HOME » NEWS » Crime » RESHMA CASE POLICE FINDS ANOTHER ANANTHU WHO CHATTED WITH RESHMA

രേഷ്മ ചാറ്റ് ചെയ്ത മറ്റൊരു അനന്തു കൂടിയുണ്ട്; ഇപ്പോൾ ക്വട്ടേഷൻ കേസിൽ ജയിലിൽ

പരവൂർ നെടുങ്ങോലം സ്വദേശിയായ അനന്തുപ്രസാദ് ബിലാൽ എന്ന പേരിലാണ് രേഷ്മയുമായി ചാറ്റ്ചെയ്തിരുന്നത്.

News18 Malayalam | news18-malayalam
Updated: July 11, 2021, 12:33 PM IST
രേഷ്മ ചാറ്റ് ചെയ്ത മറ്റൊരു അനന്തു കൂടിയുണ്ട്; ഇപ്പോൾ ക്വട്ടേഷൻ കേസിൽ ജയിലിൽ
പൊലീസ് അറസ്റ്റിലായ രേഷ്മ
  • Share this:
കൊല്ലം: കരിയില കൂനയിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസിൽ ദുരൂഹതകൾ അവസാനിക്കുന്നില്ല. രേഷ്മയുടെ ഫേസ്ബുക്ക് കാമുകനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഉറ്റബന്ധുക്കളായ രണ്ടു യുവതികൾ ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അനന്തു എന്ന പേരിൽ രേഷ്മയുമായി ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത ആര്യയും ഗ്രീഷ്മയുമാണെന്ന് വ്യക്തമായിരുന്നു. ഇതോടെ കേസിലെ ദുരൂഹതകൾ അവസാനിച്ചുവെന്നാണ് കരുതിയത്.

എന്നാൽ ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം അനുസരിച്ച് രേഷ്മയ്ക്ക് മറ്റൊരു അനന്തുവുമായി സോഷ്യൽ മീഡിയ വഴി ബന്ധമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നെടുങ്ങോലം സ്വദേശി അനന്തുപ്രസാദുമായാണ് രേഷ്മയ്ക്ക് സൗഹൃദമുണ്ടായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തുന്നത്. പരവൂർ നെടുങ്ങോലം സ്വദേശിയായ അനന്തുപ്രസാദ് ബിലാൽ എന്ന പേരിലാണ് രേഷ്മയുമായി ചാറ്റ്ചെയ്തിരുന്നത്. ക്വട്ടേഷൻ സംഘാംഗമായ ഇയാൾ ഇപ്പോൾ ഒരു കേസിൽപ്പെട്ട് ജില്ലാ ജയിലിൽ റിമാൻഡിലാണ്.

അതേസമയം അനന്തു പ്രസാദ് എന്ന പേര് തനിക്ക് അറിയില്ലെന്നാണ് രേഷ്മ പറയുന്നത്. കഴിഞ്ഞ ദിവസം അട്ടക്കുളങ്ങര ജയിലിലുള്ള രേഷ്മയെ കേസ് അന്വേഷിക്കുന്ന പാരിപ്പള്ളി സ്റ്റേഷൻ ഹൌസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തിരുന്നു. ഈ സമയം അനന്തു പ്രസാദിന്‍റെ ഫോട്ടോ മൊബൈലിൽ കാണിച്ചപ്പോൾ ഇത് ബിലാൽ ആണെന്നും, തന്‍റെ സുഹൃത്താണെന്നുമായിരുന്നു രേഷ്മയുടെ പ്രതികരണം. ഇയാളുമായി നാലുമാസത്തിലേറെയായി ഫേസ്ബുക്ക് മെസഞ്ചർ വഴി ചാറ്റ് ചെയ്തിട്ടുണ്ടെന്ന് രേഷ്മ അന്വേഷണസംഘത്തോട് സമ്മതിച്ചു. ഭർത്താവ് വിഷ്ണു വിദേശത്തു പോയ ശേഷമാണ് ബിലാലുമായി സൗഹൃദം തുടങ്ങിയത്. ഇതേസമയം തന്നെ ഭർതൃസഹോദരന്‍റെ ഭാര്യ ആര്യ, ഭർതൃസഹോദരിയുടെ മകൾ ഗ്രീഷ്മ എന്നിവർ സൃഷ്ടിച്ച അനന്തു എന്ന വ്യാജ ഫേസ്ബുക്ക് ഐഡിയുമായും രേഷ്മ ചാറ്റ് ചെയ്യാറുണ്ടായിരുന്നു.

Also Read- 'അനന്തു എന്ന കാമുകൻ ഇല്ല' യഥാർത്ഥ്യം ഉൾകൊള്ളാനാകാതെ രേഷ്മ; കാമുകനെ കാണാൻ വർക്കലയിൽ പോയിരുന്നു

അനന്തുവിനൊപ്പം ജീവിക്കാനായാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന രേഷ്മയുടെ മൊഴിയെ ചുറ്റിപ്പറ്റിയാണ് കേസിൽ അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ രേഷ്മ നൽകുന്ന മൊഴികൾ പലപ്പോഴും അന്വേഷണ സംഘത്തെ ആശയകുഴപ്പത്തിലാക്കുന്നുണ്ട്. ഒന്നര വർഷം മുമ്പ് ഫേസ്ബുക്കിൽ ചാറ്റ് ചെയ്തിരുന്ന അനന്തു എന്ന സുഹൃത്തിനെ കാണാനായി രേഷ്മ വർക്കല ബീച്ചിലേക്ക് പോയിരുന്നു. ഇത് ഏത് അനന്തുവാണെന്ന് ഉറപ്പിക്കാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. രേഷ്മയുടെ ഫേസ്ബുക്ക് അക്കൗണ്ടുകളുടെ ഐ പി പ്രോട്ടോകോൾ വിശദാംശങ്ങൾ ഫേസ്ബുക്കിൽ നിന്ന് ലഭിക്കുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം. ശാസ്ത്രീയ തെളിവുകൾ ലഭ്യമാക്കാനായൽ കേസിന് ബലമാകുമെന്ന് അന്വേഷണ സംഘം കരുതുന്നു. കൂടാതെ കുഞ്ഞിനെ ഉപേക്ഷിച്ച് പരപ്രേരണയാലാണെന്ന് സ്ഥാപിക്കാനും ശാസ്ത്രീയ തെളിവുകൾ ആവശ്യമാണ്.

കോവിഡ് പോസിറ്റീവായതോടെ രേഷ്മയെ കാര്യമായി ചോദ്യം ചെയ്യാൻ പൊലീസിന് സാധിച്ചിരുന്നില്ല. ഇപ്പോൾ അട്ടക്കുളങ്ങര സബ് ജയിലിലുള്ള രേഷ്മയെ ക്വറന്‍റീൻ കാലാവധി പൂർത്തിയാക്കിയതോടെ വിചാരണ തടവുകാരുടെ സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്. രേഷ്മയെ വൈകാതെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നാണ് സൂചന. കൂടാതെ, അനന്തുവിനെ കാണാനായി രേഷ്മ പോയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും റിപ്പോർട്ടുണ്ട്.
Published by: Anuraj GR
First published: July 11, 2021, 12:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories