• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | നാല് വര്‍ഷം മുന്‍പ് വഴക്ക് ഉണ്ടാക്കിയ ബാറില്‍ വീണ്ടും സൗഹൃദം പുതുക്കി പ്രതികാരം; 2 പേർ അറസ്റ്റിൽ

Arrest | നാല് വര്‍ഷം മുന്‍പ് വഴക്ക് ഉണ്ടാക്കിയ ബാറില്‍ വീണ്ടും സൗഹൃദം പുതുക്കി പ്രതികാരം; 2 പേർ അറസ്റ്റിൽ

ശാസ്താംകോട്ടയിലെ ബാറിൽവെച്ച് നാലുവർഷത്തിനുമുമ്പ് ബൈജുവും നിഷാദും തമ്മിലുണ്ടായ വഴക്കിനു പകരമായിട്ടായിരുന്നു ആക്രമണം

 • Share this:
  ശാസ്താംകോട്ട: നാലുവർഷംമുമ്പ് ബാറിൽവെച്ചുണ്ടായ സംഘര്‍ഷത്തിന് പകരമായി 38-കാരന്റെ തലയടിച്ചുപൊട്ടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കുന്നത്തൂർ മാനാമ്പുഴ സ്വദേശി ബൈജു ജോയിയെ (38) സംഘംചേർന്ന് ക്രൂരമായി മർദിച്ച കേസിലാണ് നടപടി.

  ശാസ്താംകോട്ട മനക്കര അർഷാദ് മൻസിലിൽ നിഷാദ് (35), ശാസ്താംകോട്ട രാജഗിരി പേഴുവിളയിൽ അനീഷ് (39) എന്നിവരെയാണ് ശാസ്താംകോട്ട പോലീസ് അറസ്റ്റ്‌ ചെയ്തത്. ശാസ്താംകോട്ടയിലെ ബാറിൽവെച്ച് നാലുവർഷത്തിനുമുമ്പ് ബൈജുവും നിഷാദും തമ്മിലുണ്ടായ വഴക്കിനു പകരമായിട്ടായിരുന്നു ആക്രമണം. വഴക്കുനടന്ന അതേ ബാറിൽവെച്ച് കഴിഞ്ഞ 12-ന് കണ്ടുമുട്ടിയ മൂവരും സൗഹൃദത്തിലായി. ബൈജു ജോയി ബസിൽ വീട്ടിലേക്ക് പോയി.

  പിന്നാലെ അക്രമികൾ ബൈക്കിൽ ഇയാളുടെ മാനാമ്പുഴയിലെ വീട്ടിലെത്തി. ബൈജു ഒറ്റയ്ക്കാണ് താമസം. അവിടെയിരുന്ന് മൂവരും മദ്യപിച്ചു. പഴയകാര്യങ്ങൾ പറഞ്ഞ് തർക്കമായി. ഒന്നാംപ്രതി നിഷാദ് വീട്ടിലുണ്ടായിരുന്ന കമ്പിവടികൊണ്ട് അനീഷിന്റെ സഹായത്തോടെ തലയ്ക്കടിച്ചുവീഴ്ത്തി മർദിക്കുകയായിരുന്നെന്നാണ് കേസ്.

  ബൈജുവിന്റെ തലയിൽ എട്ടു തുന്നലുകളുണ്ട്. ഒളിവിൽപ്പോയ പ്രതികളെ എസ്.ഐ.മാരായ കെ.പി.അനൂപ്, കെ.രാജൻബാബു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. എ.എസ്.ഐ. ബിജു, സി.പി.ഒ. സുരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

   പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം; മകളുടെ വിവാഹത്തിനായി സൂക്ഷിച്ച 35 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു


  മലപ്പുറം: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 35 പവന്‍ സ്വര്‍ണ്ണവും 50, 000 രൂപയും മോഷ്ടിച്ചു(Theft). വ്യാഴാഴ്ച രാത്രി വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മകളുടെ വിവാഹത്തിനായി അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് നഷ്ടപ്പെട്ടത്.

  വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത മോഷ്ടാവ് താഴത്തെ നിലയിലെ മുഴുവന്‍ വാതിലുകളും തകര്‍ത്താണ് മോഷണം നടത്തിയത്. വിഷുവിന് കണികാണാനായി ഉരുളിയില്‍ സൂക്ഷിച്ച സ്വര്‍ണ മോതിരവും കവര്‍ന്നിട്ടുണ്ട്. കിടപ്പ് മുറികളിലെ അലമാറകളിലെ വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്.

  തുടര്‍ന്ന് കല്‍പകഞ്ചേരി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കെ ദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഡോഡ് സ്‌ക്വാഡിലെ ചാര്‍ലി എന്ന നായ മണം പിടിച്ച് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലൂടെ നടന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടിന് സമീപത്ത് നിന്നു. ഇതിലൂടെയാണ് മോഷ്ടാവ് കവര്‍ച്ചക്കെത്തിയതെന്നാണ് സൂചന.

  Arrest | അംഗത്വവിതരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ചെന്ന് പരാതി; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

  ആലപ്പുഴ: കോണ്‍ഗ്രസ് അംഗത്വ വിതരണത്തിന്റെ പേരില്‍ വീട്ടിലെത്തി യുവതിയെ കയറിപ്പിടിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍(Arrest). കോണ്‍ഗ്രസ് ചിങ്ങോലി മണ്ഡലം സെക്രട്ടറി ബിജു പുരുഷോത്തമനാണ് അറസ്റ്റിലായത്. കോണ്‍ഗ്രസ്(Congress) പാര്‍ട്ടിയുടെ അംഗത്വ ക്യാമ്പയിന്റെ ഭാഗമായാണ് ഇദ്ദേഹം പരാതിക്കാരിയുടെ വീട്ടിലെത്തിയത്.

  ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. കോണ്‍ഗ്രസ് അംഗത്വ വിതരണ ക്യാമ്പയിന്റെ ഭാഗമായി ഫോട്ടോ എടുക്കണമെന്നാവശ്യപ്പെട്ടു. ഇതിനിടയിലാണ് യുവതിയെ ബിജു കടന്നുപിടിക്കാന്‍ ശ്രമിച്ചത്.

  വീട്ടമ്മയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കരീലക്കുളങ്ങര പോലീസാണ് ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടും.
  Published by:Arun krishna
  First published: