HOME » NEWS » Crime » POLICE FIND RESHMAS FACEBOOK LOVER AFTER SIX CALLS TO GREESHMAS PHONE

'ഗ്രീഷ്മയുടെ ഫോണിലേക്കു വന്ന ആറു കോളുകൾ'; രേഷ്മയുടെ 'ഫേസ്ബുക്ക് കാമുകനെ' കണ്ടെത്താൻ പൊലീസിന് തുമ്പായി

നിരവധി തവണ ഫേസ്ബുക്ക് കാമുകനെ കാണാനായി രേഷ്മ, ചാത്തന്നൂർ, പാരിപ്പള്ളി, വർക്കല, കല്ലമ്പലം എന്നീ സ്ഥലങ്ങളിൽ വന്നിരുന്നു. എന്നാൽ വിശ്വാസയോഗ്യമായ കാരണങ്ങൾ പറഞ്ഞു, ഓരോ തവണയും ഗ്രീഷ്മയും ആര്യയും രേഷ്മയെ കബളിപ്പിച്ചുകൊണ്ടിരുന്നു.

News18 Malayalam | news18-malayalam
Updated: July 4, 2021, 12:16 PM IST
'ഗ്രീഷ്മയുടെ ഫോണിലേക്കു വന്ന ആറു കോളുകൾ'; രേഷ്മയുടെ 'ഫേസ്ബുക്ക് കാമുകനെ' കണ്ടെത്താൻ പൊലീസിന് തുമ്പായി
News 18 Malayalam
  • Share this:
കൊല്ലം: കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച് കൊന്ന രേഷ്മയുടെ ഫേസ്ബുക്ക് കാമുകനെകുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ എല്ലാവരുമൊന്ന് ഞെട്ടി. എന്നാൽ ആ ഞെട്ടൽ കേസ് അന്വേഷിച്ച പൊലീസ് സംഘത്തിന് ഇല്ലായിരുന്നു. ഇത്തിക്കരയാറ്റിൽ ആത്മഹത്യ ചെയ്ത രണ്ടു യുവതികളായിരിക്കാം ഫേസ്ബുക്കിലൂടെ അനന്തു എന്ന പേരിൽ ചാറ്റ് ചെയ്തതെന്ന സംശയം പൊലീസിന് ഉണ്ടായിരുന്നു. ഇതുകാരണമാണ് ആര്യയെയും ഗ്രീഷ്മയെയും ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചത്. എന്നാൽ ഇരുവരും ആത്മഹത്യ ചെയ്തതോടെ, അനന്തു എന്ന ഫേസ്ബുക്ക് അക്കൌണ്ടിനെ കുറിച്ചുള്ള പൊലീസിന്‍റെ അന്വേഷണം താൽക്കാലികമായെങ്കിലും വഴിമുട്ടി.

എന്നാൽ ആര്യയുടെയും ഗ്രീഷ്മയുടെയും ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് പൊലീസിന് നിർണായക തെളിവായത്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് ഗ്രീഷ്മ ഒരു നമ്പരിലേക്ക് വിളിച്ചിരുന്നു. അതിനുശേഷം അതേ നമ്പരിൽനിന്ന് ആറു തവണ കോൾ വന്നിരുന്നു. ഈ കോളുകൾ വന്ന സമയത്ത് ഗ്രീഷ്മയും ആര്യയും ഇത്തിക്കരയാറ്റിലേക്ക് ചാടിയെന്ന് പൊലീസ് കണ്ടെത്തി. ഗ്രീഷ്മയുടെ ഫോണിലേക്കു വിളിച്ച നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം കേസിൽ തുമ്പുണ്ടാക്കുകയായിരുന്നു. ഗ്രീഷ്മയുടെ അടുത്ത സുഹൃത്തായിരുന്ന യുവാവിന്‍റേതായിരുന്നു ആ നമ്പർ. യുവാവിനെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് ഫേസ്ബുക്ക് കാമുകൻ അനന്ദു എന്ന പേരിൽ രേഷ്മയോട് ചാറ്റ് ചെയ്തത് ഗ്രീഷ്മയും ആര്യയുമാണെന്ന് പൊലീസിന് സ്ഥിരീകരിക്കാനായത്.

അമ്മ കരിയില കൂനയിൽ ഉപേക്ഷിച്ച, ഒരു ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിലാണ് അന്വേഷണ സംഘത്തിന്റെ നിർണായക കണ്ടെത്തൽ. അനന്ദുവെന്ന പേരിൽ പ്രണയം നടിച്ച് രേഷ്മയോട് സംസാരിച്ചിരുന്നത് ആത്മഹത്യ ചെയ്ത ബന്ധുക്കളായ യുവതികളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രേഷ്മയെ കബളിപ്പിക്കാനായിരുന്നു ഇരുവരുടേയും ശ്രമം. രേഷ്മയ്ക്ക് ഫേസ്ബുക്കിൽ നിരവധി ആൺ സുഹൃത്തുക്കളുണ്ടായിരുന്ന വിവരം ആര്യക്കും ഗ്രീഷ്മക്കും അറിയാമായിരുന്നു. വ്യാജ അക്കൗണ്ട് ഉണ്ടാക്കി പറ്റിക്കൽ എന്ന നിലയ്ക്കാണ് യുവതികൾ രേഷ്മയോട് സംസാരിച്ചത്. രേഷ്മയുടെ താൽപര്യങ്ങൾ എന്തൊക്കെയെന്ന് നേരത്തെ തന്നെ അറിയാമായിരുന്ന യുവതികൾ ആ ദൗർബല്യങ്ങൾ മുൻനിർത്തി ചർച്ച നടത്തിയെന്നാണ് പോലീസ് കരുതുന്നത്. ഇതിനിടെ നിരവധി തവണ ഫേസ്ബുക്ക് കാമുകനെ കാണാനായി രേഷ്മ, ചാത്തന്നൂർ, പാരിപ്പള്ളി, വർക്കല, കല്ലമ്പലം എന്നീ സ്ഥലങ്ങളിൽ വന്നിരുന്നു. എന്നാൽ വിശ്വാസയോഗ്യമായ കാരണങ്ങൾ പറഞ്ഞു, ഓരോ തവണയും ഗ്രീഷ്മയും ആര്യയും രേഷ്മയെ കബളിപ്പിച്ചുകൊണ്ടിരുന്നു.

Also Read- രേഷ്മയുടെ ഫേസ്ബുക്ക് 'കാമുകന്‍' ജീവനൊടുക്കിയ യുവതികൾ തന്നെ; തമാശ അതിരുവിട്ടപ്പോൾ നഷ്ടമായത് മൂന്ന് ജീവനുകൾ

തന്റെ മനസ്സ് നന്നായി അറിയുന്ന 'കാമുക'നിൽ രേഷ്മയും വീണു. രേഷ്മ ഗര്‍ഭിണിയാണെന്ന വിവരം യുവതികൾ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന. എന്നാൽ രേഷ്മയെ കബളിപ്പിക്കുന്ന വിവരം തുടക്കം മുതൽ ഗ്രീഷ്മ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. സുഹൃത്താണ് പൊലീസിന് വിവരങ്ങള്‍ കൈമാറിയത്. എന്നാല്‍ ഈ സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. അനന്ദുവെന്ന ആളുമായി രേഷ്മ സംസാരിച്ചിരുന്നെന്നും എന്നാലത് ആരാണെന്ന് അറിഞ്ഞിരുന്നിരുന്നില്ലെന്നും ഈ സൗഹൃദത്തിൽ ഭാര്യയെ വിലക്കിയിരുന്നുവെന്നും ഭർത്താവ് വിഷ്ണു പറയുന്നു.

കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ രേഷ്മ അറസ്റ്റിലായതിന് പിന്നാലെ ആര്യയെയും ഗ്രീഷ്മയെയും ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരെയും ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നിര്‍ദേശം ലഭിച്ചതിന് പിന്നാലെ ആര്യ ഭര്‍തൃസഹോദരിയുടെ മകള്‍ ഗ്രീഷ്മയെയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ഞങ്ങള്‍ പോകുകയാണെന്ന് രേഖപ്പെടുത്തിയ കത്തെഴുതി വച്ചായിരുന്നു യാത്ര. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് ഗ്രീഷ്മ, സുഹൃത്തിനെ വിളിച്ചിരുന്നു. ഇതേത്തുടർന്നാണ്, ഗ്രീഷ്മയുടെ ഫോണിലേക്ക് സുഹൃത്ത് തുടർച്ചയായി വിളിച്ചത്.

ഈ വര്‍ഷം ജനുവരി അഞ്ചിന് പുലര്‍ച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദര്‍ശനന്‍ പിള്ളയുടെ വീട്ടുവളപ്പില്‍ നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്വാസകോശത്തില്‍ അടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ വെച്ച് മരിക്കുകയും ചെയ്തു. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെന്നായിരുന്നു സുദര്‍ശനന്‍ പിള്ളയുടെയും കുടുംബത്തിന്റെയും നിലപാട്. എന്നാല്‍ കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചത് സുദര്‍ശനന്‍ പിള്ളയുടെ മകള്‍ രേഷ്മയാണെന്ന് ആറു മാസത്തിനിപ്പുറം പൊലീസ് കണ്ടെത്തുകയായിരുന്നു.
Published by: Anuraj GR
First published: July 4, 2021, 12:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories