നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മോഷ്ടിച്ച കാറുമായി ഇന്ധനം നിറയ്ക്കാനെത്തി; പൊലീസ് വിരിച്ച വലയില്‍ കുടുങ്ങി മോഷ്ടാക്കള്‍

  മോഷ്ടിച്ച കാറുമായി ഇന്ധനം നിറയ്ക്കാനെത്തി; പൊലീസ് വിരിച്ച വലയില്‍ കുടുങ്ങി മോഷ്ടാക്കള്‍

  പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

  News18 Malayalam

  News18 Malayalam

  • Share this:
   വയനാട്: യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്ന് കാറുമായി കടന്നുകളഞ്ഞ മോഷ്ടാക്കാളെ പിടികൂടി പൊലീസ്. മലപ്പുറം കാര്യവട്ടം ചെറങ്ങരക്കുന്ന് താളിയില്‍ വീട്ടില്‍ രത്‌നകുമാര്‍(42), കൊല്ലം കടക്കല്‍ ചാലുവിള പുത്തന്‍ വീട്ടില്‍ അബ്ദുല്‍ കരിം(37) എന്നിവരാണ് പിടിയിലായത്. മാനന്തവാടിയിലെ യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്ന് കാറുമായി മുങ്ങുകയായിരുന്നു.

   യൂസ്ഡ് കാര്‍ ഷോറൂമുകളില്‍ വാഹനങ്ങളില്‍ ഇന്ധനം കുറവായിരിക്കും ഉണ്ടായിരിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മോഷ്ടിച്ച കാറുമായി തോണിച്ചാല്‍ പെട്രോള്‍ പമ്പില്‍ വെച്ചാണ് മോഷ്ടാക്കളെ പിടികൂടിയത്.

   ഓഫീസ് മുറി കുത്തിതുറന്ന് താക്കോല്‍ കൈക്കലാക്കിയ ശേഷം മോഷ്ടിച്ച കാര്‍ പുറത്തേക്ക് ഇറക്കുന്നതിനായി മറ്റൊരു കാറിന്റെ ഡോര്‍ കുത്തി തുറന്ന് ആ വാഹനം തള്ളി മാറ്റുകയും ചെയ്തു. എന്നാല്‍ സമീപവാസി ശബ്ദം കേള്‍ക്കുകയും സ്ഥാപന ഉടമകളായ അബൂബക്കര്‍, ജമാല്‍ എന്നിവരെ വിവരമറിയിക്കുകയുമായിരുന്നു.

   രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന തോണിച്ചാലിലെ പമ്പിലെത്തുകയും ഇന്ധനം നിറക്കാന്‍ കയറിയ വാഹനം തടഞ്ഞ് നിര്‍ത്തി മോഷ്ടാക്കളെ പൊലീസ് പിടികൂടുകയുമായിരുന്നു. അബ്ദുള്‍ കരീം പനമരം പോലിസ് സ്റ്റേഷനിലെ വിവിധ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്ന് കേസുകളിലുള്‍പ്പെടെ രത്‌നകുമാറിനും പങ്കുള്ളതായാണ് വിവരം.

   അമ്മയെ ചതിച്ചു കടന്നുകളഞ്ഞയാളെ തിരഞ്ഞുപിടിച്ച്‌ മകള്‍; വിവാഹതട്ടിപ്പ് വീരൻ 16 വര്‍ഷത്തിന് ശേഷം പിടിയിൽ

   പതിനാറ് വർഷങ്ങൾക്ക് ശേഷം വിവാഹത്തട്ടിപ്പും സ്ത്രീ പീഡനവും നടത്തിയ മുങ്ങിയയാളെ അറസ്റ്റ് ചെയ്തു. കൊച്ചി നോര്‍ത്ത് പൊലീസ് സംഘം ഉത്തരാഖണ്ഡിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കായംകുളം പട്ടോളി മാര്‍ക്കറ്റ് സുമാലയത്തില്‍ തമ്പിയെയാണ്(47) പോലീസ് അറസ്റ്റ് ചെയ്തത്. 16 വര്‍ഷം മുന്‍പു വിവാഹത്തട്ടിപ്പു നടത്തിയ കേസിലാണ് ഇയാള്‍ ഇപ്പോഴാണ് അറസ്റ്റിലായത്. സിനിമയെ വെല്ലുന്നതാണ് ഇതിന് പിന്നിലെ കഥ. ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട തൃശൂര്‍ സ്വദേശിനിയെ താന്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന വിവരം മറച്ചു വച്ച്‌ ഇയാള്‍ വിവാഹം കഴിക്കുകയായിരുന്നു.

   രാജസ്ഥാനിലെ ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇയാളുടെ വിവാഹം. കുറച്ചു കാലം യുവതിക്കൊപ്പം താമസിച്ച ശേഷം മുങ്ങിയ തമ്പിയെക്കുറിച്ചു പിന്നീടു വിവരമൊന്നും ലഭിച്ചിരുന്നില്ല. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനിലെ ഉദ്യോഗസ്ഥനാണ് അയാള്‍ എന്ന വിവരം മാത്രം തട്ടിപ്പിനിരയായ യുവതിക്ക് അറിയാമായിരുന്നത്. ഒരു പെണ്‍കുഞ്ഞിനു ജന്‍മം നല്‍കിയ യുവതി വര്‍ഷങ്ങളോളം അന്വേഷിച്ചിട്ടും തമ്പിയെ കണ്ടെത്താനായില്ല.

   ഫലം കണ്ടത് മകളുടെ സോഷ്യൽ മീഡിയ പോസ്റ്റ്

   15 വയസായപ്പോള്‍ തമ്പിയെ തിരയുന്നു എന്ന പറഞ്ഞ് മകള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിടുകയായിരുന്നു. തമ്പിയുടെ ജോലി സംബന്ധമായ വിവരങ്ങളും അമ്മയുടെ കയ്യിലുണ്ടായിരുന്ന ഇയാളുടെ ഒരു ഫോട്ടോയും മകള്‍ പോസ്റ്റിനൊപ്പം ചേര്‍ത്തു. ഇതു കണ്ടു തമ്പിക്കൊപ്പം ജോലി ചെയ്തിരുന്ന ആളുകള്‍ ഇയാള്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ മാനസ സരോവര്‍ മേഖലയിലാണ് ജോലി ചെയ്യുന്നതെന്ന അമ്മയെയും മകളെയും ബന്ധപ്പെട്ട് വിവരം അറിയിച്ചു. ഇക്കാര്യം തമ്പിയെയും അറിയിച്ചു.

   കഴിഞ്ഞ ജൂണില്‍ തമ്പി നാട്ടിലെത്തിയിരുന്നു. ഇവരെ കാണുകയും ഒരു ദിവസം ഒപ്പം താമസിക്കുകയും അന്നു രാത്രി വീണ്ടും പീഡിപ്പിക്കുകയും ചെയ്തു. ഇതിനു ശേഷം ഒരു വര്‍ഷത്തോളം വീണ്ടും വിവരമൊന്നുമില്ലാതായതോടെയാണ് യുവതി പൊലീസിന് പരാതി നല്‍കിയത്. പ്രതി തങ്ങിയ മേഖല ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനില്‍ നിന്നു കണ്ടെത്തിയതോടെ അവിടെയെത്തി ഇയാളെ പിടികൂടാന്‍ സിറ്റി ഡി സി പി ഐശ്വര്യ ഡോങ്രെ നോര്‍ത്ത് പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
   Published by:Jayesh Krishnan
   First published: