കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ മാപ്പു സാക്ഷിയാകാന്‍ സമ്മര്‍ദമുണ്ടെന്ന് ഒന്നാം പ്രതി അലന് ഷുഹൈബ്. എറണാകുളം എന്‍ഐഎ കോടതിയിലാണ് അലന് ഇക്കാര്യം വെളിപ്പെടുത്തിയത്. പലകോണിൽ നിന്നും ഈ ആവശ്യം വന്നതായി അലന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയെ ബോധിപ്പിച്ചു. കൂട്ടു പ്രതികള്‍ക്കെതിരെ മൊഴി നല്‍കാനാണ് സമ്മര്‍ദം. പ്രധാനമായും രണ്ടാം പ്രതി താഹക്കെതിരെയാണ്. എന്നാല്‍ താന്‍ ഇതിന് തയ്യാറല്ലെന്നും അലന് അറിയിച്ചു. അലന്റെ ആരോപണം കോടതി രേഖപ്പെടുത്തി.
പന്തീരാങ്കാവ് യുഎപിഎ കേസിൽ അലന് ഷുഹൈബാണ് കേസിലെ ഒന്നാം പ്രതി. താഹാ ഫസൽ രണ്ടാം പ്രതിയും സി പി ഉസ്മാന് മൂന്നാം പ്രതിയുമാണ്.
മൂന്നാം പ്രതി ഉസ്മാൻ ഒളിവിലാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. മൂന്നു പ്രതികളും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലെ അംഗങ്ങളാണെന്നും സംഘടനയ്ക്കു വേണ്ടി മൂവരും രഹസ്യയോഗങ്ങൾ സംഘടിപ്പിച്ചെന്നും കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും എൻ ഐ എ കുറ്റപത്രത്തിൽ പറയുന്നു.
നവംബർ ഒന്നിനാണ് സിപിഎം അംഗങ്ങളായ താഹയും അലനും കോഴിക്കോട് പന്തീരാങ്കാവ് നിന്നും അറസ്റ്റിലായത്. മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന ലഘുലേഖകളും പുസ്തകങ്ങളും പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം ചുമത്തിയ കേസ് പിന്നീട് എൻഐഎ ഏറ്റെടുത്തു.
സിപിഎം അംഗങ്ങളും പാർട്ടി കുടുംബങ്ങളിൽ നിന്നുള്ളവരുമാരായ ഇരുവർക്കുമെതിരായ യുഎപിഎ കേസ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി. യുഎപിഎ ചുമത്തിയതിനെതിരെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ രംഗത്തെത്തി.രണ്ടു പേരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ തന്നെ വ്യക്തമാക്കി.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.