ജയ്പുർ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീകളുടെ നഗ്നചിത്രങ്ങളും ലൈംഗികച്ചുവയുള്ള സംഭാഷണങ്ങൾക്കുമായി നിർണായകമായ സൈനിക വിവരങ്ങൾ ചോർത്തി നൽകിയതിന് രാജസ്ഥാൻ സ്വദേശി അറസ്റ്റിലായി. പാക് ചാര സംഘടനയായ ഐഎസ്ഐ ഒരുക്കിയ ഹണിട്രാപ് കെണിയിലാണ് ജയ്സാൽമീർ സ്വദേശിയായ സത്യനാരായണൻ പാലിവാൾ കുടുങ്ങിയത്. ഇയാളെ കഴിഞ്ഞ ആഴ്ച സ്പെഷ്യൽ ബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു.
ചോദ്യം ചെയ്യലിൽ അതിർത്തിയിലെ നിർണായക സൈനിക വിവരങ്ങൾ താൻ ചോർത്തി നൽകിയതായി സത്യനാരായണൻ സമ്മതിച്ചു. സൈനിക നീക്കം, പൊഖ്റാനിലെ ഫയറിങ് റേഞ്ച് എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഫേസ്ബുക്ക് മെസഞ്ചർ വഴി ചാറ്റ് ചെയ്ത യുവതികളുടെ വ്യാജ അക്കൌണ്ടിന് ഇയാൾ കൈമാറിയത്.
സ്ത്രീകളുടെ പേരിൽ സൃഷ്ടിച്ച വ്യാജ അക്കൌണ്ടിൽനിന്ന് സത്യനാരായണനോട് സംസാരിച്ചിരുന്നത് ഐഎസ്ഐ വക്താക്കളായിരുന്നു. ഇവർ സ്ത്രീകളുടെ നഗ്ന ചിത്രങ്ങൾ കൈമാറുകയും, ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സത്യനാരായണ സൈനിക വിവരങ്ങൾ കൈമാറാൻ തുടങ്ങിയത്.
സംശയാസ്പദമായി തോന്നിയ സാമൂഹിക മാധ്യമ അക്കൌണ്ടുകൾ പരിശോധിച്ചതിൽനിന്നാണ് സത്യനാരായണ പാലിവാൾ കുടുങ്ങിയതെന്ന് സ്പെഷ്യൽ ബ്രാഞ്ച് അറിയിച്ചു. സത്യനാരായൺ പാലിവാളിന് വളരെക്കാലമായി ഐഎസ്ഐയുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസി ഹണിട്രാപ്പിൽ കുടുക്കിയതാണെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽ നിർണായക സൈനിക വിവരങ്ങളുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.