• HOME
  • »
  • NEWS
  • »
  • crime
  • »
  • യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമം: എട്ടു പേർക്കെതിരെ ലുക്കൗട്ട് നോട്ടീസ്

യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമം: എട്ടു പേർക്കെതിരെ ലുക്കൗട്ട് നോട്ടീസ്

സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്തതോടെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്

Akhil University College

Akhil University College

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിലെ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്. എട്ടുപേർക്കെതിരെയാണ് പൊലീസ്  ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ചികിത്സയിൽ കഴിയുന്ന അഖിലിന്റെ മൊഴിയെടുക്കാൻ പൊലീസ് ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും മൂന്നുദിവസം കൂടി കാത്തിരിക്കാനായിരുന്നു മറുപടി. പേരു വെളിപ്പെടുത്തിയാൽ അഖിലിനെ കൊലപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായി അച്ഛൻ ചന്ദ്രൻ വെളിപ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഖിലിനെ ആശുപത്രിയിലെത്തി കണ്ടു. ഇനിയും പ്രതികളെ പിടികൂടാത്ത പൊലീസ് നിലപാടിനെതിരെ വിമർശനം ശക്തമാകുകയാണ്.

    സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്തതോടെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നേരത്തെ പ്രതി ചേർക്കാതിരുന്ന രഞ്ജിത്തിന്റെ പേരും ലുക്കൗട്ട് നോട്ടീസിലുണ്ട്. ഇന്നു തന്നെ നോട്ടീസ് പുറത്തിറക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഉദ്യോഗസ്ഥൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കണ്ടാൽ തിരിച്ചറിയാവുന്ന പ്രതികളിലൊരാളായ ഇജാബിനെ പോലീസ് പിടികൂടി. നേമത്തെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇജാബിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

    'മറ്റു സംഘടനകള്‍ അനുവദിക്കില്ലെന്നത് മുട്ടാളത്തം': എസ്.എഫ്.ഐക്കെതിരെ ആഞ്ഞടിച്ച് എം.എ ബേബി

    അഖിലിന്റെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥർ തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർക്ക് അപേക്ഷ നൽകി. മൂന്ന് ദിവസത്തിന് ശേഷമേ മൊഴിയെടുക്കാനാകൂവെന്ന് അധികൃതർ പറഞ്ഞു. അതേസമയം അഖിലിനെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷവും പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് അച്ഛൻ ചന്ദ്രൻ വെളിപ്പെടുത്തി. മകൻ തുടർന്നും യൂണിവേഴ്സിറ്റി കോളേജിൽ തന്നെ പഠിക്കുമെന്നും സിപിഎം എല്ലാ പിന്തുണയും നൽകിയിട്ടുണ്ടെന്നും ചന്ദ്രൻ പറഞ്ഞു.

    ചികിത്സയിൽ കഴിയുന്ന അഖിലിനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സന്ദർശിച്ചു. എം.എ ബേബി, എം.വി ഗോവിന്ദൻ എന്നിവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.

    അതേസമയം പ്രതികൾ തിരുവനന്തപുരം നഗരത്തിൽ തന്നെ ഉണ്ടെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ. പ്രതികൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ള പിഎംജി സ്റ്റുഡന്റ് സെന്ററിലോ യൂണിവേഴ്സിറ്റി ഹോസ്റ്റലിലോ പരിശോധന നടത്താൻ പൊലീസ് തയ്യാറായിട്ടില്ല. അഖിലിന്റെ മൊഴിയെടുത്ത ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കാനാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ നീക്കം. പൊലീസ് ഉദ്യോഗസ്ഥനെ തല്ലിയ കേസിലെ പ്രതിയായ നസീമിന് അനുകൂലമായ നിലപാടിനെതിരെ സേനയിൽ പ്രതിഷേധവും ശക്തമാണ്.
    First published: