കളിയിക്കാവിള: പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് സംഘടനയുടെ സാന്നിധ്യം അറിയിക്കാൻ

കൊലപാതകം നടന്ന് ഏഴാം ദിവസം പ്രതികൾ പിടിയിലായത് പൊലീസിന്‍റെ പഴുതടച്ചുള്ള അന്വേഷണത്തിലൂടെയാണ്. പ്രതികളെ കുടുക്കിയത് എങ്ങനെ? കൊലപാതകത്തിന്‍റെ കാരണം എന്ത്? പൊലീസ് അന്വേഷണം ഇനി ഏതുവഴിക്ക്? വിശദമായി വായിക്കാം...

News18 Malayalam | news18-malayalam
Updated: January 14, 2020, 8:35 PM IST
കളിയിക്കാവിള: പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് സംഘടനയുടെ സാന്നിധ്യം അറിയിക്കാൻ
kaliyikkavila murder
  • Share this:
കഴിഞ്ഞ ബുധനാഴ്ച രാത്രി 9.25ന് ആണ് കളിയിക്കാവിളയിലെ മാർക്കറ്റ് റോഡിലുള്ള ചെക്ക്പോസ്റ്റിൽ ഡ്യുട്ടിയിലുണ്ടായിരുന്ന എസ് എസ് ഐയെ കൊലപ്പെടുത്തിയത്. സംഭവ ദിവസം ഉച്ചക്ക് രണ്ട് മണിക്ക് നെയ്യാറ്റിൻകരയിൽ എത്തിയ പ്രതികൾ രാത്രി 8.45ഓടെ ഓട്ടോയിൽ കളിയിക്കാവിളയിലേക്ക് പോകുകയായിരുന്നു. കളിയിക്കാവിള മാർക്കറ്റ് ജംഗ്ഷനിൽ എത്തിയ ശേഷം ചെക്ക് പോസ്റ്റ്‌ കുറച്ചു സമയം നിരീക്ഷിച്ചു. തുടർന്ന് എസ് എസ് ഐയെ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തി. അതി ക്രൂരമായ കൊലപാതകമെന്നാണ് പിന്നീട് പുറത്ത് വന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ വ്യക്തമാക്കിയത്.

അന്വേഷണം ആരംഭിച്ച പോലീസിന് ആദ്യം പിടിവള്ളിയായത് കളിയിക്കാവിളയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച സി സി ടി വി ദൃശ്യങ്ങൾ. സി സി ടി വി ദൃശ്യങ്ങളിൽ നിന്നും ഇത് അബ്ദുൽ ഷമീമും തൗഫീഖുമാണെന്നു പോലീസ് കണ്ടെത്തി.

വൈകാതെ പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ട ശേഷം ലുക്ക് ഔട്ട്‌ നോട്ടീസും പുറപ്പെടുവിച്ചു. ഒപ്പം പ്രതികളെ സംബന്ധിച്ച വിവരങ്ങളും പോലീസ് ശേഖരിച്ചു. പ്രതികൾ നേരത്തെയും  കൊലപാതകങ്ങളിൽ പ്രതിയാണെന്നാണ് പോലീസ് കണ്ടെത്തിയത്. അബ്ദുൽ ഷമീം ചെന്നൈയിൽ നടന്ന വർഗീയ കൊലപാതകത്തിലും തൗഫീഖ് കന്യാകുമാരിയിൽ ഹൈന്ദവ നേതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതികളാണ്. ഈ കണ്ടെത്തലോടെയാണ് പോലീസ് നിരോധിത സംഘടനയായ തമിഴ് നാട് നാഷണൽ ലീഗിലേക്ക് എത്തുന്നത്. ഏതായാലും പിന്നീട് നെയ്യാറ്റിൻകരയിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് കണ്ടെത്തി.

സംഭവത്തിന്‌ പിന്നാലെ കേരള-തമിഴ്നാട് പോലീസ് സംഘങ്ങൾ സഹകരിച്ചാണ് അന്വേഷണം നടത്തിയത്. കേരളത്തിലും തമിഴ് നാട്ടിലും ബാംഗ്ലൂരിലുമായി പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 20ഓളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതിനിടയിൽ ബാംഗളൂരിൽ കസ്റ്റഡിയിലെടുത്ത ഇജാസ് എന്ന ആളെ ചോദ്യം ചെയ്തപ്പോഴാണ് കേസിലെ നിർണായക വിവരം ലഭിക്കുന്നത്. പ്രതികൾ ഉപയോഗിച്ച തോക്ക് വാങ്ങി നൽകിയത് ഇജാസായിരുന്നു. ഇജാസിൽ നിന്നാണ് പ്രതികൾ എവിടെയാണെന്നത് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചതും. തുടർന്ന്  ഉഡുപ്പിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

പിടിയിലായത് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 

കൊലപാതകം നടത്തിയ ശേഷം പ്രതികൾ കേരളം വഴി എത്തിച്ചേർന്നത് കർണാടകയിൽ. തുടർന്ന് നേപ്പാൾ വഴി വിദേശത്തേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. ഇതിനുള്ള കാര്യങ്ങൾ എല്ലാം പൂർത്തിയാക്കുമ്പോഴാണ് തമിഴ് നാട് പോലീസിന്റെ വലയിൽ അകപ്പെടുന്നത്.

ഇനി പോലീസ് ലക്ഷ്യമിടുന്നത് എന്ത്?

പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടിയത് പോലീസിനെ സംബന്ധിച്ച് കേസ് അന്വേഷണത്തിന്റെ വിജയത്തിന് ഒപ്പം മറ്റ് ചില കാര്യങ്ങളിൽ ചുരുളഴിക്കുക കൂടിയാണ്. തമിഴ് നാട്ടിലെ നിരോധിത സംഘടനയായ തമിഴ് നാട് നാഷണൽ ലീഗിലെ അംഗങ്ങളാണ് പ്രതികൾ. ഈ സംഘടന തമിഴ് നാട്ടിൽ വ്യാപകമായി സ്‌ഫോടനത്തിന് പദ്ധതി ഇടുന്നതായാണ് തമിഴ്നാട് ക്യു ബ്രാഞ്ചിന്റെ റിപ്പോർട്ട്‌.  പ്രതികളെ പിടികൂടിയതോടെ ഏതൊക്കെ സ്ഥാലങ്ങളിലാണ് സ്ഫോടനം നടത്താൻ പദ്ധതിയിട്ടതെന്ന കാര്യത്തിൽ അടക്കം ചുരുളഴിക്കാമെന്ന് പോലീസ് പ്രതീക്ഷിക്കുന്നു. ഒപ്പം സംസ്ഥാനത്തു നിന്ന് സംഘടനയെ പിഴുതെറിയുകയെന്നതും പോലീസിന്റെ മറ്റൊരു ലക്ഷ്യമാണ്. അതേസമയം കൊലപാതകം ചെയ്യാൻ  പ്രതികൾക്ക് സഹായം ചെയ്തു നൽകിയ വിതുര സ്വദേശി സെയ്ദാലിയെ കണ്ടെത്താനുള്ള പരിശ്രമവും തകൃതിയായി നടക്കേണ്ടതുണ്ട്.

എന്തായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്?

തമിഴ് നാട് നാഷണൽ ലീഗ് സംസ്ഥാനത്തു ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന് മനസിലാക്കിയ ശേഷം ഈ സംഘടനയിലെ ചില അംഗങ്ങളെ തമിഴ് നാട് ക്യു ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് എസ് എസ് ഐയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയാൽ സംഘടനയുടെ സാന്നിധ്യം നല്ല രീതിയിൽ അറിയിക്കാൻ കഴിയുമെന്ന് പ്രതികൾക്ക് ബോധ്യമുണ്ടായിരുന്നു. ഒപ്പം അതിർത്തിയായാൽ അതിന്റെ പ്രകമ്പനം രണ്ട് സംസ്ഥാനങ്ങളിൽ അലയടിക്കും. ഒരു പോലീസ് ഉദ്യോഗസ്ഥൻ മാത്രമുള്ള ചെക്ക് പോസ്റ്റിൽ കൊലപാതകം നടത്തിയ ശേഷം എളുപ്പത്തിൽ രക്ഷപെടാമെന്നതും പ്രതികൾ കളിയിക്കാവിള തെരഞ്ഞെടുക്കാൻ കാരണമായി.
Published by: Anuraj GR
First published: January 14, 2020, 8:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading