തൃശൂര്‍ മാളയില്‍ മോഷ്ടിച്ച ബാറ്ററികള്‍ കടയില്‍ വിറ്റതിന് ശേഷം ഉടമയുടെ മൊബൈല്‍ മോഷ്ടിച്ച കള്ളന്മാരില് ഒരാള്‍ പിടിയില്‍. പറവൂര്‍ സ്വദേശി കുന്നില്‍മണപാടം വീട്ടില്‍ അതുല്‍ (23) നെയാണ് മാള എസ്.ഐ വി.വി. വിമലിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
നഗരത്തില്‍ ബാറ്ററി കട നടത്തുന്ന കോന്നൂര്‍ നങ്ങിണി വീട്ടില്‍ ജയിംസ് എന്നയാളുടെ മൊബൈല്‍ ഫോണാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ രണ്ട് പഴയ ബാറ്ററികളുമായി കടയിലെത്തിയ പ്രതികള്‍ 3,000 രൂപയ്ക്ക് ബാറ്ററി ജയിംസിന് വില്‍ക്കുകയായിരുന്നു.കടയില്‍ നിന്ന് തിരികെ പോകുന്ന സമയത്ത് മേശയ്ക്ക് മുകളില്‍ വച്ചിരുന്ന ഉടമയുടെ നാല്‍പ്പതിനായിരം രൂപ വില വരുന്ന ഫോണ്‍ പ്രതികള്‍ മോഷ്ടിക്കുകയായിരുന്നു.
പിന്നീട് പോലീസിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഒന്നാം പ്രതി പിടിയിലായതറിഞ്ഞതോടെ രണ്ടാം പ്രതി ഒളിവില്‍ പോയി. വില്‍പ്പന നടത്തിയ ബാറ്ററി അങ്കമാലിയിലെ രണ്ടു ബസുകളില്‍ നിന്നും മോഷ്ടിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.