തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വീണ്ടും ഡോക്ടറുടെ വേഷത്തിലെത്തി തട്ടിപ്പ് നടത്തിയെന്ന് ആരോപണം. ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയമായ വയോധികയുടെ പേർ വാർഡ് മുറിയിലെത്തി 3500 രൂപ കവർന്നതായാണ് പരാതി. വെഞ്ഞാറമ്മൂട് ഇളമ്പ സ്വദേശി ഹൃദ്രോഗിയായ ഗോമതിയുടെ കൂട്ടിരിപ്പുകാരിൽനിന്നാണ് പണം കവർന്നു.
ശനിയാഴ്ച രാത്രി എട്ടു മണിക്ക് ശേഷമാണ് ഡോക്ടറുടെ വേഷത്തിലെത്തിയ ആൾ ഗോമതിയുടെ മുറിയിലെത്തിയത്. സ്റ്റെതസ്കോപ്പുമായി എത്തിയ ആൾ ഡോക്ടറാണെന്നാണ് ഗോമതിയുടെ കൂട്ടിരിപ്പുകാരും കരുതിയത്. ഭിന്നശേഷിക്കാരിയായ മകൾ സുനിതയായിരുന്നു ഈ സമയം ഡോക്ടർക്കൊപ്പം ഉണ്ടായിരുന്നത്. ഗോമതിയെ പരിശോധിച്ച ഇയാൾ മറ്റൊന്നും പറയാതെ മുറിയിൽനിന്ന് പോകുകയും ചെയ്തു.
എന്നാൽ ഇന്ന് പുലർച്ചെ എല്ലാവരും ഉറങ്ങിയ സമയത്ത് മുറിയിലെത്തി പണം അടങ്ങിയ രണ്ട് പേഴ്സുകളുമായി കടന്നുകളഞ്ഞെന്നാണ് പരാതി. കുറ്റിയിടാൻ മറന്ന വാതിലൂടെയാണ് മോഷ്ടാവ് അകത്തുകടന്നത്. രാത്രിയിൽ ഡോക്ടറെന്ന വ്യാജേന മുറിയിലെത്തി, നിരീക്ഷണം നടത്തിയത് മോഷണത്തിനായാണെന്നാണ് കൂട്ടിരിപ്പുകാർ പറയുന്നത്. മുറിയിലെ മേശപ്പുറത്താണ് പഴ്സുകൾ ഉണ്ടായിരുന്നത്. ഇത് മനസിലാക്കി മോഷ്ടാവ് പുലർച്ചെ എത്തിയെന്നാണ് സംശയിക്കുന്നത്. മെഡിക്കൽ കോളേജ് സുരക്ഷാ വിഭാഗത്തോട് പരാതി പറഞ്ഞപ്പോൾ പൊലീസനെ സമീപിക്കെന്നായിരുന്നു മറുപടി.
മെഡിക്കൽ കോളേജിലെ സുരക്ഷാ സംവിധാനം ഭേദിച്ച് പുലർച്ചെ മോഷ്ടാവ് എങ്ങനെ അകത്തെത്തിയെന്നതും സംശയത്തിന് ഇടയാക്കുന്നുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. മെഡിക്കൽ കോളേജ് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read-
Doctor | ഡോക്ടര്‍ ചമഞ്ഞ് 10 ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ ചികിത്സിച്ച 22 കാരന് പിടിയില്‍
ഹൃദയവാൾവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഗോമതിയും കൂട്ടിരിപ്പുകാരും അഞ്ചുദിവസം മുമ്പാണ് മെഡിക്കൽ കോളേജിലെത്തിയത്. ശസ്ത്രക്രിയ പൂർത്തിയായ ഗോമതിയെ 44-ാം നമ്പർ മുറിയിലേക്കാണ് മാറ്റിയത്. ഇവിടെയാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്.
ഇതിന് മുമ്പും ഡോക്ടറുടെ വേഷം ധരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മോഷണം നടന്ന സംഭവം വലിയ വാർത്തയായിരുന്നു. ആശുപത്രിയിൽ കയറി മരുന്ന് മോഷ്ടിക്കുന്ന സംഭവവും നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ തുടർച്ചയായി ഉണ്ടായിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് പരാതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.