പ്രളയ ഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയുടെ പണം സര്‍ക്കാരിന് നല്‍കിയില്ലെന്ന് ആരോപണം. സംഗീതസംവിധായകരായ ബിജിബാൽ , ഷഹബാസ് അമന്‍, സംവിധായകൻ ആഷിക് അബു, നടി റിമ കല്ലിങ്കല്‍ എന്നിവരുടെ നേത്യത്വത്തിലുള്ള കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ സംഗീത പരിപാടിയെക്കുറിച്ചാണ് ആരോപണം.
എന്നാൽ ചെലവിനെക്കാള്‍ കുറവായിരുന്നു വരുമാനമെന്നും ടിക്കറ്റ് വഴി ലഭിച്ച പണം മാര്‍ച്ച് 31 നകം നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. 2019 നവംബര്‍ 1 നാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ നേത്യത്വത്തില്‍ കടവന്ത്ര സ്റ്റേഡിയത്തില്‍ സംഗീത നിശ നടന്നത്. 2020 ല്‍ സംഘടിപ്പിക്കുന്ന വിപുലമായ സംഗീത നിശയുടെ പ്രാരംഭമെന്ന നിലയിലായിരുന്നു പരിപാടി.
പിന്നീട് പരിപാടിയിലൂടെ ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കാന്‍ സംഘാടകര്‍ തീരുമാനിച്ചു. അതിനാൽ വേദി സൗജന്യമായി ജില്ലാ ഭരണകൂടം നല്‍കി. പരിപാടിയില്‍ പങ്കെടുത്തവരും പണം കൈപ്പറ്റാതെയാണ് സംഗീത നിശിയില്‍ അണിനിരന്നത്. എന്നാല്‍ ചെലവിനെക്കാള്‍ കുറവായിരുന്നു വരുമാനമെന്നാണ് സംഘാടകര്‍ പറയുന്നത്. 22 ലക്ഷം രൂപ ചെലവ് വന്ന പരിപാടിക്ക് 6,34,000 രൂപമാത്രമാണ് ടിക്കറ്റ് വരുമാനമായി ലഭിച്ചത്. മറ്റ് സ്‌പോണ്‍സര്‍മാരും പരിപാടിക്ക് ഉണ്ടായിരുന്നില്ലെന്ന് സംഘാടകർ അറിയിച്ചു.
ടിക്കറ്റിലൂടെ ലഭിച്ച പണം മാര്‍ച്ച് 31 നകം ജില്ലാകളക്ടര്‍ക്ക് കൈമാറുമെന്നും സംഘാടകര്‍ അറിയിച്ചു. ബിജിബാൽ സെക്രട്ടറിയും ഷഹബാസ് അമന്‍ പ്രസിഡന്റുമായ കൊച്ചിമ്യൂസിക് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയുടെ പ്രോഗ്രാം ഡയറക്ടര്‍ ആഷിക് അബുവായിരുന്നു. സിനിമാ പ്രവർത്തകരായ ശ്യാം പുഷ്കരൻ, മധു സി നാരായണൻ എന്നിവരായിരുന്നു ചീഫ് കോർഡിനേറ്റേഴ്സ്.
വിവരാവകാശ രേഖ പ്രകാരമാണ് ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയില്ല എന്ന വിവരം പുറത്ത് വരുന്നത് .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.