• HOME
  • »
  • NEWS
  • »
  • crime
  • »
  • CPM പ്രവർത്തകൻ തലശ്ശേരി ഹരിദാസന്റെ കൊലപാതകം: രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് കുറ്റപത്രം

CPM പ്രവർത്തകൻ തലശ്ശേരി ഹരിദാസന്റെ കൊലപാതകം: രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് കുറ്റപത്രം

തുടരന്വേഷണത്തിനായി അഞ്ചു പ്രതികളുടെ ശബ്ദ സാമ്പിളുകൾ ശേഖരിക്കാൻ കോടതി അനുമതി നൽകി 

കൊല്ലപ്പെട്ട ഹരിദാസൻ

കൊല്ലപ്പെട്ട ഹരിദാസൻ

  • Share this:
കണ്ണൂർ: തലശേരിയിൽ സിപിഎം പ്രവര്‍ത്തകന്‍ (CPM) പുന്നോല്‍ താഴെവയലില്‍ കെ ഹരിദാസനെ കൊലപ്പെടുത്തിയ കേസില്‍ (Haridasan Murder Case) പൊലrസ് തലശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം (charge sheet) സമര്‍പ്പിച്ചു. 17പേരെ പ്രതിചേര്‍ത്താണ് ന്യൂമാഹി പൊലീസ് ഇന്‍സ്‌പെക്ടര്‍ വി വി ലതീഷ് കുറ്റപത്രം സമര്‍പ്പിച്ചത്.

ബിജെപി തലശേരി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ കെ ലിജേഷ് ആണ് കേസിലെ ഒന്നാം പ്രതി. ലിജേഷ് കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തതായി കുറ്റപത്രം പറയുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് ഹരിദാസനെ കൊലപ്പെടുത്താന്‍ പ്രതികള്‍ക്ക് പ്രേരണയായത്. ഒന്നു മുതല്‍ ആറുവരെയുള്ള പ്രതികൾ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തതായാണ് പൊലീസിന്റെ കണ്ടെത്തൽ.

11 പേര്‍ക്കെതിരേ ഗൂഢാലോചനാ കുറ്റവും ചുമത്തിയിട്ടുണ്ട്. കേസിലെ ഏഴാം പ്രതി നിജില്‍ ദാസിനെ ഒളിവില്‍ കഴിയാന്‍ താമസ സൗകര്യം ഒരുക്കി നല്‍കിയ അധ്യാപികയായ രേഷ്മ 17ാംപ്രതിയാണ്.

Also Read- Vijay Babu| വിജയ് ബാബു ജോർജിയയിലേക്ക് കടന്നുവെന്ന് വിവരം; റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ പൊലീസ്

കഴിഞ്ഞ ഫെബ്രുവരി 21ന് പുലര്‍ച്ചെയായിരുന്നു ഹരിദാസിനെ പ്രതികള്‍ ചേര്‍ന്ന് പുന്നോലിലെ വീടിന് സമീപത്ത് വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധം മൂലമാണ് ആർഎസ്എസ് പ്രവർത്തകർ ഹരിദാസിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കുറ്റപത്രം വ്യക്തമാക്കുന്നു.

ഫെബ്രുവരി എട്ടിന് ആർഎസ്എസ്- ബിജെപി പ്രവർത്തകരായ വിമിൻ, അമൽ, അർജുൻ, ദീപക്ക് എന്നിവരെ ഹരിദാസൻ ഉൾപ്പെടെയുള്ളവർ ആക്രമിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് കൊലപാതകം പ്രതികൾ ആസൂത്രണം ചെയ്തത് എന്ന‌ാണ് കുറ്റപത്രത്തിൽ പറയുന്നത്. പ്രത്യേകമായി രൂപകൽപ്പന ചെയ്ത മൂന്ന് വാളുകളും മൂന്ന് കൊടുവാളും ഒരു കത്തിയും ഒന്നാം പ്രതിയായ ലിജേഷ് സ്കൂട്ടറിൽ എത്തിച്ച് കൊടുത്തു. മത്സ്യത്തൊഴിലാളിയായ ഹ ഹരിദാസൻ കരയിലെത്തിയ വിവരം സുനേഷാണ് ലിജേഷിന് അറിയിച്ചത്. തുടർന്നാണ് പ്രതികൾ കുറ്റകൃത്യം അതിനുള്ള തയ്യാറെടുപ്പ് നടത്തിയത്.

കേസിലെ ഏഴാം പ്രതിയും ആർഎസ്എസ് നേതാവുമായ നിജിൽ ദാസിന്റെ ഫോണിൽ നിന്നും ഗൂഢാലോചന സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചതായി കുറ്റപത്രം പറയുന്നു. കൊലപാതകം, കുറ്റകരമായ സംഘം ചേരൽ, കലാപമുണ്ടാക്കാൻ ശ്രമിക്കൽ, മാരകായുധം ഉപയോഗിക്കൽ, കുറ്റകരമായ ഗൂഢാലോചന, ബോധപൂർവമായ മുറിവേൽപ്പിക്കുന്ന അക്രമം നടത്തൽ തുടങ്ങിയ കുറ്റങ്ങളാണ് 1 മുതൽ 16 വരെയുള്ള പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റവാളിയാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് നിജിൽ ദാസിന് പതിനേഴാം തീയതി രേഷ്മ  ഒളിച്ചു താമസിക്കാൻ സൗകര്യം ഒരിക്കിയത് എന്നും കുറ്റപത്രത്തിൽ പറയുന്നു. 124 സാക്ഷി മൊഴികളാണ് കുറ്റപത്രത്തില്‍ പൊലിസ് രേഖപ്പെടുത്തിയിട്ടുണ്ട്.  200 ഓളം തൊണ്ടി മുതലുകളും പൊലിസ് ശേഖരിച്ചിരുന്നു.

Also Read- Attack| മൊബൈൽ ​ഗെയിമിനെ ചൊല്ലി തർക്കം; യുവാവിനെ പ്രായപൂർത്തിയാകാത്ത സുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു

കേസിലെ 12ാം പ്രതി എം. സുനേശ്, 17ാം പ്രതി  രേശ്മ എന്നിവര്‍ക്കു മാത്രമാണു കോടതി ഇതുവരെ ജാമ്യം അനുവദിച്ചത്. പ്രതികളിൽ രണ്ടുപേരെ ഇനിയും പിടികൂടാനുണ്ട്. ബാക്കി 13 പ്രതികളും റിമാൻഡിലാണ്.

കേസിലെ എട്ട് പ്രതികൾ കഴിഞ്ഞ ദിവസം സമർപ്പിച്ച ജാമ്യ ഹർജി കോടതി തള്ളിയിരുന്നു. കെ.വി.വിമിൻ, അമൽ മനോഹരൻ, പി.കെ.അശ്വന്ത്, അർജുൻ, ദീപക് സദാനന്ദൻ, അഭിമന്യു, ശരത്ത്, ആത്മജൻ എന്നിവരുടെ ജാമ്യഹർജി ആണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത് . കേസിലെ 5 പ്രതികളുടെ ശബ്ദ സാമ്പിളുകൾ ശേഖരിക്കണം എന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചു. കെ ലിജേഷ് , വിമിൻ , ആത്മജ്, ശരത്, നിജിൽ ദാസ് എന്നിവരുടെ ശബ്ദ സാമ്പിളുകളാണ് ശേഖരിക്കാൻ അനുമതി നൽകിയത്. ആകാശവാണിയിലാണ് ശബ്ദ ശേഖരണം നടത്തുക. തുടർന്ന് പരിശോധനയ്ക്കായി ഫോറൻസിക് ലബോറട്ടറിയിലേക്ക് അയക്കും.
Published by:Rajesh V
First published: