വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയ യുവാവിനെ ഉറക്ക ഗുളിക നല്കി മയക്കിയ ശേഷം യുവതി കുത്തിക്കൊന്നു. നാഗര്‍കോവില്‍ വടശ്ശേരി സ്വദേശിയും ആരല്‍വായ്മൊഴി ഇ.എസ്.ഐ. ആശുപത്രി ജീവനക്കാരനുമായ രതീഷ് കുമാറാ(35)ണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മണവാളക്കുറിച്ചി സ്വദേശിയും അധ്യാപികയുമായ ഷീബയെ(37) പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം യുവതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. രതീഷ് കുമാര്‍ ജോലി ചെയ്യുന്ന ഇ.എസ്.ഐ. ആശുപത്രിയില്‍ എത്തിയ ഷീബ, രതീഷിന് ഉറക്കഗുളിക കലര്‍ന്ന ആഹാരം നല്കി, അബോധാവസ്ഥയിലാക്കിയ ശേഷമാണ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്.
തന്റെ പിറന്നാള്‍ ദിവസം അവസാനമായി, താന്‍ തയ്യാറാക്കിയ ആഹാരം കഴിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷീബ ബുധനാഴ്ച ഇ.എസ്.ഐ. ആശുപത്രിയില്‍ രതീഷിനെ കാണാന്‍ പോയത്.
രതീഷ് കുമാറിന്റെ ദേഹത്ത് മുപ്പത് കുത്തുകളേറ്റിരുന്നതായി പോലീസ് പറഞ്ഞു. 2009-ല്‍ വിവാഹിതയായ ഷീബയ്ക്ക് രണ്ട് മക്കളുണ്ട്. സ്വകാര്യ പോളിടെക്നിക് കോളേജില്‍ അധ്യാപികയായ ഷീബ 2013-ല്‍ ഇ.എസ്.ഐ. ആശുപത്രിയില്‍ എത്തിയപ്പോഴാണ് രതീഷുമായി പരിചയത്തിലാകുന്നത്.
തുടര്‍ന്ന് രതീഷിന്റെ നിര്‍ബന്ധപ്രകാരം 2019-ല്‍ ഭര്‍ത്താവുമായി നിയമപരമായി ബന്ധം പിരിഞ്ഞു. ഷീബയെ വിവാഹം ചെയ്യാമെന്ന് പറഞ്ഞിരുന്ന, രതീഷ് കഴിഞ്ഞ വര്‍ഷം മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഇതോടെ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ക്കു തുടക്കമായി. ഷീബയുമായി സംസാരിക്കാന്‍പോലും രതീഷ് താത്പര്യം കാണിക്കാതായപ്പോഴാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഷീബ പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ ആരല്‍വായ്മൊഴി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.