കൊല്ലം: വിസ്മയയുടെ മരണത്തില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് ആലോചന. ഭര്‍ത്താവ് കിരണ്‍കുമാറിന് പരമാവധി ശിക്ഷ ഉറപ്പാക്കാൻ രഹസ്യമൊഴി ഗുണകരമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അതേസമയം കിരണ്‍കുമാറിനായി പോലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ കോടതിയുടെ പരിഗണനയിലാണ്.
വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിന് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന വകുപ്പുകള്‍ ചുമത്താന്‍ ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണസംഘത്തിന് നിര്‍ദ്ദേശം നല്‍കി. അതുകൊണ്ട് തന്നെ സി.ആര്‍.പി.സി 164 വകുപ്പ് പ്രകാരം വിസ്മയയുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മൊഴി രേഖപ്പെടുത്താനാണ് അന്വേഷണസംഘം ആലോചിക്കുന്നത്.
ഫോറന്‍സിക് പരിശോധന ഫലം കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് ലഭിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഫോറൻസിക് റിപ്പോർട്ട് അവലോകനം ചെയ്തു. കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള പോലീസ് അപേക്ഷ കോടതി പരിഗണനയിലാണ്. കിരണിനെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ വിസ്മയയുടെ വീട്ടില്‍ അടക്കം എത്തിച്ച് തെളിവെടുക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
കിരണിന്റെ സഹോദരി ഭര്‍ത്താവിനെ ഇന്നലെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം വേണ്ടിവന്നാല്‍ വീണ്ടും ചോദ്യം ചെയ്യും. വിസ്മയയുടെ ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലം വേഗത്തില്‍ ലഭ്യമാക്കാന്‍ അന്വേഷണസംഘം ശ്രമം തുടങ്ങി. തൂങ്ങിമരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം.
എന്നാല്‍ വിസ്മയയുടേത് അത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം കൂടി ലഭിക്കേണ്ടതുണ്ട്. കിരണ്‍ നേരത്തെ നശിപ്പിച്ച വിസ്മയയുടെ ഫോണ്‍ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. ഇരുവരുടേയും മൂന്നു ഫോണുകള്‍ സൈബര്‍ സെല്ലിന് കൈമാറി. സൈബര്‍സെല്ലിന്റെ സഹായത്തോടെ ഈ ഫോണുകളിലെ എല്ലാ സന്ദേശങ്ങളും തിരിച്ചെടുക്കാനാണ് പോലീസ് ശ്രമം.
അതേസമയം, കരിയില കൂട്ടത്തിനിടയിൽ ഉപേക്ഷിച്ച കുഞ്ഞു മരിച്ച സംഭവത്തിൽ അമ്മയുടെ ഫേസ്ബുക്ക് സുഹൃത്തായ യുവാവിന്റെ പേര് തിരിച്ചറിഞ്ഞ് അന്വേഷണസംഘം. കൊല്ലം സ്വദേശി അനന്ദു എന്ന പേരിലെ ഐഡിയിലുള്ള ആളുമായാണ് രേഷ്മ സംസാരിച്ചിരുന്നത് എന്ന് കണ്ടെത്തി. എന്നാൽ ഈ വ്യക്തി എവിടെയാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. വർക്കലയിലും പരവൂരും ഇരുവരും കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്നും മനസ്സിലായി. കോവിഡ് ബാധിതയായതിനാൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യാനും സാധിച്ചിട്ടില്ല.
രേഷ്മ നൽകിയ മൊഴിയനുസരിച്ചാണ് അനന്ദുവെന്ന പേര് അന്വേഷണ സംഘം ഫേസ്ബുക്കിൽ തിരഞ്ഞത്. ഫേസ്ബുക്ക് സുഹൃത്തിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മയുടെ മൊഴി. കൊല്ലം സ്വദേശിയാണ് അനന്ദുവെന്ന അക്കൗണ്ടിൻ്റെ ഉടമയെന്ന് അന്വേഷണ സംഘം കരുതുന്നു. വർക്കലയിലേക്കും പരവൂരിലേക്കും കൂടിക്കാഴ്ചയ്ക്കായി രേഷ്മയെ വിളിച്ച സന്ദേശങ്ങൾ കണ്ടെത്തി. എന്നാൽ, ഇരു സ്ഥലങ്ങളിലേക്കും രേഷ്മ എത്തിയെങ്കിലും അജ്ഞാത സുഹൃത്ത് അവിടെ എത്തിയില്ലെന്ന് പിന്നീടുള്ള സന്ദേശങ്ങൾ വഴി കരുതുന്നു. ഇതുവരെ ഫേസ്ബുക്ക് സുഹൃത്തിനെ കണ്ടിട്ടില്ലെന്നാണ് രേഷ്മയുടെയും മൊഴി.
കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി ഫേസ്ബുക്കിനെ സമീപിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ ആലോചന. കോവിഡ് ബാധിതയായതിനാൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യാനും സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത ആര്യയുടെ സിം കാർഡാണ് രേഷ്മ ഉപയോഗിച്ചിരുന്നത്. ആര്യയ്ക്കോ ആത്മഹത്യ ചെയ്ത മറ്റൊരു യുവതി ഗ്രീഷ്മയ്ക്കോ ഫേസ്ബുക്കിലെ അനന്ദുവുമായി നേരത്തെ ബന്ധമുണ്ടായിരുന്നോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dowry, Kerala police, Kollam, Reshma Arrest, Vismaya death case