മലപ്പുറം: അന്താരാഷ്ട്രമാർക്കറ്റിൽ മൂന്ന് കോടി വരെ വില ലഭിക്കുന്ന 311 ഗ്രാം എംഡിഎംഎ(MDMA) മയക്കുമരുന്നുമായി(Drug) മൊറയൂർ സ്വദേശിയെ ആണ് മലപ്പുറം പോലീസ്(Police) പിടികൂടിയത്. മേൽമുറി ടൗണിനടുത്ത് ഹൈവേയിൽ വച്ച് കാറിൽ ഒളിപ്പിച്ച് കടത്തിയ 311 ഗ്രാം എംഡിഎംഎ യുമായി മൊറയൂർ സ്വദേശി കക്കാട്ടുചാലിൽ മുഹമ്മദ് ഹാരിസ് (29) നെ ആണ് അറസ്റ്റ് ചെയ്തത്. മലപ്പുറം പോലീസ് നടത്തിയത് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട ആണ്.
ബാംഗ്ലൂർ ,ഗോവ എന്നിവിടങ്ങളിൽ നിന്നും എംഡിഎംഎ (മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ) പോലുള്ള മാരക മയക്കുമരുന്നുകൾ യുവാക്കളേയും കോളേജ് വിദ്യാർത്ഥികളേയും ലക്ഷ്യം വച്ച് കേരളത്തിലേക്ക് കടത്തി വിൽപ്പന നടത്തുന്ന മയക്കുമരുന്ന് സംഘം പ്രവർത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ജില്ലയുടെ വിവിധ മേഖലകളിൽ നിന്ന് 12 പേരെ എംഡിഎംഎ യുമായി പോലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണവും പരിശോധനയും ആണ് ഇത്രയും വലിയ അളവിൽ ഉള്ള മയക്കു മരുന്ന് വേട്ടയിൽ എത്തിച്ചത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിൻ്റെ നിർദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി പി.എം പ്രദീപ്, സി.ഐ. ജോബിതോമസ് എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം എസ്.ഐ. അമീറലിയും സംഘവും ആണ് കേസിൽ അന്വേഷണം നടത്തുന്നത്. ഒരാഴ്ചയോളം ജില്ലയിലെ ചെറുകിട മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലുള്ളവരെ പോലീസ് രഹസ്യമായി നിരീക്ഷിച്ചുവരിക ആയിരുന്നു. മൊറയൂർ ഭാഗത്ത് നിന്ന് മലപ്പുറം ഭാഗത്തേക്ക് മയക്കുമരുന്നുമായി കാറിൽ വരുന്നു എന്ന വിവരത്തിൻ്റെയടിസ്ഥാനത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് പ്രതി പിടിയിൽ ആയത്.
വൻ സാമ്പത്തികലാഭം ലക്ഷ്യം വച്ചാണ് മയക്കുമരുന്ന് കച്ചവടത്തിലേക്കിറങ്ങിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ ബാംഗ്ലൂരിൽ നിന്നും കുറഞ്ഞവിലയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് ഗ്രാമിന് ഏറ്റവും കുറഞ്ഞത് അയ്യായിരം മുതൽ പതിനായിരം രൂപ വരെ വിലയിട്ടാണ് യുവാക്കൾക്ക് വിൽപ്പന നടത്തുന്നത് എന്ന് വ്യക്തമായി. ആവശ്യക്കാർ മോഹവിലകൊടുത്ത് വാങ്ങുമെന്നതും ഈ കച്ചവടത്തിൻ്റെ പ്രത്യേകതയാണ്. അക്കാരണം കൊണ്ട് തന്നെ 300 ഗ്രാം എം ഡി എം എക്ക് മൂന്ന് കോടി വരെ വില കണക്കാക്കാം.
ജില്ലയിൽ മൊറയൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ മുഹമ്മദ് ഹാരിസ് . പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ ജില്ലയിലെ മറ്റു വിൽപ്പനക്കാരെകുറിച്ചും സ്ഥിരമായി മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നവരെകുറിച്ചുമുള്ള വിവരം ലഭിച്ചതായും അവരെ നിരീക്ഷിച്ചുവരികയാണെന്നും ഡിവൈഎസ്പി പി.എം.പ്രദീപ് അറിയിച്ചു .
മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിൻ്റെ നേതൃത്വത്തിൽ മലപ്പുറം ഡിവൈഎസ്പി പി.എം.പ്രദീപ് , സിഐ ജോബിതോമസ്, എസ്.ഐ.അമീറലി, ജില്ലാ ആൻ്റിനർക്കോട്ടിക് സ്ക്വാഡിലെ സി.പി.മുരളീധരൻ ,പ്രശാന്ത് പയ്യനാട് , എൻ.ടി.കൃഷ്ണകുമാർ ,ദിനേഷ് .കെ, പ്രഭുൽ.കെ., സഹേഷ്, എ.എസ്.ഐ.സിയാദ് കോട്ട, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സതീഷ് കുമാർ ,രജീഷ്, ഹമീദലി,ജസീർ, എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Drug Case, Malappuram