• HOME
  • »
  • NEWS
  • »
  • crime
  • »
  • ബോംബ് ഭീഷണി മുഴക്കിയത് 'അളിയനെന്ന്' മൊഴി നൽകി കബളിപ്പിക്കാൻ ശ്രമം; ട്രെയിൻ വൈകിപ്പിച്ചത് മണിക്കൂറോളം

ബോംബ് ഭീഷണി മുഴക്കിയത് 'അളിയനെന്ന്' മൊഴി നൽകി കബളിപ്പിക്കാൻ ശ്രമം; ട്രെയിൻ വൈകിപ്പിച്ചത് മണിക്കൂറോളം

 എന്ത് കൊണ്ടാണ് എറണാകുളത്ത് നിന്നും കയറാത്തതെന്നും ഷൊർണൂരിൽ എങ്ങനെയെത്തിയെന്നും ചോദിച്ചതോടെയാണ് ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിയുന്നത്. 

  • Share this:

    കൃത്യസമയത്ത് പുറപ്പെട്ട രാജധാനി എക്സ്പ്രസിൽ കയറാൻ ബോബ് ഭീഷണി മുഴക്കി മണിക്കൂറുകൾ വൈകിച്ച യാത്രക്കാരൻ അറസ്റ്റിൽ. പഞ്ചാബ് സ്വദേശി ജയ്സിംഗ് റാത്തോറിനെയാണ് ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 23 രാത്രി 10.45നാണ് സംഭവം.

    എറണാകുളത്ത് നിന്നും ഡൽഹിയിലേക്ക് ടിക്കറ്റെടുത്ത ജയ് സിംഗ് റാത്തോർ എറണാകുളം സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ട്രെയിൻ പുറപ്പെട്ടിരുന്നു. ഇതോടെ ഇയാൾ രാജധാനിയിൽ ബോംബുണ്ടെന്ന് റെയിൽവേ കൺട്രോൾ റൂമിലേക്ക് വിളിച്ചു പറഞ്ഞു. ഉടൻ ഷൊർണ്ണൂർ റെയിൽവേ പൊലീസിന് വിവരം ലഭിച്ചു. രാത്രി 12.45 ന് ഷൊർണൂരിൽ എത്തിയ ട്രെയിനിൽ ബോംബ് സ്ക്വാഡ് പരിശോധന തുടങ്ങി. മൂന്നു മണിക്കൂറോളം പരിശോധിച്ചിട്ടും സംശയാസ്പദമായ വസ്തുക്കളോ സൂചനകളോ ലഭിച്ചില്ല. ഇതോടെ ട്രെയിനിൽ കയറിയ യാത്രക്കാരുടെ വിവരങ്ങൾ നൽകാൻ ടിടിആറിനോട് ആവശ്യപ്പെട്ടു. ഈ പരിശോധനയിലാണ് എറണാകുളത്ത് നിന്നും കയറാത്ത ഒരു യാത്രക്കാരൻ ഷൊർണൂരിൽ കയറിയിട്ടുണ്ടെന്ന് മനസ്സിലായത്.പഞ്ചാബ് സ്വദേശിയായ ജയ്സിംഗ് റാത്തോർ ആയിരുന്നു യാത്രക്കാരൻ. എന്ത് കൊണ്ടാണ് എറണാകുളത്ത് നിന്നും കയറാത്തതെന്നും ഷൊർണൂരിൽ എങ്ങനെയെത്തിയെന്നും ചോദിച്ചതോടെയാണ് ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിയുന്നത്.

    Also read-സ്റ്റേഷൻ വിട്ട ട്രെയിനിൽ കയറാൻ ബോംബ് ഭീഷണി; ഷൊർണൂരിൽ പഞ്ചാബ് സ്വദേശി അറസ്റ്റിൽ

    ട്രെയിനിൽ കയറാൻ കഴിയാതെ വന്നതോടെ ജയ് സിംഗ് റെയിൽവേ കൺട്രോൾ റൂമിലേക്ക് വിളിച്ച് ബോംബ് ഭീഷണി മുഴക്കുകയായിരുന്നു. തുടർന്ന് ഇയാൾ അടുത്ത ട്രെയിനിൽ കയറി തൃശൂരിൽ ഇറങ്ങി. ഇവിടെ നിന്നും ഓട്ടോയിൽ ഷൊർണൂരിൽ എത്തി. അപ്പോഴും ട്രെയിനിൽ പരിശോധന നടക്കുകയായിരുന്നു. ആദ്യം തന്റെ അളിയനാണ് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ പിന്നീട് പൊലീസ് ബാഗ് പരിശോധിച്ചപ്പോൾ രണ്ടാമത്തെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കിടക്കുന്നത് കണ്ടു. ഈ ഫോൺ ഉപയോഗിച്ചാണ് ഇയാൾ ബോംബ് ഭീഷണി മുഴക്കിയത്. മാർബിൾ വ്യാപാരിയായ ജയ് സിംഗ് ബിസിനസ് ആവശ്യത്തിനായാണ് എറണാകുളത്ത് എത്തിയത്.

    മുൻപ് കോഴിക്കോടും സമാന രീതിയിലുള്ള സംഭവം നടന്നിരുന്നു. ഇത്തരത്തിൽ വ്യാജ ഭീഷണി മുഴക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. വ്യാജ ഭീഷണി സന്ദേശം മൂലം മൂന്ന് മണിക്കൂറാണ് ട്രെയിൻ വൈകിയത്. യാത്രക്കാരും അധികൃതരും ഒരുപോലെ ദുരിതത്തിലുമായി.

    Published by:Sarika KP
    First published: