കൊച്ചി: കളമശേരിയിൽ വൻ മദ്യവേട്ട. അതിഥി തൊഴിലാളികളെ കൊണ്ട് ബിവറേജസിൽ നിന്നും മദ്യം വാങ്ങി മറിച്ചു വിറ്റ് വൻ തുക സമ്പാദിച്ച തട്ടുകടക്കാരൻ പ്യാരിലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈ രീതിയിലൂടെ നടത്തിയ മദ്യ വിൽപ്പനയിലൂടെ ഇയാൾ ലോക്ഡൗൺ കാലത്ത് മാത്രം സമ്പാദിച്ചു കൂട്ടിയത് ദിവസം ഒരു ലക്ഷം രൂപയോളമാണെന്ന് പോലീസ് പറയുന്നു. ലോക് ഡൗൺ കാലത്തും മദ്യശാലകൾ അടഞ്ഞുകിടന്ന സമയങ്ങളിലും ഇതിലും വലിയ വിലയ്ക്കാണ് ഇയാൾ മദ്യം വിറ്റിരുന്നത്.
ഇയാളുടെ സഹായികളായ തൊഴിലാളികൾ ഉൾപ്പെടെ നാല് പേർ പോലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ട്. ഇവരിൽ നിന്നും പലയിടങ്ങളിലായി സൂക്ഷിച്ചിരുന്ന അൻപതിൽ അധികം കുപ്പി മദ്യവും പോലീസ് പിടിച്ചെടുത്തു. മദ്യശാലകൾ അടഞ്ഞു കിടക്കുന്ന ദിവസങ്ങളിൽ അമിത വിലയ്ക്ക് മദ്യം വിറ്റതിലൂടെ വൻ തുകയാണ് ഇവർ സമ്പാദിച്ചത്. കഴിഞ്ഞ ഒന്നാം തീയതി മാത്രം ഒരു ലക്ഷം രൂപയുടെ മദ്യം വിറ്റതായും പോലീസ് കണ്ടെത്തി.
തന്‍റെ തട്ടുകടയിൽ വരെ രാവിലെ മുതൽ ഇയാൾ മദ്യം വിളമ്പിയിരുന്നു. കട്ടൻ ചായ ചായ കുടിക്കാൻ ആണ് എന്ന പേരിലായിരുന്നു പലരും ഇവിടെ എത്തിയത്. അവർക്ക് വേണ്ട ടച്ചിങ്സും കടയിൽ നിന്ന് തന്നെ പ്യാരിലാൽ നൽകിയിരുന്നു.
ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നിന്നും അതിഥി തൊഴിലാളികളെ ഉപയോഗിച്ച് മദ്യം വാങ്ങിപ്പിച്ച് അവർ താമസിക്കുന്ന ഇടത്ത് തന്നെ സൂക്ഷിക്കുകയുമാണ് ചെയ്തത്. മദ്യം ആവശ്യമുള്ളവരിൽ നിന്നും പണം വാങ്ങിയ ശേഷം അവരെ അവിടേയ്ക്ക് വിടുകയും ചെയ്യും. ഇവിടെ എത്തുന്നവർക്ക് അതിഥി തൊഴിലാളികൾ തന്നെ മദ്യം നൽകുകയുമായിരുന്നു. ഇതിനെല്ലാം ഇയാൾക്ക് സ്ഥിരം ആളുകൾ ഉണ്ടായിരുന്നു
Also Read- ഒന്നര വയസുകാരൻ ആണി വിഴുങ്ങി; സങ്കീർണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
മദ്യം വാങ്ങാൻ പോകാനും മറ്റും ഉപയോഗിച്ചിരുന്ന ഓട്ടോയിൽ മദ്യപന്മാർക്ക് സഞ്ചരിച്ച് മദ്യപിക്കാനും അവസരം നൽകിയിരുന്നു. മദ്യവും ടച്ചിംഗ്‌സും ഓട്ടോയിൽ കരുതിയിരിക്കും. ബെന്നി എന്നയാളാണ് ഓട്ടോ ഓടിച്ചിരുന്നത്. പ്യാരിലാലിനൊപ്പം ഇയാളെയും പോലീസ് പിടിച്ചിട്ടുണ്ട്. സഞ്ചരിക്കുന്ന ‘ഓട്ടോ ബാർ’ ആയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
എം സിയും ജവാനുമാണ് കൂടുതലായി വിൽപന നടത്തിയിരുന്നത്. ലോക്ഡൗൺ കാലത്ത് പൈന്റിന് 900 രൂപയും ഫുള്ളിന് 2000 രൂപയുമാണ് വാങ്ങിയിരുന്നത്. ലോക്ഡൗൺ തീർന്ന ശേഷം പൈന്റിന് വില കുറച്ച് 600 രൂപയുമാക്കി. രണ്ടു വർഷമായി കച്ചവടം നടത്തിയിരുന്ന ഇവരെ നാട്ടുകാർ ചേർന്ന് പിടിച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഘത്തിലുള്ളവർ പൊലീസ് പിടിയിലായപ്പോൾ ഓട്ടോറിക്ഷയിൽ സ്ഥലത്തെത്തിയ പാരി ലാൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആൾക്കൂട്ടത്തിലേക്ക് ഓട്ടോ ഓടിച്ച് കയറിയെങ്കിലും ആളുകൾ ഓടി മാറിയതിനാൽ അപകടം ഒഴിവായി. തനിക്ക് മദ്യ വിൽപ്പനയെ കുറിച്ച് അറിയില്ലെന്നാണ് ഡ്രൈവറായ ബെന്നിയുടെ മൊഴി .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Ernakulam, Kalamassery, Kerala police, Liquor seized