറഞ്ഞു. സൗമ്യയുടെ മൃതദേഹത്തില്‍ നിന്നു ലഭിച്ച ആത്മഹത്യാക്കുറിപ്പിലെ കൈയക്ഷരം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

പിണറായി കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച പൊലീസ് സംഘം നിരവധിപ്പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പലരുമായി സൗമ്യ വഴിവിട്ട ബന്ധം പുലര്‍ത്തിയിരുന്നു. പ്രദേശത്തെ ഒരു പാര്‍ട്ടി പ്രവര്‍ത്തകനുമായും ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇയാള്‍ പൊലീസിനെ സ്വാധീനിച്ച് കേസ് അട്ടിമറിച്ചതായി പരാതി ഉയര്‍ന്നിരുന്നു. അതേസമയം മുന്‍പും ആത്മഹത്യാ പ്രേരണ കാണിച്ചിട്ടുള്ള സൗമ്യ ജയിലില്‍ തൂങ്ങി മരിച്ചത് സുരക്ഷാ വീഴ്ചയാണെന്ന് ജയിൽ ഡിഐജി സ്ഥിരീകരിച്ചിരുന്നു.

ജയിലില്‍ റിമാന്‍ഡ് തടവുകാരി സൗമ്യ ആത്മഹത്യ ചെയ്തതില്‍ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ഗുരുതരമായ വീഴ്ചയുണ്ടായെന്നും ഉത്തരമേഖലാ ജയില്‍ ഡി. ഐ.ജി എസ്. സന്തോഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂട്ടകൊലക്കേസ് പ്രതിയായിരുന്നിട്ടും മതിയായ ശ്രദ്ധ നല്‍കിയില്ല. തൂങ്ങിമരിക്കാന്‍ ഉപയോഗിച്ചത് സഹതടവുകാരി ഉണക്കാനിട്ട സാരിയായിരുന്നു. പ്രതി ആത്മഹത്യാപ്രവണത കാണിക്കാത്തതുകൊണ്ടാണ് ശ്രദ്ധിക്കാതെ പോയതെന്നും ആര്‍ത്തവ സമയമായതിനാല്‍ ടോയ്‌ലറ്റിലേക്ക് എന്നു പറഞ്ഞാണ് പോയതെന്നുമുളള ജയില്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം തൃപ്തികരമല്ലെന്നും ഡിഐജി വ്യക്തമാക്കിയിരുന്നു.
First published: August 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...