ആക്രിയിലെങ്ങിനെ ബോംബ് വന്നു? കണ്ണൂരിൽ സ്റ്റീൽ ബോംബ് പൊട്ടി അച്ഛനും മകനും മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതംകണ്ണൂർ: മട്ടന്നൂരിൽ വീട്ടിനകത്തെ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വീട്ടിൽ സ്റ്റീൽ ബോംബ് എങ്ങനെ എത്തി എന്നാണ് പരിശോധിക്കുന്നത്. ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനൊപ്പം പഴയ ചോറ്റു പാത്രമാണെന്ന് തെറ്റിദ്ധരിച്ചാകാം സ്റ്റീൽ ബോംബ് അതിഥി തൊഴിലാളികൾ എടുത്തു കൊണ്ടുവന്നത് എന്നാണ് സംശയിക്കുന്നത്.
ചോറ്റുപാത്രം തുറന്നു നോക്കുന്നതിനിടയിലാണ് സ്ഫോടനം ഉണ്ടായത് എന്നാണ് പോലീസ് കരുതുന്നത്. ഇന്നലെ സംഭവ സ്ഥലത്ത് ബോംബ് സ്ക്വാർഡും ഫോറൻസിക് സംഘവും പരിശോധന നടത്തിയിരുന്നു. ഡോഗ് സ്ക്വാഡിനെ കൂടി ഉപയോഗിച്ച് സ്റ്റീൽ ബോംബിന്റെ ഉറവിടം കണ്ടെത്താനാകുമോ എന്ന് പോലീസ് പരിശോധിക്കും.
ആക്രി സാധനങ്ങൾക്കിടയിലെ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ച പശ്ചാത്തലത്തിൽ മട്ടന്നൂരിലും സമീപ പ്രദേശങ്ങളിലും പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. സ്റ്റീൽ ബോംബുകൾ ഒഴിഞ്ഞ സ്ഥലങ്ങളിൽ സൂക്ഷിച്ചിട്ടുണ്ടോ എന്നും അലക്ഷ്യമായി ഉപേക്ഷിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Also Read-
ആക്രി പെറുക്കി കിട്ടിയ സ്റ്റീൽപാത്രം വീട്ടിൽ കൊണ്ടുവന്നപ്പോൾ പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു
കണ്ണൂർ മട്ടന്നൂരിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീടിനകത്ത് ഇന്നലെയാണ് സ്ഫോടനം ഉണ്ടായത്. ആസ്സാം സ്വദേശി ഫസൽ ഹഖ് മകൻ ഷാഹിദുൾ ഇസ്ലാം എന്നിവരാണ് മരിച്ചത്. ആക്രി സാധനങ്ങൾ സൂക്ഷിച്ച സ്ഥലത്തായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. ഫസൽ ഹഖ് സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു .
സ്ഫോടനം ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഷാഹിദുൾ ഇസ്ലാമിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഗുരുതരമായി പരിക്കേറ്റ ഷാഹിദുൾ ഇസ്ലാമിനെ രക്ഷിക്കാനായില്ല. ഇയാളുടെ മുഖത്ത് പരിക്കേറ്റിരുന്നു. ഒരു കൈപ്പത്തി അറ്റുപോയ നിലയിലായിരുന്നു. ഇന്നലെ വൈകുന്നേരം ആറരയോട് കൂടിയാണ് ചാവശ്ശേരി കാശിമുക്കിലെ വീട്ടിൽ സ്ഫോടനം ഉണ്ടായത്.
അതിഥി തൊഴിലാളികളായ അഞ്ചുപേരാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇതിൽ മൂന്നുപേർ സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. വീട്ടിനു പരിസരത്ത് ആക്രി സാധനങ്ങളും പ്ലാസ്റ്റിക്കും സൂക്ഷിച്ച നിലയിലായിരുന്നു.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ , എ സി പി പ്രദീപൻ കണ്ണിപ്പൊയിൽ, മട്ടന്നൂർ ഇൻസ്പെക്ടർ എം കൃഷ്ണൻ , എസ് ഐ കെ വി ഉമേഷ് തുടങ്ങിയവർ സംഭവസ്ഥലത്ത് ഇന്നലെ തന്നെ പരിശോധന നടത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.