കൊൽക്കത്ത: ശസ്ത്രക്രിയയ്ക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയുമായി യുവതി. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പൊലീസിൽ പരാതി നൽകി നാലുദിവസമായിട്ടും നടപടിയെടുത്തില്ലെന്നും യുവതി ആരോപിക്കുന്നു. കൊൽക്കത്തയിലെ ഫൂൽബാഗൻ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. എന്നാൽ നാലു ദിവസമായിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് യുവതി ചൊവ്വാഴ്ച കൊൽക്കത്ത പോലീസ് കമ്മീഷണർക്ക് ഇമെയിൽ വഴി പരാതി നൽകി.
പിത്തസഞ്ചിയിലെ ശസ്ത്രക്രിയയ്ക്കായാണ് യുവതി ആശുപത്രിയിൽ എത്തിയത്. ശസ്ത്രക്രിയയ്ക്കിടെ അനസ്തേഷ്യ നൽകിയ സമയത്ത് മെഡിക്കൽ സ്റ്റാഫ് തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായാണ് യുവതി ആരോപിക്കുന്നത്. ബോധം വീണ്ടെടുത്ത ശേഷം ശരീരത്തിൽ സ്വകാര്യ ഭാഗങ്ങളിൽ മറ്റൊരാൾ സ്പർശിച്ചതിന്റെയും മുറിവേൽപ്പിച്ചതിന്റെയും പാടുകൾ കണ്ടെത്തിയതായും യുവതി പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച അവർ പോലീസിൽ പരാതി നൽകി, അതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഐപിസി സെക്ഷൻ 354 പ്രകാരം പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. താൻ പരാതി നൽകിയിട്ട് നാല് ദിവസമായെങ്കിലും കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് യുവതി ആരോപിച്ചു.
കേസിലെ തെളിവുകൾ അട്ടിമറിക്കപ്പെടുകയാണെന്നും യുവതി ആരോപിച്ചു. “ഞാൻ ശസ്ത്രക്രിയയ്ക്കുശേഷമുള്ള പരിശോധനയ്ക്കായി ആശുപത്രിയിൽ വീണ്ടും പോയിരുന്നു. പൊലീസിന് ആവശ്യമായ റിപ്പോർട്ടും തിയറ്ററിലുണ്ടായിരുന്നവരുടെ വിവരങ്ങളും നൽകാൻ തയ്യാറാണെന്ന് ഡോക്ടർ എന്നോട് പറഞ്ഞു. എന്നാൽ പരാതി നൽകിയിട്ടും അന്വേഷണ ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്താൻ തയ്യാറായില്ല” അവർ പറഞ്ഞു.
എന്നാൽ യുവതി ഉന്നയിച്ച എല്ലാ ആരോപണങ്ങളും പോലീസ് നിഷേധിച്ചു. പ്രതികളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചുവരികയാണെന്നും അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. “പരാതിക്കാരിയുടെ മെഡിക്കൽ, ഫോറൻസിക് പരിശോധനകൾ നടത്തി. മജിസ്ട്രേറ്റിന് മുമ്പാകെ അവരുടെ മൊഴി ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 164 പ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്.”
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.