ആഡംബരക്കാർ വിൽക്കാനെന്ന വ്യാജേന ദുബായ് സ്വദേശിയുടെ പക്കൽ നിന്നും 100,000 ദിർഹം (ഏകദേശം 22 ലക്ഷം രൂപ) തട്ടിയെടുത്ത 42കാരന് ശിക്ഷ വിധിച്ച് ദുബായ് ക്രിമിനൽ കോടതി. ഗൾഫ് പൗരനെ കബളിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്ത കുറ്റത്തിന് ഇയാൾക്ക് മൂന്നു മാസത്തെ തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
ആഡംബര കാറുകൾ മിതമായ നിരക്കിൽ വിൽപനക്കുണ്ടെന്ന് സോഷ്യൽ മീഡിയയിൽ വ്യാജ പരസ്യം നൽകിയാണ് പ്രതി ഇരയെ വശത്താക്കിയത്. ഇയാൾ ഇടനിലക്കാരനാണെന്ന് ഇരയെ വിശ്വസിപ്പിക്കുകയും ചെയ്തു. വെബ്‌സൈറ്റിൽ കണ്ട ആഡംബര കാർ വാങ്ങാൻ 100,000 ദിർഹവുമായാണ് ഇരയായ ഗൾഫ് സ്വദേശി എത്തിയത്. ഒരു കവറിൽ സൂക്ഷിച്ചിരുന്ന തുക പ്രതിക്ക് കൈമാറുകയും ചെയ്തു. പ്രതി പിന്നീട് തുക പരിശോധിച്ച് കവർ തിരികെ നൽകുകയും ‘അബു അലി’ എന്ന മാനേജരെ ബന്ധപ്പെടാൻ ഇരയോട് ആവശ്യപ്പെടുകയും ചെയ്തു. അബു അലി എതിർ വശത്തുള്ള സ്ട്രീറ്റിലാണ് താമസിക്കുന്നത് എന്നും പറഞ്ഞു.
Also read: അയൽവാസിയുടെ കാൽ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ അമ്മയെയും മകളെയും കണ്ടെത്താനാകാതെ പൊലീസ്
എന്നാൽ അന്വേഷിച്ചു ചെന്നപ്പോഴാണ് അബു എന്ന ഒരാൾ ഇല്ലെന്നും താൻ പറ്റിക്കപ്പെടുകയായിരുന്നു എന്നും ഇര മനസിലാക്കിയത്. പണം സൂക്ഷിച്ച കവർ പരിശോധിച്ചപ്പോൾ പണത്തിന് പകരം വെള്ള കടലാസു കഷ്ണങ്ങളാണ് കണ്ടത്. ഇതിനിടെ, പ്രതി രക്ഷപെടുകയും ചെയ്തിരുന്നു.
ആഡംബര കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരെ ഇത്തരത്തിൽ കബളിപ്പിക്കാൻ പ്രതികൾ ഒരു സംഘം തന്നെ രൂപീകരിച്ചിരിക്കുന്നതായി പോലീസ് പറഞ്ഞു. ഇരയെ കബളിപ്പിച്ചതും പണത്തിനു പകരം വെള്ളക്കടലാസ് വെച്ചതും താനാണെന്നും പ്രതി സമ്മതിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്‌സൈറ്റിൽ വായിക്കൂ.