• HOME
  • »
  • NEWS
  • »
  • crime
  • »
  • 25 വർഷം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതിയെ കുടുക്കിയത് 28 സെക്കന്‍ഡ് മാത്രമുള്ള ഒരു ഫോൺകോൾ

25 വർഷം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതിയെ കുടുക്കിയത് 28 സെക്കന്‍ഡ് മാത്രമുള്ള ഒരു ഫോൺകോൾ

മൊബൈൽ ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലത്ത് വേല്ലുച്ചാമി എന്ന പേരിൽ കഴിയുകയായിരുന്നു പ്രതി. വണ്ടൻമേട് മാലി ഇഞ്ചപ്പടപ്പിൽ ഏലക്കാടുകൾക്ക് നടുവിലായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്

  • Share this:
കട്ടപ്പന: തമിഴ്നാട് മധുര സെൻട്രൽ ജയിലിൽ നിന്നും 25 വർഷം മുൻപ് കടന്നു കളഞ്ഞ, ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഇരട്ടക്കൊലക്കേസ് പ്രതിയെ കുടുക്കിയത് 28 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഫോൺ കോൾ. ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവിൽ കഴിയവെ 25 വർഷം മുൻപ് പരോളിലിറങ്ങി മുങ്ങിയ വെള്ളച്ചാമി (73)യെയാണ് ഇടുക്കി വണ്ടൻമേട് മാലിയിൽ നിന്നും കട്ടപ്പന ഡിവൈഎസ്പിയുടെ സ്പെഷ്യൽ ടീം പിടികൂടിയത്.

മൊബൈൽ ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലത്ത് വേല്ലുച്ചാമി എന്ന പേരിൽ കഴിയുകയായിരുന്നു പ്രതി. വണ്ടൻമേട് മാലി ഇഞ്ചപ്പടപ്പിൽ ഏലക്കാടുകൾക്ക് നടുവിലായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്. രണ്ടരവർഷം മുൻപായിരുന്നു വെള്ളച്ചാമി ഇവിടെയെത്തിയത്. തമിഴ്നാട്ടിൽ നിന്ന് ജോലിക്കായി ഒട്ടേറെ പേർ വരുന്നതിനാലും ഒരു ഫോട്ടോ പോലും പൊലീസിന്‍റെ കൈവശം ഇല്ലാതിരുന്നതിനാലും ഇവിടെ സുരക്ഷിതമായി കഴിയാമെന്നാണ് ഇയാൾ കരുതിയത്.

Also Read- ഫോട്ടോപോലുമില്ലാതെ 25 വർഷം മുമ്പ് ജീവപര്യന്തം തടവിനിടെ പരോളിലിറങ്ങി മുങ്ങിയ ഇരട്ടക്കൊലക്കേസ് പ്രതി പിടിയിൽ

മക്കളിൽ ഒരാൾക്ക് ഒരു കേരള നമ്പറിൽ നിന്ന് വിളിപോയതാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. നമ്പർ മനസിലാക്കിയ തമിഴ്നാട് പൊലീസ് ഇത് കേരള പൊലീസിന് കൈമാറുകയായിരുന്നു. മൊബൈൽ ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലമായതിനാൽ കുറേനാൾ‌ അന്വേഷിച്ചാണ് പ്രതിയെ പിടികൂടിയത്. അന്വേഷണത്തിൽ വേലുച്ചാമി എന്ന പേരിൽ ഒരാൾ ഇവിടെ ജോലി ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചു. കസ്റ്റഡിയിലെടുത്തപ്പോൾ വെള്ളച്ചാമിയാണെന്ന് ഇയാൾ പൊലീസിനോട് സമ്മതിക്കുകയായിരുന്നു.

1984 ൽ സ്വത്തു തർക്കത്തെ തുടർന്നും മാതൃ സഹോദര പുത്രിയെ സ്നേഹിച്ച് വിവാഹം കഴിച്ചതിലുള്ള വിരോധം കാരണവും ബന്ധുക്കളായ രണ്ട് യുവാക്കളെ തമിഴ്നാട്ടിലുള്ള വരശനാട് കടമലക്കുണ്ട് ഭാഗത്ത് വെച്ച് ദാരുണമായി കുത്തിയും വെട്ടിയും അടിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് വെള്ളച്ചാമി. 1992 ൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വരവേ 1997ൽ പരോൾ തരപ്പെടുത്തി പുറത്തിറങ്ങിയശേഷം തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.

Also Read- 27 വർഷത്തെ പക, കോടതി വെറുതെ വിട്ടതോടെ ‌പ്രഭാകര കുറുപ്പിനെയും ഭാര്യയെയും തീകൊളുത്തി കൊന്നു

വെള്ളച്ചാമിയുടെ ഫോട്ടോ പോലും കൈവശമില്ലാത്തതിനാലും ബന്ധുക്കളുമായി സഹകരണം ഇല്ലാത്തതിനാലും തമിഴ്നാട് പൊലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് അതിർത്തി മേഖലയായതിനാൽ കട്ടപ്പന ഡിവൈഎസ്പി യുടെ പ്രത്യേക അന്വേഷണ സംഘവുമായി തമിഴ്നാട് പൊലീസ് ഈ വിവരം പങ്കുവെച്ചിരുന്നു. തുടർന്ന് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നിർദ്ദേശാനുസരണം സ്പെഷ്യൽ ടീം നടത്തിയ അതിവിദഗ്ധമായ നീക്കത്തിനൊടുവിലാണ് വെള്ളിയാഴ്ച വണ്ടൻമേട് മാലി ഇഞ്ചപ്പടപ്പിൽ ഏലക്കാടുകൾക്ക് നടുവിൽ നിന്ന് വെള്ളച്ചാമിയെ പിടികൂടിയത്. തുടർന്ന് പ്രതിയെ തമിഴ്നാട് പൊലീസിനും മധുര സെൻട്രൽ ജയിൽ അധികൃതർക്കുമായി കൈമാറി.

കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സജിമോൻ ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ടോണി ജോൺ, സിവിൽ പൊലീസ് ഓഫീസർ അനീഷ് വി കെ എന്നിവരാണ് പ്രതിയെ പിടികൂടി തമിഴ്നാടിന് കൈമാറിയത്.
Published by:Rajesh V
First published: