തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് കേന്ദ്രീകരിച്ച് നടന്ന പി.എസ്.സി പരീക്ഷാ തട്ടിപ്പിൽ ചോദ്യ പേപ്പർ ചോർത്തിയ പ്രവീൺ കീഴടങ്ങി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതി കീഴടങ്ങിയത്. പി.എസ്.സി നടത്തിയ സിവിൽ പൊലീസ് ഓഫീസർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ശിവരഞ്ജിത്തിനും രണ്ടാം റാങ്കുകാരനായ പ്രണവിനും 28 ാം റാങ്കുകാരനായ നസീമിനും വേണ്ടി ചോദ്യം ചോർത്തി നൽകിയത് പ്രവീണാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
പരീക്ഷ നടക്കുമ്പോൾ പ്രതികളുടെ ഫോണിലേക്ക് നിരന്തരം മെസേജുകൾ എത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കോപ്പിയടിക്കാൻ സ്മാർട് വാച്ച് ഉപയോഗിച്ചെന്ന് പ്രതികൾ സമ്മതിച്ചിട്ടുമുണ്ട്. എന്നാൽ പ്രവീണിനെ ചോദ്യം ചെയ്താൽ മാത്രമെ കോപ്പിയടി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കി.
യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥിയെ എസ്.എഫ്.ഐ നേതാക്കൾ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിനു പിന്നാലെയാണ് പി.എസ്.സി പരീക്ഷാ തട്ടിപ്പും പുറത്തായത്. കുത്തുകേസിൽ അറസ്റ്റിലായ പ്രതികൾ പി.എസ്.സി റാങ്ക് പട്ടികയിൽ ഇടം പിടിച്ചത് വിവാദമായതിനു പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.