ഇന്റർഫേസ് /വാർത്ത /Crime / പിപിഇ കിറ്റ് ധരിച്ചെത്തി മോഷണം; കോഴിക്കോട് പയ്യോളിയിൽ യുവാവിനെ തന്ത്രപരമായി കുടുക്കി പൊലീസ്

പിപിഇ കിറ്റ് ധരിച്ചെത്തി മോഷണം; കോഴിക്കോട് പയ്യോളിയിൽ യുവാവിനെ തന്ത്രപരമായി കുടുക്കി പൊലീസ്

ppe kit theft

ppe kit theft

കടയിൽനിന്ന് മുന്തിയ മോഡൽ ഹോം തിയറ്ററും അയ്യായിരം രൂപ വില വരുന്ന മിക്സിയും മറ്റു ചില ഗൃഹോപകരണങ്ങളും 30000 രൂപയുമാണ് ഇയാൾ കവർന്നത്

  • Share this:

തലശേരി; പിപിഇ കിറ്റ് ധരിച്ചെത്തി ഹോം അപ്ലയൻസ് കടയിൽ മോഷണം നടത്തിയ യുവാവിനെ തന്ത്രപരമായി കുടുക്കി പൊലീസ്. പയ്യോളിയിലെ കടയിൽനിന്ന് ഹോം തിയറ്റർ, മിക്സി ഉൾപ്പടെയുള്ള ഗൃഹോപകരണങ്ങളും 30000 രൂപയും മോഷ്ടിച്ച ഇരിട്ടി സ്വദേശി മുബഷീറിനെയാണ്(28) പൊലീസ് പിടികൂടിയത്. പിപിഇ കിറ്റ് ധരിച്ചെത്തിയയാളെ സിസിടിവി ദൃശ്യങ്ങളിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടിയെങ്കിലും പ്രതി ധരിച്ചിരുന്ന ചെരുപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.

കഴിഞ്ഞ ആഴ്ചയാണ് പയ്യോളിയിലെ ഗുഡ് വേ ഹോം അപ്ലയൻസസിന്‍റെ പിൻഭാഗത്തെ വാതിൽ തകർത്ത് മുബഷീർ അകത്തുകടന്നത്. കടയിൽനിന്ന് മുന്തിയ മോഡൽ ഹോം തിയറ്ററും അയ്യായിരം രൂപ വില വരുന്ന മിക്സിയും മറ്റു ചില ഗൃഹോപകരണങ്ങളും 30000 രൂപയുമാണ് ഇയാൾ കവർന്നത്. സംഭവം നടന്നു പിറ്റേദിവസം തന്നെ കടയുടമ പൊലീസിൽ പരാതി നൽകി.

തുടർന്ന് സിസിടിവി കേന്ദ്രീകരിച്ചു പയ്യോളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിപിഇ കിറ്റ് ധരിച്ചെത്തിയ ആളാണ് കവർച്ച നടത്തിയതെന്ന് വ്യക്തമായത്. ഒറ്റനോട്ടത്തിൽ ആളെ തിരിച്ചറിയാൻ സാധിച്ചില്ലെങ്കിലും കാലിൽ ധരിച്ചത് സാദാ ചെരുപ്പായിരുന്നുവെന്ന് വ്യക്തമായി. പിപിഇ കിറ്റിൽ കാൽപാദത്തിൽ ധരിക്കേണ്ട ഭാഗം ഒഴിവാക്കിയാണ് ചെരുപ്പ് ധരിച്ചത്. ഇതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.

കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ ഷുഹൈബ് എന്ന മുബഷീറാണ് പിപിഇ കിറ്റ് ധരിച്ചെത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പയ്യോളി സി.ഐ എം.പി ആസാദ്, എസ്ഐമാരായ എ.കെ സജീഷ്, സി.എച്ച് ഗംഗാധരൻ, എഎസ്ഐ ബിനീഷ്, രജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രമാദമായ ഒരു കവർച്ചാ കേസിൽ ജയിൽ ശിക്ഷ പൂർത്തിയാക്കിയ മുബഷീർ, 2017ലാണ് പുറത്തിറങ്ങിയത്. അതിനുശേഷവും ഇയാൾ വടകര, പയ്യന്നൂർ, തലശേരി, ഇരിട്ടി എന്നിവിടങ്ങളിൽ കവർച്ച നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ജയിലിൽനിന്ന് ഇറങ്ങിയശേഷം വടകര സ്വദേശിനിയെ പ്രേമിച്ച് വിവാഹം കഴിച്ച മുബഷീർ, കൊയിലാണ്ടിയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. അതിനിടെയാണ് പയ്യോളിയിലെ കടയിൽ മോഷണം നടത്തിയതും പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഇന്നു പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കൂടുതൽ മോഷണ കേസുകളിൽ ഇയാൾക്കുള്ള പങ്കു കണ്ടെത്തുന്നതിനായി വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി തെളിവെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

First published:

Tags: Kerala police, Kozhikode, Payyoli, PPE Kit, Theft, കോഴിക്കോട്, പയ്യോളി, പിപിഇ കിറ്റ്