പാലക്കാട്: ബാറുകൾക്ക് കമ്മീഷൻ (Commission for Bars) നൽകുന്നതിനായി ഹൈദരാബാദിൽ (Hyderabad) നിന്നും പണവുമായെത്തിയ മദ്യക്കമ്പനി (Liquor Company Agents) ഏജൻ്റുമാർ പിടിയിൽ. രേഖകളില്ലാതെ 35 ലക്ഷം രൂപയുമായി വന്ന ഏജൻ്റുമാരെയാണ് പാലക്കാട് ആർ പി എഫ് (Palakkad RPF) പിടികൂടിയത്.
ഹൈദരാബാദിൽ നിന്നും ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ ശബരി എക്സ്പ്രസിൽ ആർപിഎഫ് നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ ബാഗിലൊളിപ്പിച്ച് കടത്തിയ പണം കണ്ടെത്തിയത്. സംഭവത്തിൽ ഹൈദരാബാദ് സോലാപൂർ സ്വദേശികളായ രാജു ഗൗഡ്, സായികൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തു. ശബരി എക്സ്പ്രസിൽ സെക്കൻ്റ് എ സി കമ്പാർട്ട്മെൻ്റിലായിരുന്നു ഇവർ പണം കടത്തിയിരുന്നത്.
പിടിച്ചെടുത്ത 35 ലക്ഷം രൂപയും പ്രതികളെയും തുടരന്വേഷണത്തിനായി പാലക്കാട് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കൈമാറി. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിയ്ക്കുന്ന മരീഡിയൻ മാർക്കറ്റിംഗ് എന്ന കമ്പനിയിലെ ജീവനക്കാരാണ് പിടിയിലായവർ. ഇവർ കേരളത്തിൽ വിപണനം നടത്തുന്ന മദ്യം കൂടുതലായി വിൽക്കുന്ന ബാറുകൾക്ക് കമ്മീഷൻ നൽകി വരാറുണ്ട്. സംസ്ഥാനത്തെ എല്ലാ ബാറുകൾക്കും ഇത്തരത്തിൽ പണം നൽകാറുണ്ടെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്. മറ്റു മദ്യ കമ്പനികളും സമാന രീതിയിൽ കമ്മീഷൻ നൽകി വരാറുണ്ട്.
ആർപിഎഫ് കമാൻഡന്റ് ജെതിൻ B രാജിന്റെ നിർദ്ദേശപ്രകാരം സി ഐ എൻ കേശവദാസ്, എസ് ഐ ദീപക് എ പി, എഎസ്ഐ സജു കെ, ഹെഡ് കോൺസ്റ്റബിൾ അശോക്, കോൺസ്റ്റബിൾ മാരായ വി. സവിൻ, അബ്ദുൽ സത്താർ, അജീഷ് ഒ കെ എന്നിവരായിരുന്നു പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.