കണ്ണൂർ: വിമാനയാത്രക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കുട്ടി നൽകിയ പരാതിയെ തുടർന്ന് കണ്ണൂർ എയർപോർട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പോക്സോ നിയമപ്രകാരമാണ് കേസ്. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരൻ പ്രസാദിനെതിരെ ആണ് പരാതി.
കഴിഞ്ഞ അഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. എയർ ഇന്ത്യ എക്സ്പ്രസിൽ യാത്ര ചെയ്ത കുട്ടിക്ക് നേരെയാണ് പീഡനശ്രമം. മസ്കറ്റിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്രക്കിടെയാണ് പീഡന സംഭവം നടന്നത്. വിമാനത്തിനകത്ത് ക്യാബിൻ ക്രൂ വിൻറെ ഭാഗത്തുനിന്നാണ് അപ്രതീക്ഷിത പെരുമാറ്റം ഉണ്ടായതായി ആൺ കുട്ടി പരാതി നൽകിയിട്ടുള്ളത്.
കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു പതിനഞ്ചുകാരൻ . വിമാനത്തിനകത്ത് ജീവനക്കാരുമായി സൗഹൃദത്തിലായ കുട്ടി പുറകുവശത്തെ പോയി. പുറകിലെ കർട്ടന് പിന്നിൽ വെച്ച് കുട്ടിയെ ജീവനക്കാരൻ കടന്നുപിടിക്കാൻ ശ്രമിച്ചു. കൈ തട്ടിമാറ്റി ഓടിയ കുട്ടി മാതാവിന്റെ അടുത്ത് എത്തി വിവരം പറഞ്ഞു. കുട്ടി കരയാൻ തുടങ്ങിയതോടെ പരാതി നൽകുന്നതിനെക്കുറിച്ച് കുറച്ച് മറ്റു യാത്രക്കാരും ഉപദേശങ്ങൾ നൽകി.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ കുട്ടിയുടെ മാതാവ് പോലീസിനെ വിവരം അറിയിച്ചു. കുട്ടിയോട് മോശമായി പെരുമാറാൻ ശ്രമിച്ച എയർ ഇന്ത്യ ജീവനക്കാരന് താക്കീത് ചെയ്യണം എന്നായിരുന്നു മാതാവിന്റെ ആവശ്യം.
എന്നാൽ കുട്ടിക്ക് നേരെയുണ്ടായ പെരുമാറ്റം ഗൗരവതരമായി ആയി പോലീസ് പരിഗണിച്ചു. ജീവനക്കാരനെ വിളിച്ച് താക്കീത് ചെയ്തു കേസ് ഒത്തുതീർപ്പാക്കാൻ ആകില്ലെന്നും പോലീസ് കുടുംബത്തെ അറിയിച്ചു. പോക്സോ നിയമപ്രകാരം കേസിന്റെ പ്രാധാന്യം വ്യക്തമാക്കിയതോടെ പതിനഞ്ചുകാരൻ പരാതി എഴുതി നൽകി. കുട്ടിയുടെ നാട്ടിലെ ബന്ധുക്കളും പോലീസ് നിലപാട് ശരിവെച്ചു.
തനിക്ക് നേരെ ഉണ്ടായത് ലൈംഗിക ചുവയോടെ കൂടിയുള്ള പെരുമാറ്റം ആണെന്ന് കുട്ടിക്ക് കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്. വിമാനത്തിലെ ജീവനക്കാന്റെ മോശം രീതിയിലുള്ള പെരുമാറ്റത്തെ സംബന്ധിച്ച് കൃത്യമായ മൊഴിയും കുട്ടി പോലീസിന് നൽകിയിട്ടുണ്ട്.
Also Read-
Pocso | കണ്ണൂരിലേക്ക് വന്ന വിമാനത്തിൽ 15കാരനെ പീഡിപ്പിച്ചു; കാബിൻ ക്രൂവിനെതിരെ പോക്സോ കേസ്
പോക്സോ നിയമപ്രകാരം ഉള്ള കാര്യങ്ങളും പോലീസ് കുട്ടിയോട് വ്യക്തമായി വിവരിച്ചിട്ടുണ്ട്. പോക്സോ നിയമപ്രകാരം പ്രതി ഏതുതരത്തിലുള്ള കുറ്റമാണ് ചെയ്തിട്ടുള്ളതെന്നും അതിനുള്ള ശിക്ഷ എന്താണെന്നും കുട്ടിക്ക് വ്യക്തമായിട്ടുണ്ട്.
അതുകൊണ്ടുതന്നെ അന്വേഷണ ഉദ്യോഗസ്ഥരോട് പതിനഞ്ചുകാരൻ കൃത്യമായി സഹകരിക്കുന്നുണ്ട്. പ്രതിയെ താക്കീത് ചെയ്ത് വിട്ടയച്ചാൽ മതി എന്ന അഭിപ്രായം മാറ്റി സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് കുട്ടിയുടെ കുടുംബാംഗങ്ങളും നിലപാട് സ്വീകരിച്ചിട്ടുണ്ട്.
യാത്രക്കാരോടുള്ള പെരുമാറ്റത്തെ സംബന്ധിച്ച് വിശദമായ പരിശീലനം ലഭിച്ച ശേഷമാണ് ക്യാബിൽ ക്രൂ വിമാനത്തിൽ സേവനത്തിനായി എത്തുന്നത്. അത്തരത്തിൽ ഒരാളുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റം അമ്പരപ്പോട് കൂടിയാണ് പോലീസ് നോക്കികാണുന്നത്. മലയാളിയല്ലാത്ത പ്രതിയെ വിളിച്ചുവരുത്തി പോലീസ് വിശദമായി ചോദ്യം ചെയ്യും. കേസ് ഗൗരവതരമായി അന്വേഷിച്ച് പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് എയർപോർട്ട് പോലീസിന്റെ നീക്കം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.