തൃശൂർ: പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വൈദികന് ഏഴ് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. തൃശൂർ ആമ്പല്ലൂർ സ്വദേശി ഫാ. രാജു കൊക്കനെയാണ് തൃശൂർ അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ തുക അതിജീവിതക്ക് നൽകണമെന്നും വിധി പ്രഖ്യാപിച്ചു കൊണ്ട് ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരൻ ഉത്തരവിട്ടു.
2014 തൃശൂരിലെ ഒല്ലൂർ തൈക്കാട്ടുശേരി സെന്റ് പോൾസ് പള്ളി വികാരിയായിരിക്കുമ്പോൾ സാമ്പത്തികമായി പിന്നോക്ക കുടുംബത്തിൽനിന്നുള്ള പെൺകുട്ടിയെ ആദ്യ കുർബാനക്ക് വസ്ത്രം വാഗ്ദാനം ചെയ്തായിരുന്നു രാജു കൊക്കൻ പീഡിപ്പിച്ചത്. 2014 ഏപ്രിലിൽ 8, 11, 24 തീയതികളിലായിരുന്നു പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇയാൾ പീഡിപ്പിച്ചത്.
പെൺകുട്ടിയെ നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചിത്രം മൊബൈലിൽ പകർത്തിയെന്നതുമാണ് വൈദികനെതിരെ തെളിയിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങൾ. പീഡന വിവരം കുട്ടി മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ വനിതാ സെല്ലിലറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. കേസായതിനെ തുടർന്ന് ഒളിവിൽ പോയ രാജുകോക്കനെ നാഗർകോവിലിലിൽ നിന്നാണ് ഷാഡോപൊലീസ് പിടികൂടിയത്.
Also Read- അയൽവീട്ടിലെ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക് 15 വർഷം കഠിനതടവും 75000 രൂപ പിഴയും
ആദ്യകുർബാന ക്ലാസിലെ കുട്ടികളും, അധ്യാപകരും, പുരോഹിതരും അടക്കമുള്ള സാക്ഷികളുടെ മൊഴിയും മൊബൈൽ ഫോൺ വഴി എടുത്ത ഫോട്ടോകളും കേസിൽ നിർണായകമായ തെളിവുകളായി പരിഗണിച്ചു കൊണ്ടാണ് കോടതി കേസിൽ വിധി പറഞ്ഞത്. സമൂഹത്തിൽ ആദരവർഹിക്കുന്ന തികച്ചും മാതൃകാപരമായി പ്രവർത്തിക്കേണ്ട ഒരു ആരാധനാലയത്തിലെ പുരോഹിതനിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രവൃത്തിയാണെന്ന് വിലയിരുത്തിയ കോടതി പ്രതി അക്കാരണത്താൽ തന്നെ പരിഗണന അർഹിക്കുന്നില്ലെന്ന് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.