• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സുധേഷ്‌കുമാറിന്റെ അടിമപ്പണിയും വാഹന ദുരുപയോഗവും സ്ഥിരീകരിച്ച് രഹസ്യാന്വേഷണ വിഭാഗം; മകളുടെ അറസ്റ്റ് ഒഴിവാക്കാനും അണിയറനീക്കം


Updated: June 16, 2018, 2:53 PM IST
സുധേഷ്‌കുമാറിന്റെ അടിമപ്പണിയും വാഹന ദുരുപയോഗവും സ്ഥിരീകരിച്ച് രഹസ്യാന്വേഷണ വിഭാഗം; മകളുടെ അറസ്റ്റ് ഒഴിവാക്കാനും അണിയറനീക്കം

Updated: June 16, 2018, 2:53 PM IST
തിരുവനന്തപുരം: സായുധ സേന ബറ്റാലിയന്‍ മേധാവി സ്ഥാനത്തു നിന്ന് പുറത്തായ എ.ഡി.ജി.പി സുധേഷ് കുമാറിന്റെ വീട്ടില്‍ പൊലീസുകാരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നത് പതിവാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

പൊലീസുകാരെ അടുക്കളപ്പണിക്കും അടിവസ്ത്രങ്ങള്‍ അലക്കാനും ഭാര്യയും മകളും നിയോഗിച്ചത് സുധേഷ് കുമാറിന്റെ അറിവോടെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മറ്റു അന്വേഷണ റിപ്പോര്‍ട്ടുകള്‍ വരുന്നതിനു മുന്‍പേ സുധേഷ് കുമാറിനെ ഡി.ജി.പി സായുധ സേനയില്‍ നിന്ന് പുറത്താക്കിയത്.

സുധേഷിന്റെ കുടുംബം സര്‍ക്കാര്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. അടുത്തിടെ കേരളം കാണാനെത്തിയ സുധേഷിന്റെ ബന്ധുവിനെ തിരുവനന്തപുരത്തു നിന്ന് കണ്ണൂരില്‍ എത്തിച്ചത് പൊലീസ് വാഹനത്തിലാണെന്നും രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

മാര്‍ക്കറ്റിലും ബ്യൂട്ടിപാര്‍ലറിലും പോകുന്നതുള്‍പ്പെടെയുള്ള സ്വകാര്യ ആവശ്യങ്ങള്‍ക്ക് സുധേഷ് കുമാറിന്റെ ഭാര്യയും മകളും സ്ഥിരമായി സര്‍ക്കാര്‍ വാഹനമാണ് ഉപയോഗിച്ചിരുന്നത്. KL-01 AB-1736 എന്ന നമ്പരിലുള്ള ഔദ്യോഗിക വാഹനത്തിലായിരുന്നു മകളുടെ യാത്ര. വീട്ടില്‍ സ്വന്തമായി രണ്ടു കാറുകള്‍ ഉണ്ടെങ്കിലും ഇവര്‍ സ്ഥിരമായി സര്‍ക്കാര്‍ വാഹനമാണ് ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്ക് മര്‍ദനമേറ്റ ദിവസവും ഇതേ വാഹനത്തിലാണ് സഞ്ചരിച്ചതെന്ന് എഫ്.ഐ.ആറിലുമുണ്ട്. രഹസ്യാനേവേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തില്‍ സുധേഷ് കുമാറില്‍ നിന്ന് നഷ്ടം ഈടാക്കണമെന്ന ആവശ്യവും ആഭ്യന്തരവകുപ്പില്‍ ശക്തമാണ്.

സ്ഥിരമായി അടിമപ്പണിക്ക് പൊലീസുകാരെ നിയോഗിക്കാറുള്ള സുധേഷ് കുമാര്‍ ഇതിനു തയാറാകാത്തവരെ പിരിച്ചു വിടും . ഇത്തരത്തില്‍ തയാറാകാതിരുന്ന 12 ക്യാംപ് ഫോളോവര്‍മാരെ പിരിച്ചുവിട്ടതായും രഹസ്യാന്വേഷണവിഭാഗം കണ്ടെത്തി.

അതേസമയം റിപ്പോര്‍ട്ടിനു കാത്തു നില്‍ക്കാതെ എഡിജിപിയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച ഡിജിപയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സുധേഷ് കുമാറിനെ ഡിജിപി പുറത്താക്കിയത്. ഇതിനിടെ മകളെ കേസില്‍ നിന്ന് രക്ഷിക്കാനും അറസ്റ്റ് ഒഴിവാക്കാനുമുള്ള ശ്രമങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആരംഭിച്ചതായും പൊലീസുകാര്‍ ആരോപിക്കുന്നു.
First published: June 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍