• HOME
  • »
  • NEWS
  • »
  • crime
  • »
  • POLICE YET TO REGISTER CASE AGAINST LAWYERS WHO MANHANDLED A JOURNALIST ON COURT PREMISES MM TV

മാധ്യമപ്രവർത്തകരെ മർദ്ദിച്ച വഞ്ചിയൂർ ബാറിലെ അഭിഭാഷകർക്കെതിരെ കേസെടുക്കാതെ പൊലീസ്

അഭിഭാഷകർക്കെതിരേ രൂക്ഷ വിമർശനവുമായി സി.പി.ഐ. മുഖപത്രം ജനയുഗം

അഭിഭാഷകർക്കെതിരേ രൂക്ഷ വിമർശനവുമായി സി.പി.ഐ. മുഖപത്രം ജനയുഗം

അഭിഭാഷകർക്കെതിരേ രൂക്ഷ വിമർശനവുമായി സി.പി.ഐ. മുഖപത്രം ജനയുഗം

  • Share this:
തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ മാധ്യമപ്രവർത്തകരെ മർദ്ദിച്ച അഭിഭാഷകർക്കെതിരേ കേസെടുക്കാതെ വഞ്ചിയൂർ പൊലീസ്. കഴിഞ്ഞ ദിവസമാണ് സിറാജ് ദിനപത്രത്തിൻ്റെ ഫോട്ടോഗ്രാഫർ ശിവജിയെ കോടതി വളപ്പിൽ അഭിഭാഷകർ വളഞ്ഞിട്ട് മർദ്ദിച്ചത്. മാധ്യമപ്രവർത്തകൻ കെ. എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ്റേയും വഫ ഫിറോസിൻ്റേയും ചിത്രമെടുക്കാൻ ശ്രമിച്ചതായിരുന്നു അഭിഭാഷകരെ പ്രകോപിപ്പിച്ചത്.

ഇതിനിടെ അഭിഭാഷകർക്കെതിരേ രൂക്ഷ വിമർശനവുമായി സി.പി.ഐ. മുഖപത്രം 'ജനയുഗം' രംഗത്തെത്തി. കോടതി വളപ്പ് ഗുണ്ടാ കോളനി ആക്കരുതെന്ന തലക്കെട്ടിലാണ് ജനയുഗത്തിൻ്റെ മുഖപ്രസംഗം.

"നീതിന്യായ മേഖല സാധാരണക്കാരന് നൽകുന്ന സംരക്ഷണവും കരുതലും ഉന്നതമാണ്. ആ വിശ്വാസ്യത നിലനിർത്തുക എന്നത് ന്യായാധിപന്മാരുടെ മാത്രം ഉത്തരവാദിത്വമല്ല. നീതിയും ന്യായവും പകുത്തുനൽകുന്നതിന് നിയമത്തിന്റെ സർവവും പരിശോധിച്ച് ന്യായാധിപരെ സഹായിക്കുന്ന അഭിഭാഷകവൃന്ദത്തിന്റെ കടമകൂടിയാണ്. നിയമത്തിലൂന്നി വാദം നടത്തുന്നതിന് തൊഴിൽപരമായ യോഗ്യതയും അധികാരവും വൈദഗ്ധ്യവും സിദ്ധിച്ചിട്ടുള്ള അഭിഭാഷകരില്‍ ഒരുപറ്റം, നിലയും നിയമവും മറക്കുന്നത് ജനങ്ങളുടെ ആ വിശ്വാസ്യതയെ തകര്‍ക്കുന്നു.

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി വളപ്പ് ഈവിധം അരക്ഷിതാവസ്ഥയാലാണ് കുപ്രസിദ്ധമായി മാറുന്നത്. ഇവിടെ മേല്‍ക്കോടതികള്‍ക്കോ ന്യായാധിപന്മാര്‍ക്കോ കക്ഷികള്‍ക്കോ വിലയില്ലാതാവുന്നു. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനുവേണ്ടി യത്നിക്കുന്ന, ഭരണഘടനയുടെ നാലുതൂണുകളില്‍ ഏറ്റവും ബലവത്തായതുമായ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല.

അക്ഷരാര്‍ത്ഥത്തില്‍ മനഃസാക്ഷിയില്ലാത്ത ഒരുകൂട്ടം ക്രിമിനല്‍ സ്വഭാവമുള്ള അഭിഭാഷകരുടെ വിളനിലം. ഇവര്‍ക്കൊപ്പം ചേരാത്ത സഹജീവികള്‍ പോലും ഭയന്നുകഴിയുകയാണിവിടെയെന്ന്" 'ജനയുഗം'.

അഭിഭാഷകരുടെ അക്രമം കണ്ടു നിന്ന പൊലീസിനെയും 'ജനയുഗം' വിമർശിക്കുന്നു. "എല്ലാം കണ്ടുനിന്ന പൊലീസും, വഞ്ചിയൂരിലെ അക്രമികളായ ഈ കറുത്ത കുപ്പായ സംഘത്തെ പേടിയാണെന്ന് വീണ്ടും തെളിയിച്ചു. അഭിഭാഷക വൃത്തിയുടെ മാനവും മാന്യതയും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഒരുപാടുപേര്‍ വഞ്ചിയൂരിലുണ്ട്. ഇന്നലെ നടന്ന അഴിഞ്ഞാട്ടത്തില്‍‍ ഇവര്‍ ഖിന്നരാണ്. സുപ്രീം കോടതിയും ഹൈക്കോടതിയും ഇടപെട്ട് തീര്‍പ്പുണ്ടാക്കിയിട്ടും വഞ്ചിയൂരിലെ അലിഖിത നിയമങ്ങളും അഭിഭാഷക തേര്‍വാഴ്‌ചകളും തുടരുന്നു.

വഞ്ചിയൂരില്‍ ഗുരുതരമായ പ്രശ്നം നിലനില്‍ക്കുകയാണ്. ഇന്നലത്തേതും നിയമത്തോടുള്ള വെല്ലുവിളിയും കോടതിയലക്ഷ്യവും ക്രിമിനലിസവുമാണ്. വാര്‍ത്തകള്‍ നല്‍കുന്ന റിപ്പോര്‍ട്ടര്‍മാരെ തിരഞ്ഞുപിടിച്ച് ‘വ്യക്തിഹത്യ’ എന്നാരോപിച്ച് ലക്ഷങ്ങള്‍ വിലയിട്ട് നഷ്ടപരിഹാര നോട്ടീസ് അയയ്ക്കുന്നത് പതിവാകുന്നു. ഒത്തുതീര്‍പ്പെന്ന രീതിയില്‍ വിളിച്ചുവരുത്തി പണം പിടിച്ചുപറിക്കുന്നതായും സാക്ഷ്യങ്ങളേറെ.

ലജ്ജിക്കേണ്ട ഇത്തരം ചെയ്തികള്‍ കേവലം മാധ്യമപ്രവര്‍ത്തകരോടു മാത്രമല്ല. ജില്ലാ മജിസ്ട്രേറ്റിനെയടക്കം തടഞ്ഞുവച്ചും ജഡ്ജിയുമായി വാക്കേറ്റത്തിലേര്‍പ്പെട്ടും പുതിയതായി നിയമിക്കപ്പെടുന്ന മജിസ്ട്രേറ്റുമാരെ വ്യവഹാരനടപടികള്‍ക്കിടെ അധിക്ഷേപിച്ചും ക്രിമിനല്‍ മാഫിയ വിലസുകയാണ്. ജനങ്ങള്‍ക്ക് നീതിതേടാനുള്ള ആദ്യപടി അഭിഭാഷകരാണ്. മധ്യസ്ഥരായ ഇവരില്‍ ചിലര്‍ ഗുണ്ടകളും ക്രിമിനലുകളുമായി നിലകൊള്ളുന്നത് ആ സമൂഹത്തിനും കോടതികള്‍ക്കും അപമാനമാകുന്നു. സാമൂഹികപ്രതിബദ്ധത മറന്നുകൊണ്ടുള്ള പലരുടെയും പിന്തുണയാണ് ഈ ക്രിമിനല്‍മാഫിയയ്ക്ക് വളം. ഇത് അനുവദിച്ചുകൂട." സുപ്രീം കോടതിവരെയുള്ള മേല്‍ക്കോടതികളും നിയമനിര്‍മ്മാണസഭയും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും 'ജനയുഗം' ആവശ്യപ്പെട്ടു.
Published by:user_57
First published:
)}