കൊച്ചി: മുൻ മിസ് കേരള (former Miss Kerala) ഉൾപ്പടെയുള്ളവരുടെ മരണത്തിൽ കലാശിച്ച റോഡ് അപകടത്തിൽ (road accident) കാറുകൾ തമ്മിൽ മത്സരയോട്ടം നടന്നിട്ടുണ്ടെന്ന് പൊലീസിന്റെ നിഗമനം. അപകടം സംഭവിച്ച കാറിനെ പിന്തുടർന്ന ഔഡി കാറിന്റെ ഡ്രൈവറെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. കേസിൽ അറസ്റ്റിലായ ഡ്രൈവർ അബ്ദുൾ റഹ്മാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ ചോദ്യം ചെയ്യലിലേക്ക് പൊലീസ് കടന്നത്.
ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നിന്നും ഇറങ്ങിയ ശേഷം ഔഡി കാർ ചെയ്സ് ചെയ്യാൻ ശ്രമിച്ചതായാണ് ഡ്രൈവറുടെ മൊഴി. കാറുകൾ തമ്മിൽ മത്സരയോട്ടം നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെയും പ്രാഥമിക നിഗമനം. ഇത് ശരിവെയ്ക്കുന്ന ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഔഡി കാർ ഓടിച്ചിരുന്ന എറണാകുളം സ്വദേശി സൈജുവിനെ പാലവരിവട്ടം സ്റ്റേഷനിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തു. ഇത് ഏഴു മണിക്കൂറോളം നീണ്ടു നിന്നു.
നമ്പർ 18 ഹോട്ടലിൽ നിന്ന് ഡി.ജെ. പാർട്ടിക്ക് ശേഷം പുറത്തിറങ്ങിയ മോഡലുകൾ അടക്കം ഉള്ളവരോട് സൈജു സംസാരിച്ചിരുന്നോവെന്ന് പരിശോധിക്കുകയാണ്. മറ്റാരെങ്കിലും ഇയാളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നോവെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഹോട്ടലിനു പുറമേ വച്ച് താൻ ഇവരോട് സംസാരിച്ചിരുന്നുവെന്നും എന്നാൽ അത് മദ്യപിച്ച് വാഹനം ഓടിക്കുന്നതിലെ അപകടമാണ് ചൂണ്ടിക്കാണിച്ചത് എന്നുമാണ് ഇയാൾ പോലീസിനോട് ആവർത്തിക്കുന്നത്.
യാത്രാമധ്യേ വീണ്ടും കാറിൽ പിറകെ ചെന്ന് ഇത് വീണ്ടും പറഞ്ഞതായും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പൊലീസ് ഇത് മുഴുവനായും വിശ്വാസത്തിലെടുത്തിട്ടില്ല. സൈജു പറയുന്നതിലെ വിശ്വാസ്യത ഉറപ്പ് വരുത്താൻ കേസിൽ അറസ്റ്റിലായ അബ്ദുറഹ്മാനെ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച ഇയാളെ കസ്റ്റഡിയിൽ വാങ്ങും.
അതേസമയം, അപകടത്തിൽ രക്ഷപ്പെട്ട ബൈക്ക് യാത്രക്കാരൻ ഡിനിൽ ഡേവിസിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. തന്റെ ബൈക്കിനെ പിന്നിൽ വന്നിടിച്ച കാറിനെക്കുറിച്ച് വ്യക്തമായി അറിയില്ല എന്നാണ് ഡിനിൻറെ മൊഴി. ഇടിയേറ്റ് ഒറ്റ റോഡിന് വശത്തേക്ക് തെറിച്ചുവീണ ഇയാളെ പോലീസുകാരാണ് ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽ ശാരീരിക ബുദ്ധിമുട്ടുകൾ ഇപ്പോഴും അനുഭവപ്പെടുന്നുണ്ടെങ്കിലും രക്ഷപ്പെട്ടതിൻ്റെ വലിയ ആശ്വാസം ഉണ്ടെന്നും ഇയാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം തന്നെ മുൻ മിസ് കേരളയടക്കം മരിച്ച കാറപകടത്തിൽ പൊലീസിന് DJ പാർട്ടിയുടെ ദൃശ്യങ്ങൾ കണ്ടെത്താനായില്ല. ഹാർഡ് ഡിസ്കിനായി ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിൽ വീണ്ടും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. പാർട്ടിയുടെ ദൃശ്യങ്ങളുള്ള ഹാർഡ് ഡിസ്ക് ഹോട്ടലുകാർ ഒളിപ്പിച്ചെന്ന സംശയത്തിലാണ് പോലീസ്.
Summary: Police suspect car racing behind the accident death of former Miss Kerala and friends in Kochi. People involved in the incident are being interrogated whereas police is yet to recover footage of the alleged DJ party in a Fort Kochi hotelഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.