ഇന്റർഫേസ് /വാർത്ത /Crime / ആറു ബന്ധുക്കൾ കുഴഞ്ഞു വീണു മരിച്ചു; ദുരൂഹത നീക്കാൻ ക്രൈംബ്രാഞ്ച് കല്ലറ തുറക്കും

ആറു ബന്ധുക്കൾ കുഴഞ്ഞു വീണു മരിച്ചു; ദുരൂഹത നീക്കാൻ ക്രൈംബ്രാഞ്ച് കല്ലറ തുറക്കും

crime-scene-rt

crime-scene-rt

കണ്ണൂർ പിണറായിയിൽ 2012 മുതൽ 2018 വരെയുള്ള കാലത്തിനിടെ ഒരേ കുടുംബത്തിലെ നാലുപേർ സമാന സാഹചര്യത്തിൽ മരിച്ച കേസ് പുറത്തു വന്നതിനെ തുടർന്നാണ് കൂടത്തായിയിലെ ആറു മരണങ്ങളും കൊലപാതകമാണെന്ന സംശയം ബലപ്പെട്ടത്.

  • News18
  • 2-MIN READ
  • Last Updated :
  • Share this:

    കോഴിക്കോട്: താമരശ്ശേരിക്കടുത്ത് കൂടത്തായിലെ പള്ളി സെമിത്തേരിയിൽ 17 വർഷം മുമ്പ് സംസ്കരിച്ചതുൾപ്പെടെ ആറ് മൃതദേഹങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാനായി ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച  കല്ലറകൾ തുറക്കും. അടുത്ത ബന്ധുക്കളായ ആറു പേർ 2002 നും 2016 നും ഇടയിൽ കുഴഞ്ഞു വീണു മരിക്കാനിടയായത് ആസൂത്രിതമായ കൊലപാതകങ്ങളിലൂടെയെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്.

    മരിച്ചത് ആരൊക്കെ ?

    കോഴിക്കോടു നഗരത്തിൽ നിന്നും 33 കിലോ മീറ്റർ അകലെയാണ് മലയോര പ്രദേശമായ കൂടത്തായി.

    1. പൊന്നാമറ്റം ടോം തോമസ് (റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ)

    2. ടോം തോമസിന്റെ ഭാര്യ അന്നമ്മ (റിട്ട.അദ്ധ്യാപിക)

    3. ടോം തോമസ്- അന്നമ്മ ദമ്പതികളുടെ മൂത്തമകൻ റോയ് തോമസ്

    4. അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ (വിമുക്ത ഭടൻ)

    5. ടോം തോമസിന്റെ സഹോദരന്റെ മകന്റെ ഭാര്യ സിലി ഷാജു ,

    6. ടോം തോമസിന്റെ സഹോദരന്റെ മകന്റെ  രണ്ടു വയസുള്ള പ്രായമുള്ള മകൾ  ആൽഫൈൻ ഷാജു

    എന്നീ ആറു പേരാണ് ഏതാണ്ട് സമാനമായ സാഹചര്യത്തിൽ പല കാലയളവിലായി മരിച്ചത്. ഇതിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.

    മരണത്തിന്റെ നാൾവഴികൾ

    2002ലാണ് ആദ്യ മരണം. ആട്ടിൻസൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞു വീണാണ് അന്നമ്മ മരിച്ചത്. ആറു വർഷത്തിനു ശേഷം 2008ൽ ടോം തോമസും മരിച്ചു. ഛർദ്ദിച്ച് അവശനായിട്ട് ആയിരുന്നു മരണം. പിന്നീട് 2011ൽ റോയ്. അമ്മാവനായ മാത്യു നിർബന്ധം പിടിച്ചാണ്  അന്ന് പോസ്റ്റ് മോർടെം നടത്തിയത്. 2014 ൽ മാത്യു മരിച്ചു. പിന്നീട് 2016 ൽ ഷാജുവിന്റെ കുഞ്ഞും ആറു മാസത്തിന് ശേഷം ഭാര്യ സിലിയും മരിച്ചു.പെട്ടെന്ന് കുഴഞ്ഞുവീണായിരുന്നു മരണങ്ങളിൽ പലതുമെന്നതിനാൽ ഹൃദയാഘാതമാണെന്ന് ബന്ധുക്കൾ സംശയിച്ചു.

    സംശയത്തിന്റെ ചൂണ്ടു വിരൽ

    റോയിയുടെ സഹോദരൻ റോജോ അമേരിക്കയിൽ നിന്നും നാട്ടിലെത്തിയപ്പോഴേക്കും ടോംതോമസിന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം മറ്റൊരു ബന്ധുവിന്റെ പേരിലായി. ഒസ്യത്ത് കാണിച്ചു എങ്കിലും റോജോയ്ക്ക് വിശ്വാസമായില്ല. റവന്യൂഅധികൃതർക്ക് പരാതി നൽകിയതോടെ ഒസ്യത്ത് റദ്ദായി. സമാനസ്വഭാവമുള്ള മരണങ്ങളാണ് കുടുംബത്തിലുണ്ടായതെന്ന് വ്യക്തമായതോടെ ദുരൂഹതയുണ്ടെന്ന് തോന്നിയ റോജോ പൊലീസിൽ പരാതി നൽകി.

    വിഷം പുരണ്ട മൊഴികൾ

    റോയി ഭക്ഷണം കഴിക്കുന്നതിനു മുമ്പായി ബാത്റൂമിൽ പോയെന്നും അവിടെവച്ചു ബോധം കെട്ടെന്നുമായിരുന്നു ആദ്യം നൽകിയ മൊഴി. എന്നാൽ മരണത്തിന് 15 മിനിട്ടുമുമ്പ് റോയി തന്റെ പ്രിയപ്പെട്ട ഭക്ഷണമായ ചോറും കടലക്കറിയും കഴിച്ചതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ പരിശോധനയിൽ മനസ്സിലായി. പിറ്റേന്ന് മെഡിക്കൽ കോളജിലെ  പോസ്റ്റ് മോർട്ടത്തിൽ സയനൈഡിന്റെ അംശവും കണ്ടെത്തി. ആത്മഹത്യയെന്ന്‌ പൊലീസ് എഴുതിത്തള്ളി.

    എന്നാൽ, എല്ലാ മരണങ്ങളും ഭക്ഷണത്തിൽ സയനൈഡ് കലർന്നാവാം എന്ന സംശയത്തിൽ റോജോ നൽകിയ പരാതിയെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗം വിശദമായി അന്വേഷിച്ചു. മരണങ്ങളെല്ലാം കൊലപാതകമാവാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടും നൽകി. ഇതോടെ ലോക്കൽ പൊലീസ് അന്വേഷിച്ചിരുന്ന കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇതേതുടർന്നാണ് മറ്റുള്ളവരുടെ മൃതദേഹങ്ങൾ കൂടി പരിശോധിക്കാൻ തീരുമാനിച്ചത്.

    ക്രൈംബ്രാഞ്ച് കണ്ടെത്തിയത്

    പിതാവിന്റെ പേരിലുള്ള സ്വത്ത് റോയിയുടെ മരണശേഷം അയാളുടെ കുടുംബത്തിന് നൽകരുതെന്ന് അമ്മാവനായ മാത്യു ബന്ധുക്കളോടു പറഞ്ഞിരുന്നതായും അന്നമ്മയുടെ ആഭരണങ്ങളിൽ ഒരു പവൻ വീതമുള്ള എട്ട് വളകൾ കാണാതായെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. അടുത്ത ബന്ധുക്കളിൽ ഒരാളുടെ പല മൊഴികളും അസത്യമായിരുന്നു എന്നും ക്രൈംബ്രാഞ്ച് കണ്ടത്തിയിട്ടുണ്ട്. സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ആരുടേയോ ശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. അതേസമയം സംശയങ്ങൾ പൂർണമായും തള്ളിക്കളയാനാകില്ലെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

    പോലീസ് ഇനി എന്ത് ചെയ്യും ?

    നാലുപേരെ കൂടത്തായി പള്ളി സെമിത്തേരിയിലും രണ്ടുപേരെ പത്തു കിലോമീറ്റർ അകലെ കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ് സംസ്ക്കരിച്ചത്. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കൂടത്തായി പള്ളി അധികൃതരെ ബന്ധപ്പെടുകയും കല്ലറ പൊളിക്കുന്നതിനും മൃതദേഹം പുറത്തെടുക്കുന്നതിനുമുള്ള അനുവാദം വാങ്ങുകയും ചെയ്തിട്ടുണ്ട്. മണ്ണിൽ ദ്രവിക്കാതെയുള്ള പല്ല്, എല്ലിൻ കഷണങ്ങൾ എന്നിവയാണ് പരിശോധിക്കുന്നത്.

    സൈനഡ് ഉള്ളിൽ എത്തിയെങ്കിൽ പല്ലിൽ പറ്റിയിരിക്കുന്ന അംശം വർഷങ്ങൾക്കു ശേഷവും നശിക്കാതെയുണ്ടാവുമെന്നാണ് ഫോറൻസിക് വിദഗ്ധരുടെ അഭിപ്രായം. കോഴിക്കോട് ക്രൈം ബ്രാഞ്ച് യൂണിറ്റ് ഡി വൈ എസ് പി ഹരിദാസിന്‍റെ നേതൃത്വത്തിലെ പതിനഞ്ചംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. റൂറൽ എസ്പി കെ.ജി. സൈമണിന്‍റെ നേതൃത്വത്തിലെ സംഘം സെമിത്തേരിയിൽ പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്. തുടർന്ന് കോടഞ്ചേരിയിലെ കല്ലറയിലും ശാസ്ത്രീയപരിശോധന നടത്തുമെന്നാണ് സൂചന.

    എന്തുകൊണ്ട് സംശയം ?

    കണ്ണൂർ പിണറായിയിൽ 2012 മുതൽ 2018 വരെയുള്ള കാലത്തിനിടെ ഒരേ കുടുംബത്തിലെ നാലുപേർ സമാന സാഹചര്യത്തിൽ മരിച്ചു. അതിൽ രണ്ടു പേരുടെ ആന്തരികാവയവങ്ങളുടെ പരിശോധനയിൽ സിങ്ക് ഫോസ്ഫൈഡിന്റെ അംശങ്ങൾ കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. ഭക്ഷണത്തിൽ വിഷം കലർത്തിയാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്ന് പ്രതി സൗമ്യ അന്വേഷണ സംഘത്തോട് സമ്മതിച്ചു. അവിഹിത ബന്ധത്തിന് തടസം നിന്നതാണ് കാരണമെന്നും അവർ മൊഴി നൽകി.(സൗമ്യ പിന്നീട് ജയിലിൽ ആത്മഹത്യ ചെയ്തു). ഈ കേസ് പുറത്തു വന്നതിനെ തുടർന്നാണ് കൂടത്തായിയിലെ ആറു മരണങ്ങളും കൊലപാതകമാണെന്ന സംശയം ബലപ്പെട്ടത്. ഇതോടെയാണ് റോജോ പൊലീസിനെ സമീപിച്ചത്.

    First published:

    Tags: Crime branch, Koodathayi, Kozhikkod, Murder