• HOME
  • »
  • NEWS
  • »
  • crime
  • »
  • മലപ്പുറത്ത് സൗഹൃദം നടിച്ച് യുവാവിന്‍റെ സ്വർണാഭരണവും മൊബൈൽ ഫോണും കവർന്ന പ്രതികൾ എംഡിഎംഎയുമായി പിടിയിൽ

മലപ്പുറത്ത് സൗഹൃദം നടിച്ച് യുവാവിന്‍റെ സ്വർണാഭരണവും മൊബൈൽ ഫോണും കവർന്ന പ്രതികൾ എംഡിഎംഎയുമായി പിടിയിൽ

മോഷണം പോയ സ്വർണ്ണമാലയും മൊബൈൽ ഫോണും പ്രതികളിൽ നിന്നും പോലീസ് കണ്ടെടുത്തു

  • Share this:

    സൗഹൃദം നടിച്ച് യുവാവിനെ തട്ടി കൊണ്ടുപോയി സ്വർണ്ണാഭരണവും, മൊബൈൽ ഫോണും കവർച്ച ചെയ്ത കേസ്സിലെ  പ്രതികളെ എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് കാരക്കോട് ആനപ്പാറ സ്വദേശി ഇൻഷാദ് (26), വഴിക്കടവ് പഞ്ചായത്തുംപടി സ്വദേശി അമീർ സുഹൈൽ,(25) എന്നിവരെയാണ് സി ഐ എൻ ബി. ഷൈജുവിൻ്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘം പിടികൂടിയത്.  പുലർച്ചെ 01.00 മണിക്ക് മുപ്പിനിയിൽ വെച്ച് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

    സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ.എടക്കരയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവിനെ പ്രതികൾ ഒരാഴ്ച മുമ്പ് പരിചയപ്പെട്ട്  സൗഹൃദം സ്ഥാപിക്കുകയായിരുന്നു.  പിന്നീട്  രണ്ടു ദിവസം മുമ്പ് എടക്കരയിൽ നിന്നും ഗൂഡലൂരിലുള്ള വീട്ടിലേക്ക് പോകാൻ ബസ് കാത്തു നിൽക്കുകയായിരുന്ന പരാതിക്കാരനെ പ്രതികൾ വീട്ടിലെത്തിക്കാമെന്നു പറഞ്ഞ്  കാറിൽ കയറ്റി കൊണ്ടുപോയി.

    Also Read-വിവാഹസൽക്കാരത്തിനിടെ പ്ലേറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മ്യൂസിക് ബാന്‍ഡ് അംഗങ്ങളുടെ അടിയേറ്റ് കാറ്ററിങ് ജീവനക്കാരൻ മരിച്ചു

    നാടുകാണിയിൽ പോലീസ് ചെക്കിങ്ങുണ്ടെന്നും താമരശ്ശേരി വഴി പോകാമെന്നും പറഞ്ഞ പ്രതികൾ വഴിയിൽ നിന്നും മദ്യം വാങ്ങി പരാതിക്കാരനെ നിർബന്ധിച്ചു കുടിപ്പിച്ചു.  രാത്രി കോഴിക്കോട്ട് ചേവായൂരിൽ   ലോഡ്ജിൽ മുറിയെടുത്ത പ്രതികൾ അവിടെ വെച്ചും പരാതിക്കാരന് നിർബന്ധിച്ചു മദ്യം നൽകി. മദ്യലഹരിയിൽ മയങ്ങിയ പരാതിക്കാരൻ്റെ രണ്ടര ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാലയും , മൊബൈൽ ഫോണും പ്രതികൾ കവർന്നെടുക്കുകയായിരുന്നു.

    രാവിലെ എഴുന്നേറ്റപ്പോൾ മാലയും ഫോണും നഷ്ടപ്പെട്ടതറിഞ്ഞ പരാതിക്കാരൻ പോലീസ് സ്റ്റേഷനിൽ പോകാൻ തയ്യാറായെങ്കിലും പോലീസ് അറിഞ്ഞാൽ പുലിവാലാകുമെന്നും മാല തിരിച്ചു കിട്ടില്ലെന്നും സ്വന്തം നിലയിൽ അന്വേഷിക്കാമെന്നും പറഞ്ഞ് പ്രതികൾ പരാതിക്കാരനെ കാറിൽ കയറ്റി നഗരത്തിലൂടെ കറങ്ങി നടന്നു.  ഇവർ യുവാവിനെ തന്ത്രപൂർവ്വം വൈകുന്നേരം അരീക്കോട് ബസ് സ്റ്റാൻഡിൽ ഇറക്കിവിടുകയായിരുന്നു. പിന്നീട് എടക്കരയിലെത്തിയ പരാതിക്കാരൻ പോലീസിൽ വിവരം നൽകി.

    Also Read – ആർത്തവമെന്ന് തെറ്റിദ്ധരിപ്പിച്ച് സാനിറ്ററി നാപ്കിനുള്ളിൽ സ്വർണക്കട്ടികള്‍; യുവതിയിൽ നിന്ന് കിട്ടിയത് 30 ലക്ഷത്തിന്റെ സ്വർണ൦

    തുടർന്നു ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം നിലമ്പൂർ ഡിവൈഎസ്പി സാജു.കെ. അബ്രഹാമിൻ്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം പ്രതികളെ അന്വേഷിച്ചു കൊണ്ടിരിക്കുമ്പോൾ  ആണ് പ്രതികൾ കാറിൽ എടക്കര ഭാഗത്തേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചത്. എടക്കര  മുപ്പിനിയിൽ വെച്ച് പ്രതികളുടെ കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് പ്രതികളിൽ നിന്നും വിൽപ്പനക്കായി പത്തു ചെറിയ പാക്കറ്റുകളിലായി സൂക്ഷിച്ച 2 ഗ്രാം MDMA പിടിച്ചെടുത്തത് .

    മോഷണം പോയ സ്വർണ്ണമാലയും ,മൊബൈൽ ഫോണും പ്രതികളിൽ നിന്നും പോലീസ് കണ്ടെടുത്തു. ആഡംബര ജീവിതത്തിനും, മയക്കുമരുന്നിനും പണം കണ്ടെത്താൻ വേണ്ടിയാണ് കവർച്ച നടത്തിയതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.യുവാവിനെ  തട്ടികൊണ്ടു പോയി തടവിൽ പാർപ്പിച്ചതിനും, കവർച്ച ചെയ്തതിനും മറ്റൊരു കേസ്സും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

    Published by:Arun krishna
    First published: