HOME » NEWS » Crime » RAMANATTUKARA ROAD ACCIDENT DURING SMUGGLING ATTEMPT TO SNATCH GOLD AR TV

രാമനാട്ടുകര വാഹനാപകടം കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ; എട്ടുപേർ കസ്റ്റഡിയിൽ

കരിപ്പൂരിൽ പിടികൂടിയ കള്ളക്കടത്ത് സ്വർണം കൊണ്ടുപോവാൻ എത്തിയ കൊടുവള്ളി സംഘവും തട്ടിയെടുക്കാൻ വന്ന ചെർപ്പുളശ്ശേരി സംഘവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി... അതിന് പിന്നാലെയാണ് അപകടം ഉണ്ടായത്

News18 Malayalam | news18-malayalam
Updated: June 21, 2021, 10:40 PM IST
രാമനാട്ടുകര വാഹനാപകടം കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ; എട്ടുപേർ കസ്റ്റഡിയിൽ
ramanattukara_accident
  • Share this:
കോഴിക്കോട്: രാമനാട്ടുകര പുളിഞ്ചോട് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അപകടം കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടയിലാണെന്ന് വ്യക്തമായി. അപകടത്തിന് സ്വർണകള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലീസിന് തുടക്കം മുതൽ സംശയമുണ്ടായിരുന്നു. വിദേശത്ത് നിന്നെത്തുന്നയാളെ നാട്ടിലേക്ക് കൊണ്ടുപോവാൻ എന്തിന് പതിനഞ്ച് പേർ വന്നു? ചെർപ്പുളശ്ശേരിക്ക് പോവേണ്ടവർ രാമനാട്ടുകരയ്ക്ക് വന്നതെന്തിന്? ഈ ചോദ്യങ്ങൾക്കൊക്കെ കൂടെയുണ്ടായിരുന്നവരിൽ നിന്ന് ലഭിച്ചത് പരസ്പരവിരുദ്ധമായ ഉത്തരങ്ങൾ. ഇത് സംശയം ഇരട്ടിപ്പിച്ചു. അപകടത്തില്‍പ്പെട്ട ബൊലേറോ കാറിലുണ്ടായിരുന്നവര്‍ വെള്ളം വാങ്ങിക്കാനായി രാമനാട്ടുകര ഭാഗത്തേക്ക് പോയതാണെന്നായിരുന്നു ഇവരാദ്യം നല്‍കിയിരുന്ന മൊഴി. പിന്നീട് അപകടമുണ്ടായെന്ന വിവരം ലഭിച്ചതനുസരിച്ചാണ് തങ്ങള്‍ അപകടസ്ഥലത്ത് എത്തിയതെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍, വിമാനത്താവളത്തില്‍ ആരെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തി എന്ന ചോദ്യത്തിന് ഇവരാരും കൃത്യമായ മറുപടി നല്‍കിയില്ല.

അപകടത്തെക്കുറിച്ച് പൊലീസിന്റെ  നിഗമനം ഇങ്ങനെ.

മലപ്പുറം മൂർക്കനാട് സ്വദേശി ഷഫീഖ് കൊടുവള്ളി സ്വദേശിക്ക് രണ്ടരകിലോ സ്വർണ്ണം ദുബായിൽ നിന്ന് കൊണ്ടുവരുന്നു. ഈ വിവരം ക്വട്ടേഷൻ നേതാവായ ചേർപ്പുളശേരി സ്വദേശി ചരൽ ഫൈസലിന് ചോർന്നു കിട്ടി. സ്വർണം തട്ടിയെടുക്കാൻ ഫൈസലിന്റെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘം പദ്ധതിയിടുന്നു. ബൊലേറോ, ഇന്നോവ, ബലെനോ കാറുകളിൽ സംഘം  കരിപ്പൂരിൽ എത്തി. കൊടുവള്ളിയില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങള്‍ നിരീക്ഷിച്ചു. ഫോര്‍ച്യൂണറിലും ഥാറിലുമാണ് കൊടുവള്ളി സംഘം എത്തിയത്.  ഷഫീഖിനെ  എയർപോർട്ടിൽ വെച്ചു പിടികൂടിയതറിഞ്ഞ കൊടുവള്ളി സംഘം ധൃതിയില്‍ എയര്‍പോര്‍ട്ടിന് പുറത്തേക്ക് കടന്നു. എന്നാല്‍ സ്വർണവുമായാണ് കൊടുവള്ളിക്കാർ പോവുന്നതെന്ന ധാരണയിൽ ചരല്‍ ഫൈസലിന്‍റെ നേതൃത്വത്തിലുള്ള ചെർപ്പുളശേരി സംഘം  പിന്തുടർന്നു.

Also Read- രാമനാട്ടുകര വാഹനപകടത്തിന് പിന്നിൽ ദൂരഹതകൾ; CCTV ദൃശ്യം പരിശോധിക്കും, കൂടുതൽ പേരെ ചോദ്യം ചെയ്യാൻ പൊലീസ്

വിമാനത്താവളത്തിന് പുറത്ത് ന്യൂമാൻ ജംഗ്ഷനിൽ വെച്ച് ഇരു സംഘവും തമ്മിൽ ഏറ്റുമുട്ടലും ഉണ്ടായി. ഇവിടെ നിന്ന് കൊടുവള്ളി സംഘത്തിലെ ഒരു വാഹനം കോഴിക്കോട് ഭാഗത്തേക്ക്‌ പോയി. സ്വര്‍ണം ആ വാഹനത്തിലാണെന്ന ധാരണയില്‍ കവർച്ചാ സംഘത്തിലെ അഞ്ചു പേർ ബൊലേറോ കാറിൽ ഇവരെ പിന്തുടർന്നു.  യഥാർത്ഥത്തിൽ കള്ളക്കടത്ത് സ്വർണം കസ്റ്റംസ് പിടിച്ചെന്ന് മനസിലായതോടെ ചേർപ്പുളശേരിക്കാർ  കരിപ്പൂരിലേക്ക് തിരിച്ചു. അതിവേഗത്തിൽ മടങ്ങുകയായിരുന്ന കാർ ലോറിയിൽ ഇടിച്ചായിരുന്നു അപകടം. അഞ്ചു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്.

നിയന്ത്രണംവിട്ട് മറിഞ്ഞതിന് ശേഷമാണ് ബൊലേറാ തന്റെ വാഹനത്തിലിടിച്ചതെന്നാണ് ലോറി ഡ്രൈവറുടെ മൊഴി.മരിച്ച അഞ്ചു പേരുൾപ്പെടെ ചെർപ്പുളശേരി സംഘത്തിലെ പതിനഞ്ച് പേർക്കെതിരെയും കേസെടുത്തു. എട്ട് പേർ ഇപ്പോൾ കസ്റ്റഡിയിലുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കും. ഐപിസി 399 പ്രകാരം  കൊളള നടത്താനാണ് ശ്രമിച്ചത് എന്ന രീതിയിലാണ് കേസെടുത്തിരിക്കുന്നത്. കസ്റ്റംസിന്റെ പിടിയിലായ മുഹമ്മദ് ഷെഫീക്കില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കാന്‍ എത്തിയവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. TDY എന്ന പേരില്‍ വാട്ട്സ് അപ് ഗ്രൂപ് രൂപീകരിച്ചായിരുന്നു സംഘത്തിന്‍റെ പ്രവര്‍ത്തനം.
Published by: Anuraj GR
First published: June 21, 2021, 10:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories