• HOME
  • »
  • NEWS
  • »
  • crime
  • »
  • കോഴിക്കോട് വ്യാപാരിയുടെ മരണം; ഫോൺ കോളുകളും, ചാറ്റുകളും കേന്ദ്രീകരിച്ച് അന്വേഷണം

കോഴിക്കോട് വ്യാപാരിയുടെ മരണം; ഫോൺ കോളുകളും, ചാറ്റുകളും കേന്ദ്രീകരിച്ച് അന്വേഷണം

വടകരയിലെ വ്യാപാരിയുടെ മരണത്തിൽ ഇരുപതോളം പേരെ പോലീസ് ചോദ്യം ചെയ്തു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    കോഴിക്കോട് വടകരയിലെ വ്യാപാരിയുടെ മരണത്തിൽ ഇരുപതോളം പേരെ പോലീസ് ചോദ്യം ചെയ്തു. മൊബൈൽ കോൾ, വാട്സാപ്പ് ചാറ്റ് എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം. ടൗണിലെ പ്രധാന കേന്ദ്രങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു.

    കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രാജന്റെ കൊലയാളിയെ കണ്ടെത്താനായി ഇദ്ദേഹത്തെ വ്യക്തിപരമായി അറിയാവുന്ന ആളുകളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. ഇരുപതിലേറെപ്പേരെ പോലീസ് ചോദ്യം ചെയ്തു. കൊല്ലപ്പെട്ട ദിവസം രാവിലെ മുതൽ രാജനെ വിളിച്ചവരെയും വാട്സാപ്പ് ചാറ്റ് ചെയ്തവരെയും ഇതിനകം ചോദ്യം ചെയ്ത് കഴിഞ്ഞു.

    രാത്രി എട്ടര വരെയും മൊബൈലിൽ ചാറ്റുകളുണ്ട്. ടൗണിലെ പ്രധാന കേന്ദ്രങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചു. രാജനൊപ്പം ബൈക്കിൽ സഞ്ചരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സമീപത്തെ കടകളിലെ ജീവനക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കടയിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണം കണ്ടെത്തിയിട്ടുണ്ട്.

    രാത്രി വൈകി കടയടക്കുന്നയാളാണ് രാജന്‍ . ഇത് മനസിലാക്കിയാണ് കവര്‍ച്ച നടത്തിയതെന്നാണ് അനുമാനം. രാത്രി 9 മണിക്ക് മുമ്പ് വ്യാപാരി മറ്റൊരാളുടെ കൂടെ പുറത്തേക്ക് പോകുന്നതും പിന്നീട് തിരിച്ച് വരുന്നതും ഒരു കടയില്‍ നിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്. സമയം കഴിഞ്ഞിട്ടും രാജന്‍ രാത്രിയില്‍ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാര്‍ അന്വേഷിച്ച് കടയില്‍ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവന്‍ സ്വര്‍ണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു.

    Also read: കോഴിക്കോട് വ്യാപാരി കടയ്ക്കുള്ളില്‍ മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

    പലചരക്ക് സാധനങ്ങളുടെ ചാക്കിന് മുകളിലാണ് രാജനെ മരിച്ച നിലയിൽ കണ്ടത്. ആഭരണങ്ങൾ അഴിച്ചെടുക്കുമ്പോഴും ബലപ്രയോഗത്തിലും ശരീരത്തിൽ മുറിവുകൾ സംഭവിച്ചിട്ടുണ്ട്. കൊലപാതകത്തിൽ ഒന്നിലേറെ പേരുടെ പങ്കും പോലീസ് പരിശോധിക്കുന്നുണ്ട്. കേസന്വേഷണത്തിന് വടകര സി.ഐ. മനോജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

    പ്രശസ്തമായ കേസുകൾ തെളിയിക്കുന്നതിൽ മികവ് തെളിയിച്ച ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. വടകര ഡിവൈഎസ്പി ഹരിപ്രസാദിനാണ് മേൽനോട്ട ചുമതല. രാവിലെ റൂറൽ എസ്‌.പി. കറുപ്പസ്വാമി കടയും പരിസരവും പരിശോധിച്ചു. ടൗണിലെ പ്രധാന കേന്ദ്രത്തിൽ നടന്ന കൊലപാതകം തെളിയിക്കാൻ പോലീസിൽ ശക്തമായ സമ്മർദ്ദമുണ്ട്.

    Summary: Police investigation into a trader’s death in Kozhikode, Vadakara, has begun. The investigation is based on the deceased’s WhatsApp conversations and phone calls. Those in his tight social circles are among the suspects on the list. The body of Rajan, who had died, was discovered on the massive grocery items that were arranged for sale inside his store

    Published by:user_57
    First published: