നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മലയാള സീരിയൽ നടിയുടെ വീട്ടിൽ കവർച്ച; 15 പവൻ സ്വർണം മോഷ്ടിച്ചു

  മലയാള സീരിയൽ നടിയുടെ വീട്ടിൽ കവർച്ച; 15 പവൻ സ്വർണം മോഷ്ടിച്ചു

  പട്ടാപ്പകല്‍ പിന്‍വാതില്‍ തല്ലിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ വീട്ടില്‍ കടന്നത്

  sreekala_Sasidharan

  sreekala_Sasidharan

  • Share this:
   കണ്ണൂര്‍: പ്രശസ്ത സീരിയൽ താരം ശ്രീകല ശശിധരന്‍റെ (Sreekala Sasidharan) വീട്ടിൽ മോഷണം നടന്നു. താരത്തിന്‍റെ കണ്ണൂര്‍ (Kannur) ചെറുകുന്നിലെ വീട്ടിലാണ് മോഷണം നടന്നത്. 15 പവന്‍ സ്വര്‍ണം കവർന്നിട്ടുണ്ട്. പട്ടാപ്പകല്‍ പിന്‍വാതില്‍ തല്ലിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ വീട്ടില്‍ കടന്നത്. ഭര്‍ത്താവും സോഫ്റ്റ് വെയര്‍ എഞ്ചിനിയറുമായ വിപിനും മകനുമൊത്ത് ശ്രീകല യുകെയില്‍ ആയിരുന്ന സമയത്താണ് മോഷണം നടന്നത്.

   കോവിഡിനെ തുടർന്ന് ശ്രീകലയും കുടുംബവും നാട്ടിലെത്തിയിരുന്നു. കുറച്ചുനാൾ മുമ്പാണ് ശ്രീകലയും കുടുംബവും നാട്ടിലെത്തിയതെങ്കിലും ചെറുകുന്നിലെ വീട്ടിൽ മോഷണം നടന്ന വിവരം ഇവർ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. 15 പവൻ സ്വർണം നഷ്ടമായതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പൊലീസും വിരൽ അടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

   ശ്രീകലയുടെ വീടുമായി അടുപ്പമുള്ളവർക്ക് കവർച്ചയിൽ പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. വീടുമായി അടുപ്പമുള്ളവരുടെ മൊഴി ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികൾ വൈകാതെ പിടിയിലാകുമെന്നുമാണ് പൊലീസ് പറയുന്നത്.

   എന്റെ മാനസപുത്രി എന്ന സീരിയലിലെ സോഫിയ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ശ്രീകല. ഇരുപതില്‍ അധികം സീരിയലുകളില്‍ അഭിനയിച്ച ശ്രീകല, മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു. സോഫിയ എന്ന കഥാപാത്രത്തിലൂടെ ശ്രീകല മലയാളികളുടെ മാനസപുത്രിയായി വളർന്നു. കണ്ണൂര്‍ ചെറുകുന്ന് ജയകലയില്‍ ശശിധരന്‍റെയും ഗീതയുടെയും മകളാണ് ശ്രീകല. സാംവേദാണ്‌ ഏകമകൻ.

   ചെറുപ്പത്തിലേ നൃത്തത്തിലൂടെയാണ് ശ്രീകല കലാരംഗത്ത് ചുവടുറപ്പിക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, കുച്ചിപ്പുഡി, ഓട്ടന്‍തുള്ളല്‍, നാടോടിനൃത്തം, ഒപ്പന എന്നീ ഇനങ്ങളില്‍ നിരവധി സമ്മാനങ്ങൾ നേടിയിരുന്നു. പഠനകാലത്തു ഒന്നിലേറെ തവണ കലാതിലകപ്പട്ടവും ശ്രീകല സ്വന്തമാക്കിയിരുന്നു.

   കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ അഭിനയരംഗത്ത് എത്തിയ ശ്രീകല, പിന്നീട് നിരവധി പരമ്പരകളിൽ സഹവേഷങ്ങൾ ചെയ്യുകയുണ്ടായി. സ്നേഹതീരം, അമ്മമനസ്സ്, ഉള്ളടക്കം, ദേവീ മാഹാത്മ്യം തുടങ്ങി ശ്രീകല അഭിനയിച്ച പരമ്പരകളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. ഏഷ്യാനെറ്റിലെ അമ്മ എന്ന മറ്റൊരു സൂപ്പർഹിറ്റ് പരമ്പരയിലും ശ്രീകല വേഷമിട്ടിരുന്നു.

   യാത്രക്കാരിക്ക് നെഞ്ചുവേദന; ബസ് ആശുപത്രിയിലേക്ക് പാഞ്ഞു; ജീവൻ രക്ഷിക്കാനായതിന്‍റെ സന്തോഷത്തിൽ ബസ് ജീവനക്കാർ

   തൃശൂര്‍: ചാവക്കാട് നിന്ന് തൃശൂരിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്രക്കാരിക്ക് നെഞ്ച് വേദന അനുഭവപ്പെട്ടതോടെ ബസ് ആശുപത്രിയിലേക്ക് പാഞ്ഞു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതോടെ യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാനായി. ഇതോടെ ബസ് ജീവനക്കാരായ റിബിന്‍ ബാലനെയും ഷംസീറിനെയും അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ് നാട്ടുകാരും ബസ് യാത്രക്കാരും. ചാവക്കാട്ടു നിന്ന് തൃശൂരിലക്ക് സര്‍വീസ് നടത്തുന്ന ജോണീസ് (വില്ലന്‍) ബസിലെ ഡ്രൈവര്‍ ചാവക്കാട് സ്വദേശി റിബിന്‍ ബാലന്‍ (31), കണ്ടക്ടര്‍ എടക്കഴിയൂര്‍ സ്വദേശി ഷംസീര്‍ (30) എന്നിവരാണ് നെഞ്ച് വേദന അനുഭവപ്പെട്ട യാത്രക്കാരിയ്ക്ക് തുണയായി മാറിയത്.

   Also Read- മോഡലുകളുടെ കാർ പിന്തുടർന്നത് എന്തിന്? ദുരൂഹത മാറ്റണമെന്ന് അൻസിയുടെ കുടുംബം

   ബുധനാഴ്ച രാവിലെ 7.10ന് ചാവക്കാട് നിന്ന് തൃശൂരിലേക്കുള്ള ജോണീസ് എന്ന ബസിലാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. ആദ്യ ട്രിപ്പിനിടെ ബസ് പറപ്പൂരെത്തിയപ്പോഴാണ് യാത്രക്കാരിയായ ചാവക്കാട് സ്വദേശിനിയായ സ്ത്രീയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഒപ്പമുണ്ടായിരുന്നവർ ഉടൻ കണ്ടക്ടര്‍ ഷംസീറിനോട് വിവരം പറഞ്ഞു. നെഞ്ച് വേദന അനുഭവപ്പെട്ട സ്ത്രീയുടെ സ്ഥിതി മോശമാണെന്ന് മനസിലാക്കിയ ഷംസീര്‍ ഉടനെ അമല ആശുപത്രിയിലേക്ക് ബസ് വിടാന്‍ ഡ്രൈവര്‍ റിബിന്‍ ബാലനോട് പറഞ്ഞു. രാവിലത്തെ ട്രിപ്പായിരുന്നതിനാല്‍ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവർ മറ്റൊന്നും നോക്കിയില്ല, അമല ആശുപത്രിയിലേക്ക് പാഞ്ഞു. ആംബുലൻസ് പോലെ ലൈറ്റുമിട്ട് ഹോണു മുഴക്കി അതിവേഗം ബസ് ആശുപത്രിയിലെത്തി. അപ്പോഴേക്കും നെഞ്ചുവേദന അനുഭവപ്പെട്ട സ്ത്രീ, അബോധാവസ്ഥയിലായിരുന്നു.

   ഉടൻ തന്നെ രോഗിയെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഹൃദയസംബന്ധമായ അസുഖത്തിന്‍റെ തുടക്കമാണെന്ന് ബോധ്യപ്പെടുകയും, ചികിത്സ നൽകുകയും ചെയ്തു. ഇതിനിടെ റിബിനും ഷംസീറും ചേർന്ന് രോഗിയുടെ ബന്ധുക്കളെ വിവരം അറിയിക്കുകും അവരെ ആശുപത്രിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. അതിനുശേഷമാണ് ബസിലെ യാത്രക്കാരുമായി തൃശൂരിലേക്ക് തിരിച്ചത്. തൃശൂർ ശക്തൻ സ്റ്റാൻഡിൽ എത്തിയശേഷം, ആശുപത്രിയിൽ വിളിച്ച് വിവരം അന്വേഷിച്ചു. രോഗി അപകടനില തരണം ചെയ്തെന്ന് മനസിലായതോടെയാണ് റിബിനും ഷംസീറിനും സമാധാനമായത്. നെഞ്ചുവേദന അനുഭവപ്പെട്ടതോടെ സമയം കളയാതെ ആശുപത്രിയിലെത്തിച്ചതിനാലാണ് യാത്രാക്കാരിയുടെ ജീവന്‍ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ പറഞ്ഞു.

   ഏതായാലും ഈ ബസിലെ സ്ഥിരം യാത്രക്കാരെല്ലാം റിബിനെയും ഷംസീറിനെയും പ്രശംസിച്ച് രംഗത്തെത്തി. ബസ് ജീവനക്കാർ കാണിച്ച അർപ്പണബോധം കൊണ്ട് മാത്രമാണ് യാത്രക്കാരുടെ ജീവൻ രക്ഷിക്കാനായതെന്ന് അവർ പറയുന്നു. ഷംസീര്‍ 12 വര്‍ഷമായും റിബിന്‍ ആറു വര്‍ഷമായും ബസ് ജീവനക്കാരായി ജോലി ചെയ്യുകയാണ്. ഇത്രയും വര്‍ഷത്തെ ജോലിയ്ക്കിടയില്‍ ഇത്തരമൊരു അനുഭവം ആദ്യത്തേതാണ്. അതിനാല്‍ ട്രിപ്പ് മുടക്കുന്നതും സാമ്ബത്തിക നഷ്ടവുമൊന്നും നോക്കാന്‍ നിന്നില്ല. ഒരാളുടെ ജീവന്‍ രക്ഷിക്കണമെന്ന ചിന്ത മാത്രമായിരുന്നു മനസിലുണ്ടായിരുന്നതെന്ന് ഷംസീറും റിബിനും പറയുന്നു. ഏതായാലും ഇരുവരും സമൂഹമാധ്യമങ്ങളിലും താരമായി മാറിയിട്ടുണ്ട്. ബസിനെ 'ആംബുലൻസാക്കി' മാറ്റി യാത്രക്കാരിയുടെ ജീവൻ രക്ഷിച്ച ഇവരെ അഭിനന്ദിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുള്ളത്.
   Published by:Anuraj GR
   First published:
   )}