• HOME
  • »
  • NEWS
  • »
  • crime
  • »
  • പാരമ്പര്യ വൈദ്യന്റെ കൊലപാതകം: പിടിയിലായ പ്രതികൾക്ക് കോഴിക്കോട് സ്വദേശിയുടെ മരണത്തിലും പങ്കെന്ന് സംശയം; അന്വേഷണം ആരംഭിച്ചു

പാരമ്പര്യ വൈദ്യന്റെ കൊലപാതകം: പിടിയിലായ പ്രതികൾക്ക് കോഴിക്കോട് സ്വദേശിയുടെ മരണത്തിലും പങ്കെന്ന് സംശയം; അന്വേഷണം ആരംഭിച്ചു

ഷൈബിന്റെ ബിസിനസ് പങ്കാളിയായിരുന്ന മലയമ്മ സ്വദേശി ഹാരിസിന്റേയും മാനേജരായ യുവതിയുടെയും മരണത്തിൽ ഇവർക്ക് പങ്കുണ്ട് എന്നാണ് പോലീസ് സംശയിക്കുന്നത്.

  • Last Updated :
  • Share this:
മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫ് വധക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികൾ ദുബായിൽ കൊല്ലപ്പെട്ട കോഴിക്കോട് മലയമ്മ സ്വദേശി ഹാരിസിന്റെ മരണത്തിൽ പങ്കാളികളാണെന്ന സംശയത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ഷൈബിൻ അഷ്റഫിന്റെ നിർദേശപ്രകാരം ഹാരിസിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന നിഗമനത്തിലാണ് പോലീസ്. ഹാരിസിന്റെ അമ്മയും സഹോദരിയും നിലമ്പൂർ പോലീസിന് മൊഴി നൽകി.

ചന്തക്കുന്ന് സ്വദേശികളായ കുത്രാടന്‍ അജ്മല്‍, പൂളകുളങ്ങര ഷബീബ് റഹ്മാന്‍, വാണിയമ്പലം സ്വദേശി ചീര ഷെഫീഖ് എന്നിവരാണ് ഷാബ ഷരീഫിനെ മൈസൂരിൽ നിന്നും കൊണ്ടു വന്നത്. ഒളിവിൽ ആയിരുന്ന ഇവരെ ഈ കുറ്റത്തിനാണ് പിടികൂടിയത്. ഷൈബിൻ അഷ്റഫിന്റെ വിശ്വസ്ത അനുയായികളായ ഇവർ ഗൾഫിൽ നടന്ന കൊലക്കേസുകളിൽ കൂടി പങ്കാളിയായിട്ടുണ്ട് എന്ന നിഗമനത്തിലാണ് പൊലീസ്.

ഷൈബിന്റെ ബിസിനസ് പങ്കാളിയായിരുന്ന മലയമ്മ സ്വദേശി ഹാരിസിന്റേയും മാനേജരായ യുവതിയുടെയും മരണത്തിൽ ഇവർക്ക് പങ്കുണ്ട് എന്നാണ് പോലീസ് സംശയിക്കുന്നത്. ചോദ്യം ചെയ്യലിൽ ഇവർ പലതും സമ്മതിച്ചിട്ടുണ്ടെങ്കിലും തെളിവുകൾ ഇനിയും കണ്ടെത്തേണ്ടതുണ്ട്. എന്നാൽ, ഗൾഫിൽ നടന്ന മരണങ്ങൾ പുനരന്വേഷണം നടത്താതെ കൊലപാതകം സ്ഥിരീകരിക്കാൻ സാധിക്കുകയും ഇല്ല.

അബുദാബി പോലീസ് നിലവിൽ ഈ മരണങ്ങൾ ആത്മഹത്യയെന്ന നിലയിൽ അന്വേഷണം അവസാനിപ്പിച്ചതാണ്. റീ പോസ്റ്റ്മോർട്ടം അടക്കമുള്ള കാര്യങ്ങൾ ചെയ്തതിനു ശേഷമേ ഈ മരണങ്ങളിൽ കേരള പോലീസിന് എന്തെങ്കിലും പറയാൻ സാധിക്കൂ. കോടതി നിർദേശപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Also Read- മുളകുപൊടിയെറിഞ്ഞ് 50 ലക്ഷം കുഴല്‍പ്പണം കവർന്ന കേസിലെ മുഖ്യപ്രതി കീഴടങ്ങി

പ്രതികൾ എന്ന് സംശയിക്കുന്നവരെ പിടികൂടിയതറിഞ്ഞ് ഹാരിസിന്റെ അമ്മയും സഹോദരിയും നിലമ്പൂർ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഹാരിസ് ആത്മഹത്യ ചെയ്യില്ലെന്നും ഷൈബിന്‍ അഷറഫിന്റെ നേതൃത്വത്തില്‍ 13 അംഗ സംഘം ഹാരിസ് മരിക്കുന്നതിന് മുന്‍പ് വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയിരുന്നു എന്നും അമ്മ സാറാബിയും സഹോദരി ഹാരിഫയും പറഞ്ഞു. ഇതുസംബന്ധിച്ച് കുന്നമംഗലം പോലീസിലും മുഖ്യമന്ത്രിക്കും ഹാരിസ് മരിക്കുന്നതിന് മുന്‍പ് തന്നെ പരാതി നല്‍കിയിരുന്നു.

"2020 മാര്‍ച്ച് അഞ്ചിനാണ് ഹാരിസ് ആത്മഹത്യ ചെയ്തുവെന്ന് വിവരം ലഭിച്ചത്. തലേ ദിവസവും അബുദാബിയില്‍ നിന്ന് വിളിച്ച് ഉമ്മക്ക് എന്താണ് കൊണ്ടുവരണ്ടേതെന്ന് ചോദിച്ചിരുന്നു." അവർ പറഞ്ഞു. തന്റെ മകനെ കൊന്നത് ഷൈബിന്‍ അഷറഫിന്റെ നിര്‍ദ്ദേശപ്രകാരമാണ്. ഭാര്യയേയും ഷൈബിന്‍ അഷറഫിനെയും കിടപ്പുമുറിയില്‍ ഒന്നിച്ച് കണ്ടതിനെ തുടര്‍ന്ന് മകന്‍ ഭാര്യയെ തലാഖ് ചൊല്ലിയിരുന്നു.

Also Read- ആനക്കൊമ്പുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ എട്ട് പേർ അറസ്റ്റിൽ; പിടികൂടിയ കൊമ്പുകൾ വ്യാജം

മകന്റെ മരണവാര്‍ത്ത അറിഞ്ഞ വിഷമത്തിലാണ് ഭര്‍ത്താവ് ബീരാന്‍ കുട്ടി മരിച്ചതെന്നും സാറാബി പറഞ്ഞു. മകന്റെ കൊലയാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കുകയാണ് തന്റെ ജീവിതത്തിലെ ഏക ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

2020 മാർച്ചിൽ ആണ് ഹാരിസും മാനേജരായ യുവതിയും മരിച്ചത്. ഇവരെ ഷൈബിൻ അഷ്റഫിന്റെ നിർദേശപ്രകാരം കൊന്നതാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇപ്പോൾ പിടിയിലായ ഷബീബ് മുൻപ് കോൺഗ്രസ് ഓഫീസിലെ ജീവനക്കാരി രാധയെ കൊല്ലാൻ ക്വട്ടേഷൻ എടുത്തിരുന്ന ആളാണ്.

അജ്മലും ഷെഫീഖും അടിപിടി, കഞ്ചാവ് കേസുകളിൽ പ്രതികളാണ്. ഈ മൂന്നു പ്രതികൾക്ക് ഒളിവിൽ കഴിയുമ്പോൾ പണവും മൊബൈൽ ഫോണും എത്തിച്ചുകൊടുത്ത വണ്ടൂർ സ്വദേശി കൃഷ്ണപ്രസാദും മുൻപ് അടിപിടി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
Published by:Naseeba TC
First published: