കൊല്ലം: വിസ്മയ കേസിൽ പ്രതിയാ കിരൺ കുമാറിനെ ജാമ്യത്തിലിറക്കാൻ എത്തിയ പ്രശസ്ത അഭിഭാഷകൻ ബി എ ആളൂരിന് അടിതെറ്റിയത് പബ്ലിക് പ്രോസിക്യൂട്ടറുടെ വാദങ്ങളിൽ. കിരണിന് ജാമ്യം ലഭിക്കാനായി ആളൂർ എല്ലാ വഴികളും തേടിയെങ്കിലും പബ്ലിക് പ്രോസിക്യൂട്ടർ കാവ്യ എസ് നായരുടെ വാദങ്ങൾ അംഗീകരിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കിരണിന് ജാമ്യം നിഷേധിച്ചതോടെ സമൂഹമാധ്യമങ്ങളിലും താരമായി മാറിയിരിക്കുകയാണ് പബ്ലിക് പ്രോസിക്യൂട്ടർ കാവ്യ എസ് നായർ. സ്ത്രീധന പീഡനത്തിനെതിരായ പോരാട്ടങ്ങളിലൂടെ നിയമവൃത്തങ്ങളിൽ ശ്രദ്ധേയയാണ് കാവ്യ എസ് നായർ. ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് വിസ്മയ കേസിൽ പ്രതിയുടെ ജാമ്യത്തിനായി കഴിഞ്ഞ ദിവസം ആളൂരും എതിർത്തും കാവ്യയും മുഖാമുഖം വന്നത്.
വിസ്മയയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണ പുരോഗതിക്ക് അനുസരിച്ച് മറ്റു പല വകുപ്പുകളും കിരണിന്റെ പേരിൽ ചേർക്കേണ്ടി വരുമെന്നും കാവ്യ എസ് നായർ വാദിച്ചു. കോവിഡ് ബാധിതനായതിനാൽ കിരണിനെ തെളിവെടുപ്പിനായി കൊണ്ടുപോകാൻ സാധിച്ചിട്ടില്ല. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കേണ്ടതുണ്ടെന്നും കാവ്യ വാദിച്ചു. കാവ്യയുടെ ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി കിരൺ കുമാറിന് ജാമ്യം നിഷേധിച്ചത്.
അതേസമയം കിരൺ കുമാർ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇതുവരെ ഒരു കേസിൽ പോലും പ്രതിയായിട്ടില്ലെന്നും ബി എ ആളൂർ വാദിച്ചിരുന്നു. പൊലീസ് മനപൂർവ്വം കിരണിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണ്. സമാനമായ ആത്മഹത്യകൾ സംസ്ഥാനത്ത് ഉണ്ടായിട്ടും ഇത്രയും ശുഷ്കാന്തി പൊലീസ് മറ്റൊരിടത്തും കാണിച്ചിട്ടില്ല. പൊലീസിന്റേത് അമിതാവേശമാണെന്നും ആളൂർ വാദിച്ചു.
വിവാദമായ കേസുകളില്‍ കുറ്റാരോപിതര്‍ക്ക് വേണ്ടി മുൻപ് പല കേസുകളിലും ഹാജയാരിട്ടുള്ള ക്രിമിനൽ അഭിഭാഷകനാണ് അഡ്വ. ആളൂർ. പതിവ് തെറ്റിക്കാതെ വിസ്മയ കേസിലും കുറ്റാരോപിതനായ കിരൺകുമാറിന് വേണ്ടി അദ്ദേഹം ഹാജരാകുകയായിരുന്നു. ജൂലൈ മൂന്നിനാണ് കേസിൽ വാദം നടന്നത്. നേരത്തെ സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായി ചര്‍ച്ചയായതിന് പിന്നാലെ വിവാദമായ പല കേസുകളിലും പ്രതിഭാഗത്തിന് വേണ്ടി ബി എ ആളൂര്‍ വക്കീല്‍ ഹാജരായിരുന്നു.
Also Read-
ലാപ്ടോപ്പിൽ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങൾ ചോർത്തി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്
സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തെ തുടർന്ന് വിസ്മയ മരിച്ച സംഭവം കേരളമാകെ ഏറെ ചർച്ചയായിരുന്നു. ഈ കേസിലാണ് കിരണിന് വേണ്ടി ജാമ്യാപേക്ഷയുമായി ബിഎ ആളൂര്‍ കോടതിയിലെത്തിയത്. വിസ്മയയുടെ മരണത്തില്‍ കിരണിന് പങ്കില്ലെന്ന കുടുംബത്തിന്റെ നിലപാട് തന്നെയാണ് ജാമ്യാപേക്ഷയിലുമുണ്ടായിരുന്നത്. തെളിവെടുപ്പ് നടക്കുന്നതിനിടയില്‍ കിരണിന് കോവിഡ് പോസിറ്റീവായതോടെ തെളിവെടുപ്പ് നിലച്ചിരുന്നു.
Also Read-
റബർ ടാപ്പിങ്ങിനിടെ കടുവയുടെ ആക്രമണം; പാലക്കാട് എടത്തനാട്ടുകരയിൽ അത്ഭുതകരമായി രക്ഷപെട്ടു
കൂടത്തായി കൊലപാതകക്കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ ബി എ ആളൂരിനെതിരെ വ്യാപക വിമര്‍ശനം നേരിട്ടിരുന്നു. കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ട റിയാസ് അബൂബക്കറിനായും ബിഎ ആളൂര്‍ ഹാജരായിരുന്നു. ജിഷ വധക്കേസില്‍ പ്രതിയായ അമീര്‍ ഉള് ഇസ്ലാമിന് വേണ്ടിയും ബിഎ ആളൂര്‍ ഹാജരായിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സർ സുനിയുടെ കേസ് ഏറ്റെടുക്കുമെന്ന് ആളൂര്‍ നേരത്തെ പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.