• HOME
  • »
  • NEWS
  • »
  • crime
  • »
  • 'ജോർജുകുട്ടി' ആകാൻ കഴിഞ്ഞില്ല; കൊല്ലത്ത് അന്വേഷണം വഴിതെറ്റിച്ച പ്രതി പോലീസ് വലയിലായി

'ജോർജുകുട്ടി' ആകാൻ കഴിഞ്ഞില്ല; കൊല്ലത്ത് അന്വേഷണം വഴിതെറ്റിച്ച പ്രതി പോലീസ് വലയിലായി

കൊലചെയ്യപ്പെട്ട സുനില്‍കുമാര്‍ സാംസന്റെ പോക്കറ്റില്‍ നിന്നും 1500 രൂപ ബലമായി എടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം ആയതും കൊലപാതകത്തില്‍ കലാശിച്ചതും.

അറസ്റ്റിലായ സാംസണ്‍(ജോസഫ്)

അറസ്റ്റിലായ സാംസണ്‍(ജോസഫ്)

  • Share this:
കുണ്ടറ: നാടിനെ നടുക്കിയ അരും കൊലപാതകത്തിലെ പ്രതിയെ തന്ത്രപരമായി പിടികൂടി കുണ്ടറ പോലീസ്. കേരളപുരം കോട്ടൂര്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ മകന്‍ പൊടിയന്‍ എന്ന് വിളിക്കുന്ന സുനില്‍കുമാര്‍ (38) ആണ് തിങ്കളാഴ്ച രാത്രി വീടിനുള്ളില്‍ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ നാടകീയരംഗങ്ങള്‍ അവതരിപ്പിച്ച് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ച ആള്‍ ഒടുവില്‍ പോലീസിന്റെ വലയിലും ആയി. കൊല്ലം വഴിക്കടവ് ചെമ്പകശ്ശേരി വീട്ടില്‍നിന്നും കേരളപുരം അംഗന്‍വാടിക്ക് സമീപം വയലില്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന സാംസണ്‍ എന്ന് വിളിക്കുന്ന ജോസഫ് (42) ആണ് അറസ്റ്റിലായത്.

സ്ഥിരമായി മദ്യപിക്കുന്ന ശീലമുള്ള സുനില്‍കുമാറും സാംസണും സുഹൃത്തുക്കളും അയല്‍വാസികളും ആണ്. സംഭവദിവസം ഉച്ചമുതല്‍ തന്നെ ഇരുവരും മദ്യ ലഹരിയിലായിരുന്നു. വൈകിട്ടോടെ കൊലചെയ്യപ്പെട്ട സുനില്‍കുമാര്‍ സാംസന്റെ പോക്കറ്റില്‍ നിന്നും 1500 രൂപ ബലമായി എടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം ആയതും കൊലപാതകത്തില്‍ കലാശിച്ചതും. വൈകുന്നേരം 7.30 മണിയോടുകൂടി കേരള പുരത്ത് പോയി ഭക്ഷണം വാങ്ങിയ സാംസണ്‍ സുനില്‍കുമാറിന്റെ വീടിനടുത്തുള്ള തിട്ടയിലിരുന്ന് കഴിച്ചശേഷം വീട്ടിലേക്ക് പോകുംവഴിയാണ് സുനില്‍കുമാര്‍ വീട്ടില്‍ ഇരുന്ന് ഒറ്റയ്ക്ക് ടിവി കാണുന്നത് സാംസന്റെ ശ്രദ്ധയില്‍പ്പെട്ടത്.

സുനിലിന്റെ വീട്ടിലേക്ക് കയറിച്ചെന്ന് സാംസണ്‍ സുനിലുമായി പൈസയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ കത്തി കൈവശപ്പെടുത്തിയ സാംസണ്‍ സുനിലിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മരണം ഉറപ്പാക്കുകയും ചെയ്തു. സംഭവശേഷം ആത്മഹത്യ ചെയ്യുന്നതിനായി കേരളപുരം ഭാഗത്തേക്ക് പോയ പ്രതി വഴിയരികില്‍ പൊന്തക്കാട്ടിലേക്ക് സുനില്‍കുമാറിനെ കുത്താന്‍ ഉപയോഗിച്ച കത്തി വലിച്ചെറിഞ്ഞതും പ്രതി കാണിച്ചുകൊടുത്തു. ആത്മഹത്യ ചെയ്യാന്‍ മനസ്സു വരാത്ത പ്രതി വീണ്ടും തിരികെ വന്ന് വീട്ടില്‍ പോയ ശേഷം പത്തു മണിയോടുകൂടി കൊലപാതകം നടന്ന വീട്ടില്‍ വരികയും അതുവഴി വന്ന ബൈക്ക് യാത്രക്കാരനായ യുവാവിനെയും പിന്നീട് അയല്‍ വാസികളേയും ബഹളംവെച്ച് വിളിച്ചുകൂട്ടി ഒപ്പം പൊലീസിനെയും വിവരമറിയിച്ചു.

പോലീസിനോടും നാട്ടുകാരോടും സാംസണ്‍ പറഞ്ഞ കഥ കൗതുകകരമായിരുന്നു. സുനില്‍ കുമാറിന്റെ വീട്ടില്‍ നിന്നും രണ്ടുപേര്‍ ഓടി പോകുന്നതായും മറ്റ് രണ്ടുപേര്‍ ഒരു സ്‌കൂട്ടറില്‍ പോയതായും വിശ്വസിപ്പിക്കാന്‍ സാംസണ്‍ കഴിഞ്ഞു. ആ വിവരത്തിന് അടിസ്ഥാനത്തില്‍ സുനില്‍കുമാറും ആയി ബന്ധമുള്ളതും സാംസണ്‍ പറഞ്ഞ അടയാളം ഉള്ളതുമായ അമ്പതോളം പേരെയും ഇരുപതോളം സ്‌കൂട്ടറുകളും ചുരുങ്ങിയ സമയം കൊണ്ട് കണ്ടെത്തി ചോദ്യം ചെയ്തതിലും പരിശോധിച്ചതിലും നിന്നാണ് കൃത്യമായി പ്രതിയിലേക്കെത്തുവാന്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പോലീസിന് കഴിഞ്ഞത്. സാഹചര്യത്തെളിവുകള്‍ നിരത്തി പോലീസ് സാംസനെ ചോദ്യം ചെയ്തപ്പോള്‍ നടന്ന സംഭവവും പറഞ്ഞ തിരക്കഥയും പോലീസ് പൊളിച്ചടുക്കി. ആരും വിശ്വസിക്കുന്ന തരത്തിലുള്ള ഒരു തിരക്കഥ ഉണ്ടാക്കി പിടിച്ചുനില്‍ക്കാന്‍ പ്രതി നടത്തിയ ശ്രമമാണ് പോലീസിന്റെ അന്വേഷണ മികവില്‍ പൊളിഞ്ഞത്.

ശാസ്താംകോട്ട ഡി.വൈ.എസ്പി. രാജ് കുമാറിന്റെ നേതൃത്വത്തില്‍ കുണ്ടറ ഐ. എസ്. എച്ച്. ഒ. മഞ്ജുലാല്‍, കുണ്ടറ എസ്‌ഐമാരായ ബാബു കുറുപ്പ്, ഡാറ്റ്‌സണ്‍, കണ്‍ട്രോള്‍ റൂം എസ് ഐ ആഷിര്‍ കോഹൂര്‍, എസ്.സി.പി.ഒ. മാരായ സതീഷ്, ഷാനവാസ്, സന്തോഷ്, അരുണ്‍ കൃഷ്ണന്‍, ബൈജു, അനീഷ്, രാജേഷ്, സജീര്‍ എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
Published by:Jayesh Krishnan
First published: