മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. 88 ലക്ഷം രൂപ വില വരുന്ന 1.783 കിലോ സ്വര്‍ണ്ണവുമായി താനാളൂര്‍ സ്വദേശി നിസാമുദ്ദീനാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി എയര്‍പോര്‍ട്ട് പരിസരത്ത് വെച്ചാണ് നിസാമുദ്ദീനെ പിടികൂടിയത്.
ഞായറാഴ്ച രാത്രി 09:30 ഓടെയാണ് നിസാമുദ്ദീന്‍ ദമാമില്‍ നിന്ന് ഇന്‍ഡിഗോ ഫ്ലൈറ്റില്‍ ( Flight No.6E 1366) കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് കള്ളക്കടത്ത് സ്വര്‍ണ്ണവുമായി അനായാസം പുറത്തിറങ്ങിയ നിസാമുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിസാമുദ്ദീനു വേണ്ടി എയര്‍പോര്‍ട്ട് പരിസരത്ത് പോലീസ് നേരത്തേ നിലയുറപ്പിച്ചിരുന്നു.
ഇയാളെ സ്വീകരിക്കാന്‍ അയല്‍വാസികളും സുഹൃത്തുക്കളുമായ രണ്ടുപേര്‍ ഓട്ടോയില്‍ എത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് കള്ളക്കടത്തിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്.
വിശദമായി ചോദ്യം ചെയ്തതിൽ സ്വന്തം ലഗ്ഗേജിലാണ് സ്വര്‍ണ്ണമുള്ളതെന്ന് നിസാമുദ്ദീന് സമ്മതിക്കേണ്ടി വന്നു. ലഗ്ഗേജിൽ നിന്നും ഒരു മിക്സിയും പോലീസ് കണ്ടെത്തി. മിക്സിയുടെ മോട്ടോറിനുള്ളിലെ ആര്‍മേച്ചര്‍ കോയിലിനകത്തെ മാഗ്നറ്റ് എടുത്ത് മാറ്റി പകരം അതിനുള്ളില്‍ അതിവിദഗ്ദമായി ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ്ണം കണ്ടെത്തി. ഇത് പുറത്തെടുക്കാന്‍ ഏറെ പരിശ്രമിക്കേണ്ടി വന്നു.
സ്വർണം ഉരുക്കി ആര്‍മേച്ചര്‍ കോയിലിനകത്തെ മാഗ്നറ്റിന്റെ രൂപത്തിൽ ആക്കിയിരുന്നു. പുറത്തെടുത്ത സിലിണ്ടര്‍ രൂപത്തിലുള്ള സ്വര്‍ണ്ണ കട്ടിക്ക് 1.783 കിലോ തൂക്കമുണ്ട്. നിസാമുദ്ദീനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ ഫോൺ പരിശോധിച്ച് കള്ളക്കടത്തിന് പിന്നിൽ ഉള്ളവരെ കൂടി തിരിച്ചറിയാനും സംഘത്തിലെ മുഴുവന്‍ പേരെയും നിയമത്തിന് മുമ്പില്‍ കൊണ്ട് വരാനുമുള്ള ശ്രമം തുടരുകയാണ് എന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മൂന്നര മാസത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിന് പുറത്തു നിന്ന് പോലീസ് പിടികൂടുന്ന 46ാമത്തെ സ്വര്‍ണ്ണ കള്ളക്കടത്ത് കേസാണിത്.
കഴിഞ്ഞ മാസം 30 ന് ഇസ്തിരിപ്പെട്ടിക്കുള്ളിൽ കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടിയിരുന്നു. വണ്ടൂര്‍ സ്വദേശി മുസാഫിര്‍ അഹമ്മദ് (40) ആണ് പിടിയിൽ ആയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ പോലീസ് പിടികൂടി ചോദ്യം ചെയ്തു. തന്റെ കൈവശം സുഹൃത്ത് തന്നയച്ച ഇസ്തിരിപ്പെട്ടി ഉണ്ടെന്നും അത് മറ്റൊരാൾ വീട്ടിൽ വന്ന് വാങ്ങുമെന്നാണ് പറഞ്ഞതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
തുടർന്ന് പോലീസ് ഇസ്തിരിപ്പെട്ടി തുറന്ന് പരിശോധിക്കുകയായിരുന്നു. ഹെവി വെയ്റ്റ് ഇസ്തിരിപെട്ടിക്കകത്ത് ഹീറ്റിംഗ് കോയിലിന്റെ കെയ്സിനകത്ത് സ്വര്‍ണ്ണം ഉരുക്കി ഒഴിച്ച് ഇരുമ്പിന്റെ ഷിറ്റ് വെച്ച് അടച്ച് വെല്‍ഡ് ചെയ്ത് ഭദ്രമാക്കിയ രൂപത്തിലാണ് സ്വര്‍ണ്ണം കടത്തിക്കൊണ്ടു വന്നത്. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് കോയില്‍ നെടുകെ കീറി പരിശോധിച്ചാണ് സ്വർണം കണ്ടെത്തിയത്.
കോയിലിന്റെ കെയ്സിന് അകത്ത് സ്വര്‍ണ്ണം ഉരുക്കി ഒഴിച്ച് നിറക്കുകയായിരുന്നു. വെല്‍ഡ് ചെയ്ത ഭാഗങ്ങള്‍ വളരെ ഭംഗിയായി ഗ്രൈന്‍ഡും ചെയ്തു. പ്രൊഫഷണല്‍ മികവോടെയാണ് വെല്‍ഡിംഗ് ജോലികള്‍ ചെയ്തിട്ടുള്ളത്. ഒറ്റനോട്ടത്തില്‍ ഹീറ്റിംഗ് കോയില്‍ മാറ്റിയതാണെന്ന് മനസ്സിലാവാത്ത രീതിയില്‍ വളരെ മികവോടെയാണ് സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.